സ്രാവിനേക്കാള്‍ അപകടകാരിയോ സെല്‍ഫി?

സെല്‍ഫിയില്‍ വെറൈറ്റികള്‍ തേടി പോകുന്നവരെ കാത്തിരിക്കുന്നത് പലതരത്തിലുള്ള അപകടങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് സെല്‍ഫി കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. സ്രാവിന്റെ ആക്രമണത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതലാണ് സെല്‍ഫി എടുക്കുന്നതിനിടയില്‍ മരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. 2015 ല്‍ 12 പേരെങ്കിലും സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്രാവിന്റെ ആക്രമണത്തില്‍പ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം എട്ട് മാത്രമാണ്. താജ്മഹലില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്റ്റെപ്പില്‍ നിന്ന് കാല്‍തെറ്റി വീണ് 66 കാരനായ ജാപ്പനീസ് ടൂറിസ്റ്റ് മരിക്കുകയും സഹയാത്രികന് പരിക്കേല്‍ക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം. ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ട്രെയിനുകള്‍ക്ക് സമീപത്തുനിന്ന് അതിസാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവരാണ് മരണത്തിന് കീളഴടങ്ങിയവരില് ഏറെയുമെന്ന് 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ തോക്കുചൂണ്ടി സെല്‍ഫിയെടുത്ത 19 കാരന് വെടിയേറ്റുമരിച്ചത് തോക്ക് ഉപയോഗിച്ച് സെല്‍ഫിയെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
സെല്‍ഫി സംബന്ധിച്ച് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി സെല്‍ഫി എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റഷ്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ ഒരു ക്യാമ്പയിന് സംഘടിപ്പിച്ചിരുന്നു.
കൊളറാഡോയിലെ ഡെന്‍വറില്‍ വിനോദ സഞ്ചാരികള്‍ കരടിയോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വന്യജീവി പാര്‍ക്ക് അടച്ചിട്ടു. സെല്‍ഫി എടുക്കുന്നവരുടെ അതിപ്രസരം കാരണം ഡിസ്നി തീംസ് പാര്‍ക്കില്‍ സെല്‍ഫി സ്റ്റിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.