• 10 Jun 2023
  • 05: 32 PM
Latest News arrow

കലയുടെ വേരുകള്‍ പടര്‍ന്നു പിടിച്ച ഒരു ഗ്രന്ഥപ്പുര

കലാകാരന്‍മാരുടെ ഇഷ്ടസ്ഥലമാണ് ഓരോ ഗ്രന്ഥപ്പുരയും. പ്രാചീന കൃതികളുടെയും ചരിത്രപരമായ രേഖകളുടെയും ശേഖരത്തില്‍ മുങ്ങിത്തപ്പുന്ന ഓരോ നിമിഷവും അനിര്‍വചനീയമായ ആനന്ദാനുഭൂതിയാണ് ഓരോ കലാകാരനും അനുഭവിക്കുന്നത്. കലയുടെ വേരുകള്‍ നമ്മുക്ക് ഇത്തരം ഗ്രന്ഥപ്പുരകളില്‍ തേടാം. 

ഗ്രന്ഥപ്പുരകളോടുള്ള ഈ അഭിനിവേശമാണ് സമിത് ദാസ് എന്ന കലാകാരനെ സ്വന്തമായി ഒരു ഗ്രന്ഥപ്പുര നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചത്. 2003 മുതല്‍ ഇതിനായുള്ള പ്രയത്‌നം ആരംഭിച്ചു. ഇന്ന് അപൂര്‍വ്വങ്ങളായ പ്രമാണങ്ങളും ജേര്‍ണലുകളും അടങ്ങിയ വലിയൊരു ലോകം സമിതിന്റെ ഗ്രന്ഥപ്പുരയിലുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബംഗ്ലാദേശില്‍ നടന്ന കലാപ്രസ്ഥാനത്തിന്റെ വളര്‍ച്ച പ്രതിപാദിക്കുന്ന വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സമിതിന്റെ ഗ്രന്ഥപ്പുരയില്‍ കാണാം.

വിശ്വഭാരതി സര്‍വ്വകലാശാല ഓരോ മൂന്ന് മാസം കൂടുമ്പോള്‍ പുറത്തിറക്കിയിരുന്ന സര്‍വ്വകലാശാല വാര്‍ത്തകള്‍ അടങ്ങിയ ബുക്ക്‌ലെറ്റിന്റെ 1925 മുതലുള്ള പതിപ്പുകള്‍, പ്രസിദ്ധ എഡിറ്ററായ രാമാനന്ദ ഛത്തോപാദ്യായയുടെ മകന്‍ കേദര്‍നാഥ് ഛത്തോപാദ്യായ എഡിറ്റ് ചെയ്ത 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കലാ സാംസ്‌കാരിക സാഹിത്യകൃതിയായ പ്രഭോഷി, നാല്‍പ്പതുകളിലും അമ്പതുകളിലും ഇറങ്ങിയിരുന്ന പ്രതിമാസ കലാ ജേര്‍ണലായ രൂപ് ലേഖയുടെ പതിപ്പുകള്‍, തുടങ്ങി കാലയവനികയ്ക്കുള്ളില്‍ മണ്‍മറഞ്ഞ് പോയെന്ന് കരുതിയിരുന്ന നിരവധി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് സമിത് തന്റെ ഗ്രന്ഥപ്പുരയില്‍ ഇടം നല്‍കിയിട്ടുണ്ട്.

നന്ദലാല്‍ ബോസിന്റെ ആരും കാണാത്ത വരകളും ഗാന്ധിജിയുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും പ്രസിദ്ധീകരിക്കപ്പെടാത്ത ചിത്രങ്ങളും സമിതിന്റെ ഗ്രന്ഥപ്പുരയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 

'' ഇന്ത്യയിലെ ഗ്രന്ഥപ്പുരകള്‍ ഒരു കലാകാരന് വിലമതിക്കാനാകാത്ത സമ്പത്താണ്. പുരാവസ്തുക്കളാണ് നമ്മുടെ ഇന്നലെകളെക്കുറിച്ച് നമ്മോട് സംസാരിക്കുന്നത്. ഇന്നലകളുടെ അടിത്തറയില്‍ നിന്നുകൊണ്ടേ നാളെയെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ. ബംഗ്ലാദേശിന്റെ ആധുനിക കല ചരിത്രത്തെ മറന്നുപോയതിനാല്‍ ശരിയായ പാതയിലൂടെ സഞ്ചരിക്കാതെ വഴിതെറ്റിപ്പോയി. ഇപ്പോള്‍ കടം വാങ്ങിയ കലാസംസ്‌കാരത്തിന്റെ ഓരത്ത് വ്യക്തതയില്ലാതെ നീങ്ങുകയാണ് ബംഗാള്‍ കലകള്‍.'' സമിത് പറയുന്നു. 

''ഇന്ത്യന്‍ കലയുടെ മൂശയില്‍ പണികഴിക്കപ്പെട്ടതാണ് ഇന്ത്യയുടെ ദേശീയവാദവും അതിനോട് അനുബന്ധിച്ച് നടന്ന ബംഗാള്‍ സ്‌കൂള്‍ പ്രസ്ഥാനവും. ബ്രിട്ടീഷ് ഭരണത്തില്‍ മുങ്ങിപ്പോയിരുന്ന പുരാതന ഇന്ത്യന്‍ പൗരസ്ത്യ കലകളെ ശുദ്ധീകരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കലാകാരന്‍മാര്‍ ഈ മുന്നേറ്റത്തില്‍ പങ്കുചേര്‍ന്നു. ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച കലാമുന്നേറ്റത്തിന്റെ വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുക രബീന്ദ്ര നാഥ ടാഗോറിന്റെ തറവാടായ ജൊറാസങ്കോ താക്കുര്‍ബരിയിലാണ്.''

താന്‍ ശേഖരിച്ച വിലപ്പെട്ട രേഖകളെ തന്റെ വെബ്‌സൈറ്റില്‍ ചേര്‍ക്കുവാനുള്ള ശ്രമത്തിലാണ് സമിത് ദാസ് ഇപ്പോള്‍. എല്ലാവര്‍ക്കും ഈ രേഖകള്‍ ലഭ്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സമിത് പറയുന്നു. ആളുകളുമായി പങ്ക് വെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പണ്ഡിതന്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കെല്ലാം ഈ ഗ്രന്ഥപ്പുര പ്രയോജനപ്പെടും. കലയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നിരുന്ന തീവ്രമായ ആശയങ്ങളെക്കുറിച്ച് വിവരിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ കത്തുകള്‍ കലാകാരന്‍മാര്‍ക്ക് പ്രയോജനപ്പെടുന്നവയാണ്. 

തന്റെ ഗ്രന്ഥപ്പുര പുരാവസ്തു ശേഖരണത്തെക്കുറിച്ച് ആളുകളില്‍ ഒരു പുതിയ അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സമിത് ദാസ്. ഗ്രന്ഥപ്പുരകളെ അടിസ്ഥാനപ്പെടുത്തി കലാ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഒരു കലാകാരനെന്ന നിലയില്‍ തന്റെ പ്രയത്‌നം സമുദ്രത്തില്‍ വീഴുന്ന ഒരു തുള്ളി ജലകണിക മാത്രമാണെന്ന് സമിത് വിശ്വസിക്കുന്നു.