മിണ്ടാതിരുന്നത് മറുപടി ഇല്ലാഞ്ഞിട്ടല്ല -കാവ്യ മാധവന്

കൊച്ചി: ദിലീപും മഞ്ജു വാരിയരും തെറ്റിപിരിഞ്ഞതിനു പിന്നില്‍ കാവ്യാ മാധവനാണെന്ന് സോഷ്യല്‍ മീഡിയ ദുഷ്പ്രചാരണം നടത്തിയപ്പോള്‍ മൗനം പാലിക്കുകയാണ് കാവ്യ ചെയ്തത്. ഈ മൗനം കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടു. കാവ്യാ-ദിലീപ് വിവാഹത്തിന് സാമൂഹിക മാധ്യമങ്ങള്‍ പല തവണ തീയതി കുറിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ 1നു വന്ന വാര്‍ത്ത ഏപ്രില്‍ 17നു ഗുരുവായൂരില്‍ വിവാഹം നടക്കുമെന്നായിരുന്നു. ഏപ്രില്‍ ഫൂള്‍ ആയാണ് ഇതു കൊടുത്തതെങ്കിലും പലരും അത് വിശ്വസിച്ചു. കാവ്യയുടെ അച്ഛന് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. നിരവധി പേര് നേരിട്ടും ഫോണിലൂടെയും അഭിനന്ദനം അറിയിച്ചു. മറുപടി പറഞ്ഞ് കാവ്യ കുഴങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷം തന്നെ കുറിച്ച് നടന്ന അപവാദ പ്രചാരണങ്ങള്‍ കേട്ട് മിണ്ടാതിരുന്ന കാവ്യ കഴിഞ്ഞ ദിവസം മൗനം വെടിഞ്ഞു. ഒരു വനിതാ പ്രസിദ്ധീകരണത്തില്‍ നടത്തിയ അഭിമുഖത്തില്‍ താരം മനസ്സ് തുറന്നു.
'വിവാഹമോചനത്തിനു ശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാമറാമാനെ കല്യാണം കഴിക്കാന്‍ പോകുകയാണെന്ന് ഒരു വെബ്സൈറ്റില്‍ വന്നു. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തപ്പോള്‍ അത് നടത്തുന്ന ആളെ പിടിച്ചു. പിന്നെ കുറച്ചു കാലത്തേക്ക് പ്രശ്നമില്ലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷം ഒരു സിനിമയും ചെയ്യാതെ വീട്ടിലിരുന്നു. വല്ലാത്തൊരു കാലമായിരുന്നു അത്. വെറുതെ എന്നെ പഴി പറഞ്ഞു. കുറ്റവാളിയായി ചിത്രീകരിച്ചു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ സജീവമായി. ഒപ്പം ചില ബിസിനസ്സും തുടങ്ങുന്നു.
ഞാന്‍ കാരണമാണ് ദിലീപ്-മഞ്ജു ബന്ധം തകര്‍ന്നതെന്നു അപവാദം പ്രചരിപ്പിച്ചപ്പോള്‍ മിണ്ടാതിരുന്നത് മറുപടി ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുള്ളതു കൊണ്ടാണ്. എനിക്ക് അക്കാര്യം എന്റെ അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്തിയാല്‍ മതി. അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടവര്‍ പറയണം. അങ്ങിനെ ആരെങ്കിലും പറഞ്ഞോ? വിശ്വസനീയമായ ഏതെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നെങ്കില്‍ മറുപടി പറയുമായിരുന്നു. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.
സുഹൃത്തെന്ന നിലയില്‍ അവരുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെടാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവരോടു എനിക്കുള്ള മറുപടി ഇതാണ്. ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭര്‍ത്താവും താമസിക്കുന്ന വീട്ടില്‍ പടച്ചോന് ഒരു വര വരച്ചിട്ടുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തെക്ക് നമ്മളാരും കയറാന്‍ പാടില്ല.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഞാന്‍ ബികോം പാസ്സായി. ലക്ഷ്യ എന്ന പേരില്‍ ഓണ്‍ ലൈന്‍ ഷോപ്പിംഗ് ആരംഭിക്കാന്‍ പോകുന്നു. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ അതിലൂടെ വാങ്ങാം. എന്റെ കുടുംബത്തിനു വസ്ത്ര വ്യാപാരവുമായി ബന്ധമുണ്ട്. അച്ഛന്റെ അച്ഛന് തുടങ്ങിയതാണ് നീലേശ്വരത്തെ സുപ്രിയാ ടെക്സ്റ്റൈല്‍സ്. പിന്നീടു അത് അച്ഛന് ഏറ്റെടുത്തു. എന്റെ ചേട്ടന് ടെക്സ്റ്റൈല്‍ എഞ്ചിനീയറിങ്ങും ഡിസൈനിങ്ങും പഠിച്ച ആളാണ്.
വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമ നിര്‍ത്തി പോയതാണ്. പക്ഷെ സിനിമയില്‍ തന്നെ തിരിച്ചെത്തി. സിനിമ മാറുന്നതിനൊപ്പം ഞാനും മാറാന്‍ തയ്യാറായിരിക്കുകയാണ്. മീശമാധവനിലെ രുഗ്മിണിയോ ക്ലാസ് മേറ്റിലെ താരയോ ആയി അഭിനയിക്കാന്‍ ഇനി കഴിയില്ല. അപ്പോള്‍ പുതിയ കഥാപാത്രങ്ങളെ കണ്ടെത്തണം.
കല്യാണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാണ്. പക്ഷെ എനിക്ക് കുഞ്ഞുങ്ങള്‍ ജീവനാണ്. ഒരു കുഞ്ഞിനു വേണ്ടി ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെ കഴിയണം. അത് എങ്ങനെയുള്ള ആളാകുമെന്നു ഒരു പിടിയുമില്ല. അതാണ് പേടി. കല്യാണം എന്നാല്‍ ലോട്ടറിയാണ്. ജീവിതം തന്നെ ലോട്ടറിയല്ലേ? -കാവ്യ ചോദിക്കുന്നു.