യുവാവിനെ ബലാല്‍സംഗം ചെയ്ത് യുവതികള്‍ ബീജവുമായി കടന്നു

പ്രിട്ടോറിയ: ആഡംബര കാറിലെത്തിയ മൂന്നു യുവതികള്‍ യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധ ലൈംഗിക വേഴ്ച നടത്തിച്ച് പ്ലാസ്റ്റിക് ബാഗില്‍ ബീജം ശേഖരിച്ച് രക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിനു സമീപമാണ് ഈ അസാധാരണ സംഭവം.
33 കാരനായ യുവാവ് റോഡരികില്‍ നില്ക്കുമ്പോള് ബിഎംഡബ്ലിയു കാര്‍ അടുത്തു വന്നു നിര്‍ത്തി വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ തോക്കുമായി ഒരു യുവതി ഇറങ്ങി വന്ന് അയാളെ ഭീഷണിപ്പെടുത്തി കാറിനു പിറകില്‍ കയറ്റി. യാത്രക്കിടയില്‍ ലൈംഗിക താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഭയന്ന് പോയ യുവാവ് അനങ്ങിയില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് അയാളെ ഡ്രിങ്ക് കഴിപ്പിച്ചു. കാര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒതുക്കിയിട്ട ശേഷം മൂന്നു യുവതികളും ചേര്‍ന്ന് യുവാവിനെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ബീജം പ്ലാസ്റ്റിക് ബാഗില്‍ ശേഖരിച്ചു ഐസ് ബോക്സിലാക്കിയ ശേഷം യുവാവിനെ കാറില്‍ നിന്ന് പുറത്താക്കി സ്ഥലം വിട്ടു.
പരാതി പറയാന്‍ യുവാവ് എത്തിയപ്പോള്‍ ആദ്യം പോലിസ് ചിരിച്ചു തള്ളി. എന്നാല്‍ സമാന സംഭവം ജോഹന്നാസ് ബര്‍ഗില്‍ അടുത്തിടെ ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി. പുരുഷ ബീജം വലിയ വിലയ്ക്ക് വില്‍ക്കുന്ന റാക്കറ്റ് ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസിനു വിവരം ലഭിച്ചത്. ബീജം എടുക്കാന്‍ വേണ്ടി പുരുഷന്മാരെ ബലാല്‍സംഗം ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടത്രേ. നാണക്കേട് ഭയന്ന് ആരും പോലീസില്‍ പരാതി കൊടുക്കാതിരുന്നതിനാലാണ് ഇതുവരെ കാര്യമായ അന്വേഷണം നടക്കാതിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഇന്‍ഡിപെന്‍ഡന്റ്, ഡെയിലി മെയില്‍, ടോറോന്റോ സ്റ്റാര്‍ എന്നീ മാധ്യമങ്ങളാണ് പത്രത്തിലൂടെയും ഓണ്‍ ലൈനിലൂടെയും ഈ വിവരം പുറത്തുവിട്ടത്.