സ്വപ്‌നം തേടി കുഞ്ഞു ചുവടുകള്‍ റാംപിലെത്തി

ബംഗളുരു: വന്‍കിട ഫാഷന്‍ ഷോകള്‍ക്ക് വേദിയാവാറുള്ള റാംപ് ഇത്തവണ കുഞ്ഞുചുവടുകള്‍ക്ക് വഴി മാറി. ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ഫൗണ്ടേഷനാണ് ബംഗളുരുവില്‍ വേറിട്ടൊരു ഫാഷന്‍ ഷോയ്ക്ക് സാക്ഷ്യം വഹിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ റാംപിലെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ് പണം കണ്ടെത്തുന്നതിനായാണ് സ്‌മൈല്‍ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്.
കുഞ്ഞുങ്ങള്‍ക്ക് മനസ്സ് നിറയെ സ്വപ്‌നമുണ്ട്. റാംപിലെത്തിയ ദിവ്യക്ക് ഡോക്ടറാകാനാണ് ആഗ്രഹം. ഐഎഎസ് ഓഫീസറാകാനും ടീച്ചറാകാനും, കായികാധ്യാപകനാവാനും സ്വപ്‌നങ്ങളെ നെഞ്ചേറ്റിയ കുട്ടികള്‍ തങ്ങളുടെ ആഗ്രഹങ്ങളും പങ്കുവെക്കാന്‍ മറന്നില്ല.
പ്രഫഷണല്‍ മോഡലും ഫാഷന്‍ ഗുരുവുമായ പേരസാദ് ബിദപ്പയുടെ നേതൃത്തിലായിരുന്നു മത്സരം. ''നമ്മളില്‍ ഓരോരുത്തരും ഇന്ത്യയിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യുന്നതോടുകൂടി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റ നിലവാരം മെച്ചപ്പെടുത്തുമെന്ന്'' പ്രസാദ് ബിദപ്പ പറഞ്ഞു.
മുന്‍ മിസ് ഇന്ത്യ നിക്കേലേ ഫരിയ, ഗോള്‍ഫര്‍ ഷര്‍മ്മിള നിക്കോലറ്റ്, വിമര്‍ശക ചാരു ശര്‍മ്മ, ചലച്ചിത്ര താരം സഞ്ജന, സംയുക്ത ഹോണാര്‍ഡ്, ഇഷാ കോപികര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം റാംപിലെത്തി.