തളരാത്ത ആത്മധൈര്യം...

ചെന്നൈ: നട്ടെല്ലിന് പരിക്കേല്‍ക്കുന്നതോടെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നവരാണ് ഏറെപ്പേരും എന്നാല്‍ ജീവിതത്തില്‍ പൊരുതി ജയിച്ച കഥയാണ് ചെന്നൈ സ്വദേശിനിയായ പ്രീതി ശ്രീനിവാസന് പറയാനുള്ളത്. 35 കാരിയായ പ്രീതി നട്ടെല്ലിന്റെ പരിക്കുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി സോള്‍ഫ്രീ (www.soulfree) എന്ന പേരില്‍ വെബ്ബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.
ക്രിക്കറ്റ് താരവും നീന്തല്‍ താരവുമായിരുന്ന പ്രീതിക്ക് 18ാ മത്തെ വയസ്സില്‍ സംഭവത്തിച്ച അപകടത്തിലാണ് കഴുത്തിന് താഴേക്ക് തളര്‍ച്ച ബാധിച്ചത്. എന്നാല്‍ തളര്‍ച്ചയില്‍ ഒതുങ്ങിക്കൂടാന്‍ പ്രീതി തയ്യാറായിരുന്നില്ല. തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനുള്ള ചിന്ത അങ്ങനെയാണ് ഉടലെടുത്തത്.
തനിക്ക് ലഭിക്കുന്ന വരുമാനം മുഴുവനും നട്ടെല്ലിന് പരിക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കാനായി ഉപയോഗിച്ചു വരികയാണിന്ന്. പ്രീതിയുടെ കീഴിലുള്ള ട്രസ്റ്റ് വീല്‍ച്ചെയറും പരിക്കേറ്റവര്‍ക്ക് പ്രതിമാസം 1000 രൂപയും സ്റ്റൈപ്പന്‍ഡ് ഇനത്തില്‍ നല്‍കിവരുന്നുണ്ട്. ഇത്തരത്തില്‍ കഴിയുന്നവര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ പരിശീലിപ്പിച്ച് ഇവരെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് പ്രീതിയുടേത്.
'ഇതുവഴി സ്വയം സാമ്പത്തിക ഭദ്രത കൈവരിക്കാനും അന്തസ്സോടെ ജീവിക്കാനും ഇത്തരക്കാര്‍ക്ക് കഴിയും. ഇവരില്‍ പലരും ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാത്തവരാണ്. അവരുടെ ശബ്ദവും മുഖവുമാവാന് തന്റെ ജീവിതം മാറ്റിവെച്ചുകഴിഞ്ഞെന്ന്' പ്രീതി കൂട്ടിച്ചേര്‍ത്തു.
നട്ടെല്ലിന് ക്ഷതം ബാധിച്ച് ശരീരം തളര്‍ന്ന് ഏഴ് വര്‍ഷത്തോളം കിടപ്പിലായ മധുരൈ സ്വദേശിയായ പൂശാരിയെ സ്വാഭാവിക ജീവിതത്തിലേക്കും കൃഷിയിലേക്കും കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവര്‍ മറച്ചുവെക്കുന്നില്ല. പാട്ടത്തിനെടുത്ത ഭൂമിയില്‍ വീല്‍ച്ചെയറിലെത്തി കൃഷിക്ക് നേതൃത്വം നല്‍കുക ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നുവെന്ന് പൂശാരിയും സാക്ഷ്യപ്പെടുത്തുന്നു. പ്രീതിയില്‍ നിന്ന് ലഭിച്ച പ്രചോദനത്തില്‍ നിന്നാണ് വിജയിക്കാനുള്ള ശക്തിയായ ആഗ്രഹം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ വിളവില്‍ നിന്ന് 11,000 രൂപ ലഭിച്ചതോടെ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൂശാരി. പ്രീതിയുടെയും സംഘത്തിന്റെയും ശ്രമം തമിഴ്നാട് ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രശംസ പിടിച്ചുപറ്റുന്നതിലേക്കാണ് എത്തിച്ചത്.
ഓരോ മില്യണ്‍ ജനങ്ങളിലും 54 പേര് നട്ടെല്ലിന്റെ പരിക്കുമൂലം കഷ്ടതയനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.