സല്‍മ എഴുതും, പേര് ഏതായാലും പ്രതലം പരുപരുത്തതാണെങ്കിലും

തൂലിക നാമം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണ് പ്രദാനം ചെയ്യുന്നത്. ചിലര്‍ക്കത് ഭീരുത്വമായി തോന്നിയേക്കാം. എന്നാല്‍ സമൂഹം തന്റെ പേനത്തുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സുഗമമായ ഒരു പാത തെരഞ്ഞെടുക്കാന്‍ ഏത് എഴുത്തുകാരനും മുതിര്‍ന്നേക്കാം.
അതാണ് സല്‍മയും ചെയ്തത്. പെരുമാള്‍ മുരുകനെപ്പോലെ എഴുത്ത് നിര്‍ത്താന്‍ തമിഴ് എഴുത്തുകാരി സല്‍മ തയ്യാറായില്ല. തന്റെ തൂലികയ്ക്ക് സുഗമമായ പാത അവള്‍ ഒരുക്കി. റഖിയ എന്ന തന്റെ പേരിന് പകരം രാജാത്തി എന്ന പേര് സ്വീകരിച്ചു. എന്നാല്‍ ആ പാതയിലും സമൂഹം മുള്ളുകള്‍ വിതറി. തുടര്‍ന്ന് സല്‍മ എന്ന പേരില്‍ എഴുതുവാന്‍ തുടങ്ങി. അവിടെയും സമൂഹം അവളെ വെറുതെ വിട്ടില്ല. എഴുത്തിന്റെ അതിജീവനത്തിനായി സല്‍മ വീണ്ടും പേര് മാറ്റുകയാണ്.
തന്റെ ന്യൂ ബ്രൈഡ് എന്ന കവിതയെ ന്യൂ ബ്രൈഡ് ന്യൂ നൈറ്റ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ പുതിയ തൂലിക നാമം സല്‍മ സ്വീകരിക്കും.
''അജ്ഞാതത്വത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു മുസ്ലീമായ എനിക്ക് എന്റെ ചിന്തകളെ തുറന്ന് പ്രകടിപ്പിക്കാന്‍ ഈ അജ്ഞാതത്വം എന്നെ സഹായിക്കുന്നു.'' സല്‍മ പറഞ്ഞുതുടങ്ങുന്നു.
''എഴുത്ത് ജീവിതത്തിന്റെ ആദ്യ കാലത്ത് തന്നെ എന്റെ റഖിയ എന്ന പേര് ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. എന്നാല്‍ രാജാത്തി എന്ന പേരില്‍ എഴുതിയ ദേശാചാരവിരുദ്ധമായ കവിതകള്‍ തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് സമീപമുള്ള തുവാരന്‍കുറിച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. അതിന് ശേഷം സല്‍മ എന്ന പേരില്‍ കവിതകള്‍ എഴുതാന്‍ ആരംഭിച്ചു. ഒരു മലൈയും ഇന്നൊരു മലൈയും എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചത് ഈ പേരിലാണ്.
ജീവിതത്തില്‍ ഞാന്‍ സ്വീകരിക്കുന്ന ഓരോ നിലപാടുകളും എന്റെ എഴുത്തിലും പ്രതിഫലിക്കുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഞാന്‍ മതനേതാക്കളുടെ അപ്രീതിക്ക് ഇരയായി. ഒരു ഇസ്ലാം മതവിശ്വാസിയായിരിക്കെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് അനുവദിക്കുകയില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
ഡിഎംകെയുടെ വനിതാ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറിയായ ഞാന്‍ 2006ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ എനിക്കെതിരെ മത്സരിച്ചവര്‍ എന്റെ ഇരണ്ടം ജമന്‍കലിന്‍ കഥൈ( അര്‍ധരാത്രിയ്ക്ക് ശേഷമുള്ള മണിക്കൂര്‍) എന്ന നോവലിലെയും കവിതകളിലെയും ലൈംഗികത വിവരിക്കുന്ന ഭാഗങ്ങള്‍ എടുത്ത് വോട്ടര്‍മാരുടെ ഇടയില്‍ പ്രചരിപ്പിച്ചു. ഇതോടെ 1200 വോട്ടുകള്‍ക്ക് ഞാന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
യുവര്‍ ഹോപ്പ് ഈസ് റിമെയ്‌നിങ് എന്ന പേരില്‍ സ്ത്രീ ശാക്തീകരണത്തിനായി ഞാന്‍ ഒരു എന്‍ജിഒ തുടങ്ങിയിരുന്നു. എന്നാല്‍ ഈ എന്‍ജിഒ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഭീഷണികളുടെ പ്രവാഹമാണിപ്പോള്‍.
ബിജെപി അധികാരത്തില്‍ വന്നതോടെ സംസ്‌കാരത്തെ നിയന്ത്രിക്കാനും എഴുത്തുകാരെ അവരുടെ വരുതിയില്‍ നിര്‍ത്തുവാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുമ്പ് സല്‍മാന്‍ റുഷ്ദി, എംഎഫ് ഹുസൈന്‍, തസ്ലീമ നസ്‌റിന്‍, നടി ഖുശ്ബു എന്നിവര്‍ക്കെതിരെ മൗലീക വാദികള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതും ഇതിന്റെ ഭാഗമായാണ്. ജാതിസ്പര്‍ദ്ധയാണ് എഴുത്തുകാരുടെ മേലുള്ള കടന്നുകയറ്റത്തിന് കാരണം. പെരുമാള്‍ മുരുകന്‍, പുലിയൂര്‍ മുരുകേശന്‍, ഗുണശേഖരന്‍ എന്നിവരെല്ലാം ഈ ആക്രമണത്തിന്റെ ഇരകളാണ്.
ജാതിയെ അടിസ്ഥാനമാക്കിയുള്ള ദുരഭിമാനക്കൊലകള്‍ തമിഴ്‌നാട്ടില്‍ ദിവസേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ദേശീയനിയമനിര്‍മ്മാണത്തിനുള്ള പരിശ്രമത്തിലാണ് ഞാനിപ്പോള്‍.
എത്ര അധ:പതിച്ചതാണെങ്കിലും ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെ.'' സല്‍മ പറഞ്ഞു നിര്‍ത്തുന്നു.