ടാഗോര്‍ കൃതികള്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും

കൊല്‍ക്കത്ത: രബീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടാഗോറിന്റെ എല്ലാ കൃതികളും ഇനി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ടാഗോറിന്റെ 155-ാമത് ജന്‍മദിനത്തോട് അനുബന്ധിച്ച് പശ്ചിമബംഗാള്‍ ഐടി വകുപ്പിന് കീഴില്‍ സൊസൈറ്റി ഫോര്‍ നാച്ചുറല്‍ ലാങ്ക്വേജ് ടെക്‌നോളജി റിസേര്‍ച്ചാണ് പുതിയ ആപ്ലിക്കേഷന്‍ രൂപീകരിച്ചിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് http://www.nltr.org എന്ന വെബ്‌സൈറ്റിലേക്ക് പോകാം. ഈ വെബ്‌സൈറ്റില്‍ കയറി ടാഗോറിന്റെ എല്ലാ കൃതികളും വായിക്കാം. 2010 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത വെബ്‌സൈറ്റില്‍ ടാഗോറിന്റെ കവിതകള്‍, കഥകള്‍, നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, പാട്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ടാഗോറിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളുമെല്ലാം വെബ്‌സൈറ്റിലൂടെ വായിക്കാന്‍ കഴിയും.
ഐഐടിയിലെയും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധര്‍ മൂന്ന് വര്‍ഷം കൊണ്ടാണ് ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയെടുത്തത്. ഈ ആപ്ലിക്കേഷനിലൂടെ പുതിയ തലമുറയ്ക്ക് കവിഗുരുവിനെ അറിയാനും അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിക്കാനും സാധിക്കുമെന്ന് എസ്എന്‍എല്‍ടിആറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.