• 22 Sep 2023
  • 03: 43 AM
Latest News arrow

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ പുസ്തക നിരോധനം

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡില്‍ ആദ്യമായി ഒരു പുസ്തകം നിരോധിച്ചു. ടെഡ് ദേവിന്റെ അവാര്‍ഡ് നേടിയ യങ് അഡല്‍ട്ട് നോവലായ 'ഇന്റു ദ റിവര്‍' (നദിയിലേക്ക്) എന്ന നോവലാണ് നിരോധിച്ചത്. ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. 

ഫാമിലി ഫസ്റ്റ് എന്ന ഒരു യാഥാസ്ഥിതിക ലോബിയുടെ സമ്മര്‍ദ്ദഫലമായിട്ടാണ് 'ഇന്റു ദ റിവര്‍' വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഫിലിം ആന്‍ഡ് ലിറ്ററേച്ച്വര്‍ ഓഫ് റിവ്യൂ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ലൈബ്രറികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പുസ്തകകടകളില്‍ നിന്നും പുസ്തകം നീക്കം ചെയ്യാന്‍ എഫ്എല്‍ബിആര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആരെങ്കിലും ഉത്തരവ് ലംഘിച്ചാല്‍ അയാളില്‍ നിന്നും 10,000 ഡോളര്‍ പിഴ ഈടാക്കും.

ലൈംഗിക സ്പഷ്ടമായ ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം, പെണ്ണിന്റെ ലൈംഗിക അവയവങ്ങളെ നീചമായ ഭാഷയില്‍ അവതരിപ്പിച്ചത് എന്നിവയാണ് നോവല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാമിലി ഫസ്റ്റ് പറഞ്ഞ കാരണങ്ങള്‍.

2013 ല്‍ ഈ നോവലിന് ന്യൂസിലന്‍ഡ് പോസ്റ്റ് ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൗമാരക്കാരെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് നോവല്‍ എഴുതിയിട്ടുള്ളത്.

''കൗമാര പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ഈ നോവലില്‍ എഴുതിയിട്ടുള്ളത്. നാല്‍പ്പതു വര്‍ഷമായി സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിച്ച അധ്യാപകനാണ ഞാന്‍. ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ മാര്‍ഗമായിരുന്നു നോവല്‍.'' ടെഡ് ദേവ് പറയുന്നു.

ഹൗ ടു ബില്‍ഡ് എ ബസൂക്ക എന്ന നോവലാണ് അവസാനമായി ന്യൂസിലന്‍ഡില്‍ നിരോധിച്ചത്.