• 22 Sep 2023
  • 04: 16 AM
Latest News arrow

കാലത്തിന്റെ പീഢാനുഭവങ്ങള്‍ കുറിച്ച സ്വെത്‌ലാന അലക്‌സ്യോവിച്ചിന് സാഹിത്യ നൊബേല്‍

സ്റ്റോക്‌ഹോം: സോവിയറ്റ് യൂണിയന്റെ ഹൃദയമിടിപ്പ് ലോകത്തിനു മുന്നില്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെത്‌ലാന അലക്‌സ്യോവിച്ചിന് 2015ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. സമകാലികതയുടെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ലിഖിതരേഖയാണ് സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനാശൈലിയെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെത്‌ലാന.

ചേതോവികാരങ്ങളുടെ ചരിത്രമാണ് സ്വെത്‌ലാനക്ക് വാക്ക്. ചരിത്രത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെയും ആരാരുമറിയാതെ ഒടുങ്ങിപ്പോയവരുടേയും പച്ചമനുഷ്യന്റെ വികാരങ്ങളുടേയും രേഖപ്പെടുത്തലുമാണ് സ്വെത്‌ലാനയുടെ എഴുത്ത്. അതുകൊണ്ടുതന്നെ ഭാവനയുടെ ചിറകുകളേക്കാള്‍ യാഥാര്‍ത്ഥ്യത്തിന്റെ കാല്‍പ്പാടുകളെ സ്വെത്‌ലാന സ്വായത്തമാക്കി. ഓരോ പുസ്തകത്തിന്റെയും രചനയ്ക്കു വേണ്ടി എഴുന്നൂറോളം വ്യക്തികളെ അവര്‍ നേരിട്ടു കാണുന്നു. അനുഭവങ്ങള്‍ തൊട്ടറിഞ്ഞ് അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും അലിഞ്ഞുചേരുന്നു. ഓരോ വ്യക്തിക്കും പറയാനുള്ളത് അവരുടെ മുമ്പേ കടന്നു പോയവരെ കുറിച്ചു കൂടിയാണ്. അങ്ങനെ തലമുറകളുടെ സംഘാതമാകുന്നത് കൊണ്ടുതന്നെ സ്വെത്‌ലാനയുടെ എഴുത്ത് കാലത്തിനും മുമ്പേ പറക്കുന്നു.

'വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ്' എന്ന ആദ്യ പുസ്തകം 1985ല്‍ പ്രസിദ്ധീകരിച്ചു. ദ് ലാസ്റ്റ് വിറ്റ്‌നെസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്റ്റോറീസ്,എന്‍ചാന്റഡ് വിത്ത് ഡെത്ത്, സിങ്കി ബോയ്‌സ്: സോവിയറ്റ് വോയ്‌സസ് ഫ്രം ദി അഫ്ഗാനിസ്താന്‍ വാര്‍, വോയ്‌സസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍. 21 ഡോക്യുമെന്ററികള്‍ക്ക് തിരക്കഥ രചിച്ച അവര്‍ മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.

പുരുഷന്മാര്‍ ഏറെയുള്ള സാഹിത്യഭൂമികയില്‍ രണ്ടു വര്‍ഷത്തിനിടെയാണ് ഒരു സ്ത്രീ എഴുത്തുകാരിക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്. 1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെത്‌ലാന അലക്‌സ്യോവിച്ച്.  കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ 2013ലെ പുരസ്‌കാരത്തിന് അര്‍ഹയായി. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മദിയാനോയ്ക്കായിരുന്നു പുരസ്‌കാരം.