വയസ്സ് 4: തന്വി പാടിയത് 400 പാട്ടുകള്‍

പാട്ട് ഹരമായി മാറിയ നാലുവയസ്സുകാരിയെക്കുറിച്ചുള്ള കൗതുകങ്ങളാണ് വാര്‍ത്തകളിലേറെയും. തന്വി ഹരി എന്ന നാലു വയസ്സുകാരിയാണ് ഈ രംഗത്ത് ചരിത്രം കുറിച്ചിട്ടുള്ളത്. മലയാളം, ഹിന്ദി ,തമിഴ് തുടങ്ങിയ വിവിധ ഭാഷകളിലായി 400ലധികം പാട്ടുകളാണ് തന്വി പാടിത്തെളിഞ്ഞിട്ടുള്ളത്. കുഞ്ഞു ശബ്ദത്തിലൂടെ സംഗീത മധുരിമകൊണ്ട് ബഹറൈനില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ തന്വി ഇപ്പോള്‍ സ്റ്റേജ് ഷോകളുടെ തിരക്കിലാണ്. ഇതിനകം തന്നെ 15ഓളം സ്റ്റേജ് ഷോകള്‍ തന്വി സ്വന്തമായി നടത്തിക്കഴിഞ്ഞു.
സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച തന്വി രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന് ഹരിക്കും അമ്മ രമ്യക്കും ഒപ്പമാണ് കുഞ്ഞു തന്വി ബഹ്റൈനില്‍ എത്തിയത്. മകള്‍ വളര്‍ന്നുവരുമ്പോള്‍ പാട്ടുപഠിപ്പിക്കണമെന്ന് അച്ഛനുമമ്മയ്ക്കും ആഗ്രഹത്തിനുമപ്പുറത്തേക്ക് തന്‍വിക്ക് വേണ്ടി അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകള്‍ രണ്ടാം വയസ്സില്‍ ഏറ്റു പാടികൊണ്ട് ഈ കൊച്ചു മിടുക്കി സംഗീതത്തോടുള്ള തന്റെ അഭിനിവേശം അറിയിച്ചു. എന്നാല്‍ ബഹറൈനിലെ ഇന്ത്യന്‍ സ്കൂളില്‍ മ്യൂസിക് ടീച്ചറായ അമ്മ രമ്യക്കും സംഗീതത്തെ ഏറെ സ്നേഹിക്കുന്ന അച്ഛന് ഹരിക്കും ഇതില്‍ ഒട്ടും അത്ഭുതമുണ്ടായില്ല. മാത്രമല്ല പാട്ടുകള്‍ പാടാനും കേള്‍ക്കാനുമുള്ള തന്‍വിയുടെ ഇഷ്ടത്തെ അവര്‍ ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വെറും മൂന്ന് വയസ്സ് മാത്രം ഉള്ളപ്പോള്‍ തന്നെ പല്ലവിയും അനുപല്ലവിയും താളവും തെറ്റാതെ കുട്ടി പാട്ടുകള്‍ പാടി പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിനിടയ്ക്കാണ്, രമ്യ ബഹറൈന്‍ ന്യൂ ബീറ്റ്സ് വോയിസ് എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് ആരംഭിക്കുന്നത്. ബഹറൈനില്‍ ഉടനീളം സംഗീതപരിപാടികള്‍ ഉള്ള ഈ ബാന്‍ഡിന്റെ പരിശീലനം പലപ്പോഴും രമ്യയുടെ വീട്ടില്‍ വച്ചു തന്നെയായിരുന്നു. ഇത് കൊച്ചു തന്വിയെ സംഗീത്തതോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി. ബാന്‍ഡിന്റെ കൂടെ പാടാനും, മൈക്കില്‍ പാടാനും കുഞ്ഞു തന്വി ഇഷ്ടം കാണിച്ചതോടെ തന്‍വിക്ക് സംഗീതത്തോടുള്ള ഇഷ്ടം ചെറും കുട്ടിക്കളി മാത്രമല്ലെന്ന് രമ്യക്കും ഹരിക്കും മനസിലായി.
തുടര്‍ന്ന് തന്‍വിയുടെ നാലാം പിറന്നാളിന് ബാന്‍ഡ് പാടിയതിനോപ്പം ഈ കൊച്ചുമിടുക്കിയും തന്റെ കുഞ്ഞുമധുരമായ ശബ്ദത്തില്‍ അവരോടൊപ്പം പാടി. അന്ന് മന്ദാരച്ചെപ്പുണ്ടോ.. മാണിക്യ കല്ലുണ്ടോ കൈയില്‍ വാര്മതിയെ എന്ന ഗാനം നിറഞ്ഞ സദസിന് മുന്പില് പാടിയപ്പോള്‍ അത് കുഞ്ഞുതന്വിയുടെ തന്നെ ജീവിതത്തിലെ നാഴികകല്ലാകുമെന്ന് ആരും കരുതിയിരിക്കില്ല. ആ നിറഞ്ഞ കൈകടികള് തന്വിയെന്ന കൊച്ചുമിടുക്കിക്ക് സമ്മാനിച്ചത് വെറും പ്രോത്സാഹനം മാത്രമായിരുന്നില്ല. ആത്മവിശ്വാസത്തിന്റെ കൈത്താങ്ങ് കൂടിയായിരുന്നു. ബഹറൈന്‍ ന്യൂ ബീറ്റ്സ് വോയിസിനൊപ്പവും അല്ലാതെയും അനേകം വേദികളില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി അങ്ങനെ തന്വി മാറി. തന്വി ഒറ്റക്ക് 15 സ്റ്റേജ് ഷോകള്‍ ചെയ്തു കഴിഞ്ഞു.