• 22 Sep 2023
  • 04: 03 AM
Latest News arrow

ഭാഷകള്‍ക്ക് വിഭാഗീയത മറക്കാനാവും; ഗോപാലകൃഷ്ണ ഗാന്ധി, തുഞ്ചന്‍ ഉത്സവം തുടങ്ങി

തിരൂര്‍: വിഭാഗീയത മറക്കാനും അവസാനിപ്പിക്കാനുമുള്ള ഉപാധിയാണ് ഭാഷയെന്ന് മഹാത്മാ ഗാന്ധിയുടെ പേരമകന്‍ പേരമകന്‍ ഗോപാലകൃഷ്ണ ഗാന്ധി ഉദ്‌ബോധിപ്പിച്ചു. തുഞ്ചന്‍ പറമ്പില്‍ ഈ വര്‍ഷത്തെ തുഞ്ചന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃഭാഷ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ ഭാഷയും അല്‍പമൊക്കെ ഹൃദിസ്ഥമാക്കുന്നത് ദേശീയ ഐക്യത്തിന് പ്രയോജനപ്പെടും. ഇന്ത്യയിലെ പുതിയ തലമുറ ഇംഗ്ലീഷും ചൈനീസും ഫ്രഞ്ചുമൊക്കെ പഠിക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം ഹിന്ദിയോ ഗുജറാത്തിയോ കന്നഡയോ തെലുങ്കോ തമിഴോ പഠിക്കാന്‍ കാണിക്കുന്നില്ല. ഭാരതത്തിലെയും ബംഗ്ലാദേശിലെയും ദേശീയ ഗാനം രചിച്ചതു രവീന്ദ്രനാഥ ടാഗോര്‍ ആണ്. ശ്രീലങ്കയുടെ ദേശീയ ഗാനത്തിന് സംഗീതം നല്‍കിയതും ഈ മഹാകവി തന്നെ. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് പോലും ഭാഷാ പരിജ്ഞാനം സാഹായകമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാഷകളോട് പരസ്പര ബഹുമാനം പുലര്‍ത്തണമെന്നും ഗോപാല്‍ കൃഷ്ണഗാന്ധി പറഞ്ഞു. 

തുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ എംടി വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉത്സവം 16ന് സമാപിക്കും. വിപുലമായ പുസ്തകപ്രദര്‍ശനവും ഇതോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്.