ഫുകുഷിമ ആണവ വികിരണ മേഖലയില്‍ ജീവിക്കുന്ന ഒരേയൊരു മനുഷ്യന്

ഓരോ ദിവസവും ആണവ വികിരണങ്ങള്‍ ഏറ്റുവാങ്ങി ഒരു പ്രദേശത്ത് ജീവിക്കുന്ന ഒരു മനുഷ്യന്. ആണവ വികിരണങ്ങള്‍ ഉണ്ടായി ആള്പാര്പ്പില്ലാതായ ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ ഇപ്പോഴും ജീവിക്കുന്ന ഒരേയൊരു മനുഷ്യനാണ് 55കാരനായ നവോത്തോ മസുമുറ. ആണവ വികിരണങ്ങള്‍ ഉണ്ടായപ്പോള്‍ പ്രദേശ വാസികള്‍ ഉപേക്ഷിച്ചു പോയ വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിച്ച് കഴിയുകയാണ് മസുമുറ ഇപ്പോള്‍.
ഫുകുഷിമയില്‍ ആണവ വികിരണം ഉണ്ടാകുന്നതിന് മുമ്പ് നിര്‍മ്മാണ തൊഴിലാളിയായിരുന്നു മസുമുറ. ആണവവികിരണം ഉണ്ടായപ്പോള്‍ പ്രദേശത്തെ എല്ലാവരും ഒഴിഞ്ഞു പോയി. ദുരന്ത സമയത്ത് നവോത്തയും പ്രദേശം വിട്ട് മറ്റൊരു സ്ഥലത്ത് അഭയം തേടിയിരുന്നു. പ്രശ്നങ്ങള്‍ക്ക് ശമനമായപ്പോള്‍ ഉപേക്ഷിച്ചു പോയ തന്റെ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാനായി മസുമുറ തിരികെയെത്തി. പിന്നീടാണ് ഫുകുഷിമയില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതായി മസുമുറെ മനസിലാക്കിയത്. ഒടുവില്‍ അവയെയെല്ലാം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മസുമുറെ സ്വയം ഏറ്റെടുത്തു.
തിരികെ എത്തിയപ്പോള്‍ ആയിരക്കണക്കിന് പശുക്കള്‍ തൊഴുത്തില്‍ മരിച്ച് കിടക്കുന്നതാണ് നവോത്തോ കണ്ടത്. ഇതോടെ ഉടമസ്ഥര്‍ ഉപേക്ഷിച്ച നിരവധി മൃഗങ്ങളെ നവോത്തോ സംരക്ഷിക്കാന്‍ ആരംഭിച്ചു. റേഡിയേഷന് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓര്‍ത്ത് ഫുകുഷിമയിലേക്ക് ആരും തിരികെ വരാറില്ല. അത്തരം പ്രശ്നങ്ങളെ കുറിച്ചെല്ലാം നവോത്തോ ബോധവാനാണെങ്കിലും അതോര്‍ത്തുള്ള ആവലാതികള്‍ നവോത്തോയ്ക്കില്ല. മുന്‍കരുതലെന്നോണം ഫുകുഷിമയില്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ നവോത്തോ കഴിക്കാറില്ല. ശുദ്ധജലം മാത്രമേ കുടിക്കാറുമുള്ളു.