കല്‍ക്കത്ത നഗരത്തിലെ പ്രേതങ്ങളെ തേടി ഒരു നയതന്ത്രജ്ഞന്‍

ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ഫാബ്രൈസ് ഈട്ടിനി വര്‍ഷങ്ങളായി ഇരട്ട ജീവിതം നയിക്കുകയാണ്. പകല്‍ തന്റെ ഔദ്യോഗിക നയതന്ത്ര ജീവിതം നയിക്കുന്ന ഫാബ്രൈസ് രാത്രി കാലങ്ങളില്‍ ബ്രിട്ടീഷ് കാലഘട്ടങ്ങളിലെ പ്രേതങ്ങളെ അന്വേഷിച്ച് നഗരത്തിലെ തകര്‍ന്ന ശ്മശാനങ്ങളിലും പൊളിഞ്ഞ സര്‍ക്കാര്‍ കെട്ടിടങ്ങളിലും അലഞ്ഞുനടക്കുന്നു. ഈ യത്‌നത്തിന്റെ ഫലം അവസാനം പുസ്തകത്തിന്റെ രൂപത്തിലെത്തിയിരിക്കുന്നു. പേര് കല്‍ക്കട്ടയിലെ പ്രേതങ്ങള്‍.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ സെബാസ്റ്റ്യന്‍ ഓര്‍ട്ടിസ് എന്ന തൂലികാ നാമത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയില്‍ രചിച്ചിരിക്കുന്ന ഗോസ്റ്റ് ഓഫ് കല്‍ക്കത്തയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ പ്രകാശനം വ്യാഴാഴ്ച ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ നിര്‍വഹിക്കും.
1995 മുതല്‍ കല്‍ക്കത്ത സന്ദര്‍ശനം ആരംഭിച്ച ഈട്ടിനി 2005 ലാണ് പ്രേതങ്ങളെ അന്വേഷിച്ചിറങ്ങുന്നത്. ഏഷ്യാറ്റിക് സൊസൈറ്റിയിലെയും നാഷ്ണല്‍ ലൈബ്രറിയിലെയും പുസ്തകക്കൂട്ടങ്ങള്‍ ഈട്ടിനി പരതി. പ്രദേശത്തെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. പുരാതന കല്‍ക്കത്തയുടെ ഊടുവഴികളിലൂടെ പ്രേതങ്ങളെ അന്വേഷിച്ച് തെണ്ടിനടന്നു.
സുഹൃത്തുക്കള്‍, പരിചയക്കാര്‍, വഴിയാത്രക്കാര്‍ എന്നിവരെല്ലാം ഈട്ടിനിയുടെ നോവലിലെ കഥാപാത്രങ്ങളാണ്. ക്യാന്‍സര്‍ വന്ന് മരിച്ചുപോയ ഭാര്യ, ചടുലമായ ഒരു വ്യക്തിയുടെ ഭൂതമായി മാറിയിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന സുഹൃത്തിനെക്കുറിച്ച് ഈട്ടിനി തന്റെ നോവലില്‍ വിവരിക്കുന്നുണ്ട്. സര്‍ബേഷ്, ആരതി എന്ന പേരിലാണ് ദമ്പതികള്‍ ഈട്ടിനിയുടെ നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഭാര്യ ഇപ്പോഴും ജീവിച്ചിരിക്കുന്നതായാണ് സര്‍ബേഷ് കരുതുന്നത്.
തന്റെ നോവല്‍ പ്രേതങ്ങളെക്കുറിച്ച് മാത്രമല്ല, തനിക്ക് ചുറ്റുമുള്ള സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കല്‍ക്കത്ത ക്ലബ്ബിന് സമീപമുള്ള രാജ് ബംഗ്ലാവിലിരുന്ന് ഈട്ടിനി പറയുന്നു. ''ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കഥ ഞാന്‍ നോവലില്‍ വിവരിച്ചിട്ടുണ്ട്. ഒരുപാട് വേലക്കാരുണ്ടായിരുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ കല്‍ക്കത്ത നഗരത്തില്‍ ജീവിച്ചിരുന്നു. എന്നിരുന്നാലും നിരവധി കഥാപാത്രങ്ങളെ ഞാന്‍ സാങ്കല്‍പ്പികമായി സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്.'' ഈട്ടിനി കൂട്ടിച്ചേര്‍ത്തു.
1946ലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയും നോവലിലുണ്ട്. ഒരു സുഹൃത്താണ് ഈട്ടിനിയോട് ഇദ്ദേഹത്തിന്റെ കഥ പറഞ്ഞത്. മരിച്ചുപോയ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ രാത്രിയില്‍ കല്‍ക്കത്തയിലെ അലിപോര്‍ ഭാഗത്ത് നിന്നും യാത്രക്കാരോടൊപ്പം വാഹനത്തില്‍ കയറുകയും റെയ്‌സ് കോഴ്‌സിനടുത്തുവെച്ച് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായാണ് കഥ. ഈ ഉദ്യോഗസ്ഥനെക്കുറിച്ച് ചരിത്രപുസ്തകങ്ങളില്‍ തിരയുകയും ഇതേ പാതയില്‍ നിരവധി തവണ സഞ്ചരിക്കുകയും ചെയ്തിട്ടും അത്തരത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഈട്ടിനി പറഞ്ഞു. എന്നിരുന്നാലും അയാളുടെ കഥയും നോവലില്‍ ചേര്‍ത്തിട്ടുണ്ട്.
ഒരു നയതന്ത്രജ്ഞാനും ചെയ്യാന്‍ ശ്രമിക്കാത്ത കാര്യങ്ങളാണ് പ്രേതങ്ങളെ അന്വേഷിച്ച് പോയ ഈട്ടിനി ചെയ്തത്. രാത്രികളില്‍ വിജനമായ ശ്മശാനങ്ങളില്‍ ഒറ്റയ്ക്ക് പ്രേതങ്ങളെ കാത്തിരുന്നു. പഴയ ജനറല്‍ പോസ്റ്റ് ഓഫീസില്‍ ഒരു രാത്രി കഴിയാന്‍ കാവല്‍ക്കാരന് കൈക്കൂലി കൊടുത്തു. ബ്രിട്ടീഷ് പ്രേതങ്ങളെ തേടി നിരവധി ആര്‍ക്കൈവുകള്‍ സന്ദര്‍ശിച്ചു.
''ഞാന്‍ നിരീശ്വരവാദിയാണ്. എന്നെ സംബന്ധിച്ച് പ്രേതങ്ങള്‍ കഴിഞ്ഞ കാലത്തിന്റെ ഒരു വിശ്വാസം മാത്രമാണ്.'' ഈട്ടിനി പറഞ്ഞുനിര്‍ത്തുന്നു.