ഗ്രാമത്തിന്റെ താളത്തില്‍ നൂനി ആടി

നഗരത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നൂനി. ഗ്രാമത്തിന്റെ സൗന്ദര്യവും വിശുദ്ധിയും അറിയാത്ത പെണ്‍കുട്ടി. അതുകൊണ്ട് ഗ്രാമത്തെ അറിയാന്‍ അവള് എന്നും ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ അവള് കര്‍ണാടകയിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക് യാത്ര പോയി. തന്റെ മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന ഗ്രാമമാണത്... തുടര്‍ന്ന് എന്ത് സംഭവിച്ചു എന്ന് അറിയണമെങ്കില്‍ സുധ മൂര്‍ത്തിയുടെ 'ദ മാജിക് ഓഫ് ദ ലോസ്റ്റ് ടെംപിള്‍' വാങ്ങി വായിക്കേണ്ടി വരും. 30 വര്‍ഷമായി കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന സുധ മൂര്‍ത്തിയുടെ 25-ാമത്തെ പുസ്തകമാണ് 'ദ മാജിക് ഓഫ് ദ ലോസ്റ്റ് ടെംപിള്‍'.
ശിശുദിനമായ ഇന്ന് ബാള്ഡ്വിന് ഗേള്‍സ് ഹൈസ്കൂളില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കുട്ടികള്‍ അവതരിപ്പിച്ച കൊച്ചു നാടകങ്ങളും നൃത്തങ്ങളുമെല്ലാം നൂനിയുടെ കഥയെ ആസ്പദമാക്കിയായിരുന്നു. എഴുത്തുകാരി രൂപം നല്കിയ നൂനിക്ക് കുരുന്നുകള്‍ ജീവന് നല്കി.
വെറുതെ സാങ്കല്‍പ്പിക കഥകള്‍ പറഞ്ഞു പോകുന്ന എഴുത്തുകാരിയല്ല സുധ മൂര്‍ത്തി. ചരിത്രവും പാരമ്പര്യവും ഊടും പാവുമാക്കി നെയ്തെടുക്കുന്ന കുട്ടിക്കഥകള്‍ അറിവിന്റെയും കാല്‍പ്പനികതയുടെയും സുന്ദര ലോകമാണ് കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
കുട്ടികള്‍ക്ക് ചരിത്രം എപ്പോഴും വിരസമായ വിഷയമാണ്. സംഭവങ്ങളുടെയും വര്‍ഷങ്ങളുടെയും ഒരു കൂട്ടിയിടിയാണ് ചരിത്രത്തില്‍ നടക്കുന്നത്. ഇതിനിടയില്‍ പെട്ടുപോകുന്ന കുട്ടികള്‍ അവയില്‍ നിന്നെല്ലാം ഓടിയൊളിക്കാനാണ് എപ്പോഴും ശ്രമിക്കുക. ചരിത്രകാരനായ മുത്തച്ഛന്റെ ചരിത്രത്തിലേക്ക് കുട്ടികളെ വശീകരിപ്പിക്കുന്ന രീതിയിലുള്ള കഥപറച്ചില്‍ രീതിയാണ് സുധയും അനുകരിച്ചാണ് സുധ കുട്ടിക്കഥകള്‍ എഴുതുന്നത്. പരമ്പരാഗതമായ ആചാരങ്ങളും ആഘോഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളും തുടങ്ങി മനുഷ്യന്റെ വേരുകളിലേക്ക് തിരിഞ്ഞു നടക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതെല്ലാം സുധ തന്റെ കഥകളില്‍ കൗതുകത്തോടെ വിവരിക്കുന്നു.
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് സുധ മൂര്‍ത്തി. കുട്ടികള്‍ക്കായി എഴുതുന്നതില്‍ തനിക്ക് അതിയായ സന്തോഷമാണുള്ളതെന്ന് കുട്ടികളോട് സംവദിക്കവേ സുധ പറഞ്ഞു. കുട്ടികള്‍ക്കായി എഴുതുമ്പോള്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലളിതമായ, കരുണയും സ്നേഹവും പ്രതീക്ഷയും നല്കുന്ന വാക്കുകളായിരിക്കണം കുട്ടികളുടെ എഴുത്തുകാര്‍ ഉപയോഗിക്കേണ്ടതെന്ന് സുധ പറയുന്നു.
തന്റെ പ്രിയപ്പെട്ട വായനക്കാരുടെ കുഞ്ഞു കുഞ്ഞു ചോദ്യങ്ങള്‍ക്കും എഴുത്തുകാരി മറുപടി നല്കി. എങ്ങനെയാണ് ഒരു നല്ല എഴുത്തുകാരി/എഴുത്തുകാരന് ആകേണ്ടത് എന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം.
''ഒരു എഴുത്തുകാരി/എഴുത്തുകാരന് കരുണാര്‍ദ്ര ഹൃദയമുള്ളയാളായിരിക്കണം. വസ്തുതകളെ വികാരം ചേര്‍ത്ത് അവതരിപ്പിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഒരു എഴുത്തുകാരി/എഴുത്തുകാരന് ആകാം. നല്ല വായനയും നല്ല നിരീക്ഷണവുമുണ്ടെങ്കില്‍ എഴുത്തിന്റെ മുകുളങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ മുളപൊട്ടും. ഞാന്‍ എന്റെ ചെറുപ്പത്തില്‍ ധാരാളം വായിച്ചിരുന്നു. വായന എന്റെ ജീവിതത്തില്‍ എപ്പോഴും സുപ്രധാനമായ ഒരു ഭാഗമായിരുന്നു. കാലക്രമേണ എഴുത്ത് എന്റെയുള്ളില്‍ ജനിച്ചുവെന്ന് ഞാന്‍ അറിഞ്ഞു. എഴുതുവാന്‍ എപ്പോഴും എനിക്ക് സന്തോഷമാണ്.'' സുധ മൂര്‍ത്തി തന്റെ കുട്ടി വായനക്കാരോട് പറഞ്ഞു.
എങ്ങനെയാണ് കഥകള്‍ക്ക് ആശയങ്ങള്‍ കിട്ടുന്നതെന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം. ഞാന്‍ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നാണ് എന്റെ കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നതെന്നായിരുന്നു എഴുത്തുകാരിയുടെ മറുപടി. ''എന്റെ വികാരങ്ങള്‍ എന്റെ വേരുകളുമായി അഗാധമായ ബന്ധത്തിലാണ്.'' സുധ മൂര്‍ത്തി പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ