• 22 Sep 2023
  • 04: 13 AM
Latest News arrow

ഓണപ്പാട്ടിന്റെ രചയിതാവ് ആര്? ചര്‍ച്ച മുറുകുന്നു

''മാവേലി നാടു വാണീടും കാലം

മാനുഷ്യരെല്ലാരുമൊന്നു പോലെ...''

ചെറുപ്പം മുതല്‍ ഓരോ മലയാളിയും പാടിത്തുടങ്ങുന്ന ഈ ഓണപ്പാട്ടിന്റെ രചയിതാവ് ആരാണെന്ന തര്‍ക്കം മുറുകുന്നു. ഈ ഓണക്കാലത്ത് മലയാളികള്‍ അവരുടെ പ്രിയപ്പെട്ട ഓണപ്പാട്ടിന്റെ രചയിതാവിനെ തേടിപ്പോവുകയാണ്. സോഷ്യല്‍ മീഡിയകളിലും ഇത് ചര്‍ച്ചാ വിഷയമായിരിക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം സഹോദരന്‍ അയ്യപ്പന്‍ എഴുതിയതാണോ അതോ അജ്ഞാതനായ ഒരു കവി എഴുതിയ പാട്ടിന്റെ പരിഷ്‌കരിച്ച രൂപമാണോ ഈ ഓണപ്പാട്ട് ? എന്നതാണ് ചോദ്യം.

കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഇംഗ്ലീഷ് പ്രൊഫസറായ അജയ് എസ് ശേഖര്‍ എഴുതിയ ''സഹോദരന്‍ അയ്യപ്പന്‍: റ്റുവാര്‍ഡ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍'' എന്ന പുസ്തകമാണ് ഓണപ്പാട്ടിന്റെ രചയിതാവ് ആരാണെന്ന ചോദ്യത്തിന് തുടക്കമിട്ടത്. 

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന സഹോദരന്‍ അയ്യപ്പനാണ് ഓണപ്പാട്ട് എഴുതിയതെന്നാണ് പുസ്തകത്തില്‍ അവകാശപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ നവോത്ഥാന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം വെച്ച് സഹോദരന്‍ അയ്യപ്പന്‍ എഴുതിയ രാഷ്ട്രീയ ഗാനമാണ് ഓണപ്പാട്ടെന്നാണ് അജയ് എസ് ശേഖര്‍ വാദിക്കുന്നത്. ഈ പാട്ടില്‍ പിന്നീട് ധാരാളം തിരുത്തലുകള്‍ വരുത്തുകയും പുതിയ വരികള്‍ കൂട്ടിച്ചേര്‍ത്ത് ഹിന്ദുത്വവല്‍ക്കരിച്ചെന്നും അജയ് പറയുന്നു. പതിനാറാം നൂറ്റാണ്ടില്‍ പാക്കനാര്‍ എഴുതിയ നാടോടി ഗാനത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന്‍ ഓണപ്പാട്ട് എഴുതിരിക്കുന്നതെന്നും അജയ് കൂട്ടിച്ചേര്‍ത്തു.

ഓണപ്പാട്ടിന്റെ രചയിതാവ് അയ്യപ്പനാണെന്ന വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നത്. 

സഹോദരന്‍ അയ്യപ്പന്‍ എഴുതി 1934 ല്‍ പ്രസിദ്ധീകരിച്ച ഓണപ്പാട്ട് ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ എഴുതിയ സഹോദരന്‍ അയ്യപ്പന്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അജയ് ശേഖറിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. 

ഓണപ്പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത് ആധുനിക ഭാഷയാണ്. ഇതിന് പതിനാറാം നൂറ്റാണ്ടിലെ ഭാഷയുമായി സാമ്യമൊന്നുമില്ല. അതിനാല്‍ ഓണപ്പാട്ട് ഇരുപതാം നൂറ്റാണ്ടില്‍ തന്നെയാണ് എഴുതിയിട്ടുള്ളതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ അധ്യക്ഷന്‍ കെ പി അരവിന്ദന്‍ പറഞ്ഞു. 

എന്നാല്‍ എംഒജി മലപ്പട്ടം ഈ വാദത്തെ ഖണ്ഡിക്കുന്നു. സഹോദരന്‍ അയ്യപ്പന്‍ എഴുതിയ രണ്ടാമത്തെ ഓണപ്പാട്ടായ ''യുക്തികാലം ഓണപ്പാട്ടില്‍'' പത്താം നൂറ്റാണ്ടിലെ അജ്ഞാതനായ ഓണപ്പാട്ട് കവിയെക്കുറിച്ച് വിവരിക്കുന്നുണ്ടെന്ന് മലപ്പട്ടം പറയുന്നു. സഹോദരന്റെ പാട്ടിലെ വരികള്‍ തിരുത്തിയിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് മലപ്പട്ടം വാദിക്കുന്നു. 

ഇതിനെതിരെ പ്രതിവാദവുമായി അജയ് ശേഖറും എത്തി. പത്താം സെഞ്ച്വറിയില്‍ മലയാള ഭാഷ ഇല്ലായിരുന്നുവെന്നും തമിഴും മലയാളവും കൂടിക്കലര്‍ന്ന ഭാഷയായിരുന്നു അന്നത്തേതെന്നും അജയ് വാദിച്ചു. 

എന്തായാലും ഓണപ്പാട്ടിന്റെ രചയിതാവ് ആരാണെന്ന ചോദ്യം ഓരോ ഓണക്കാലത്തും മലയാളികള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.