പരോപകാരിയായ റോണിത് ഇനി വിളികേള്‍ക്കില്ല

സ്നേഹത്തോടെ അമ്മേ എന്ന് വിളിച്ച് ഓടിയെത്താന്‍ ഇനി റോണിത്തില്ല. എന്തിനും ഏതിനും താങ്ങായ് നിന്ന മകനെയാണ് അമ്മ ലിസിക്ക് നഷ്ടമായത്. ഭര്‍ത്താവിന് പിന്നാലെ ഏകമകനും നഷ്ടമായതോടെ ജീവിതത്തിന്റെ താളം തെറ്റിയ അവസ്ഥയിലാണ് ലിസിയിപ്പോള്‍. എന്തുവന്നാലും ഓടിയെത്തുന്ന കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് റോണിത്തിന്റെ കൂട്ടുകാരും. എത്ര ഗുരുതരമായയ പ്രശ്നമാണെങ്കിലും ആദ്യമോടിയെത്തുന്നതും റോണിത്ത് എന്ന വിളിപ്പേരുള്ള അലോഷ്യസാണ്. നിറഞ്ഞ പുഞ്ചിരിയോടെ കാര്യങ്ങളെ ലളിതമായി കണ്ട് അത് പരിഹരിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എന്നും റോണിത് ഉണ്ടാകുമായിരുന്നു. റോണിത്തിന്റെ അപകടമരണം നാടിന്നാകെ തീരാനഷ്ടമാണ്. പ്രിയ കൂട്ടുകാരനെ സുഹൃത്ത് ഓര്‍ക്കുന്നതിങ്ങനെ..
''സാമൂഹിക പ്രശ്നങ്ങളില്‍ പലപ്പോഴും റോണിത്ത് ഇടപെടാറുണ്ടായിരുന്നു. പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒഴിഞ്ഞുമാറാതെ ചങ്കുറപ്പോടെ നേരിടണമെന്നാണ് റോണിത്തിന്റെ പക്ഷം. നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു റോണിത്ത്. പകല്‍ വീടിനടുത്തുള്ള സര്‍വ്വീസ് സെന്ററില്‍ ജോലി ചെയ്താണ് റോണിത്തിന്റെ കുടുംബം കഴിഞ്ഞിരുന്നത്. വൈകുന്നേരം ഫോട്ടോഗ്രാഫി കോഴ്സ് പഠിക്കാനും സമയം കണ്ടെത്തിയിരുന്നു.' വീടിന് അത്താണിയായ റോണിത്തിന്റെ വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സങ്കടക്കടലിലാഴ്ത്തി. അലോഷ്യസിന്റെ മരണമേല്‍പ്പിച്ച ദുഃഖത്തില്‍ കടകളടച്ച് വ്യപാരികളും പങ്കുചേര്‍ന്നു. ഒരു നാടിന്റെ ഒരു നാടിന്റെ മുഴുവന്‍ സ്നേഹം നല്‍കിയാണ് നാട്ടുകാരും സുഹൃത്തുക്കളുമടങ്ങുന്ന വന്‍ജനാവലി യാത്രയാക്കിയത്.
കഴിഞ്ഞ ദിവസം വെസ്റ്റ്ഹില്‍ ചുങ്കത്തിന് സമീപം യുവാവ് ബസിടിച്ചുമരിച്ച സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അപകടത്തില്‍ മരിച്ച അലോഷ്യസ് ജയിംസിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ക്രിസ്ത്യന്‍ കോളേജ് ജംങ്ഷനില്‍ റോഡിന് കുറുകെയിട്ടായിരുന്നു ഉപരോധം തീര്‍ത്തത്. അലോഷ്യസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അനഘ ബസ് പെട്ടെന്ന് നടുറോട്ടില്‍ നിര്‍ത്തിയപ്പോള്‍ അലോഷ്യസ് ജെയിംസ് ഓടിച്ചിരുന്ന ബൈക്കില്‍ ഉരസുകയായിരുന്നു. ബസ് നടുറോട്ടില്‍ നിര്‍ത്തരുതെന്ന് ഡ്രൈവറെ താക്കീത് ചെയ്തുമുന്നോട്ടുനീങ്ങിയപ്പോള് ബൈക്കില്‍ അതേ ബസ് ഇടിക്കുകയായിരുന്നു. ചക്രം ദേഹത്തുകൂടി കയറിയിറങ്ങിയതിനെ തുടര്‍ന്ന് അലോഷ്യസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ തിങ്കളാഴ്ച രംഗത്തിറങ്ങിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചത്. പ്രതിഷേധത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദീപ് കുമാര്‍ എംഎല്‍എയും സംഭവസ്ഥലത്തെത്തിയിരുന്നു. കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ നൊട്ടോറിയസ് ക്രിമിനലുകളാണെന്നും, പക്ഷം ചേര്‍ന്ന് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ പൊലീസിലെ ഒരു വിഭാഗം നോക്കുകുത്തികളായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസുകള്‍ തേയ്ച്ചുമായ്ച്ചുകളയാതെ പൊലീസ് അന്വേഷണം കുറ്റമറ്റതാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. യുവാവ് ബസ് കയറിമരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മനഃപൂര്‍വ്വമുള്ള നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അലോഷ്യസ് കൊല്ലപ്പെട്ടതിനുള്ള കാരണം ബസിന്റെ അമിതവേഗതയാണെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. ബസിന്റെ അമിത വേഗത്തെച്ചൊല്ലി അത്താണി മുതല്‍ ബസ് ജീവനക്കാരും അലോഷ്യസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. വാക്ക് തര്‍ക്കത്തിനൊടുവില്‍ നടുറോട്ടില്‍ ബസ് നിര്‍ത്തിയതിനെ തുടര്‍ന്ന് മുന്നോട്ടെടുത്ത ബസാണ് ബൈക്കിലിടിച്ചത്. അധികൃതരുടെ അനാസ്ഥ ഇനിയും തുടര്‍ന്നാല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നാട്ടുകാര്‍.