പല്ലില്‍ ക്ലിപ്പിട്ടു; ഇപ്പോള്‍ വെസ്ലിയാണ് സോഷ്യല്‍ മീഡിയില്‍ താരം

നിരയൊത്ത പല്ലുകള്‍ എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ ഒരു വളര്‍ത്തുനായയ്ക്ക് തന്റെ പല്ല് അല്‍പ്പം സുന്ദരമാക്കണമെന്ന് തോന്നിയാല്‍ തെറ്റുപറയാമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പല്ലില്‍ ക്ലിപ്പിട്ട് സുന്ദരനായി സെലിബ്രിറ്റിയായ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട വെസ്ലി എന്ന വളര്‍ത്തുനായയെ പരിചയപ്പെടാം. നിരതെറ്റിയ പല്ലുകള്‍ കാരണം വായടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇതിന് പരിഹാരം തെരഞ്ഞ വെസ്ലിയുടെ ഉടമസ്ഥന്റെ തലയിലാണ് അധികമുള്ള പല്ലുകള്‍ പറിച്ചെടുത്ത് പല്ലിന് ക്ലിപ്പിടാമെന്ന ആശയം ഉടലെടുത്തത്. ക്ലിപ്പിട്ട് സുന്ദരനാക്കിയ നായയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വെസ്ലി താരമായത്.
ഫെയ്സ്ബുക്കിലിട്ട വെസ്ലിയുടെ ചിരിക്കുന്ന ഫോട്ടോ ഇതിനകം തന്നെ 280,000 പേര് ഷെയര്‍ ചെയ്തുകഴിഞ്ഞു. മിഷിഗണിലെ ഹാര്‍ബര്‍ഫ്രണ്ട് ഹോസ്പിറ്റല്‍ ഫോര്‍ അനിമല്‍സ് ഇന്‍ സ്പ്രിംഗ് എന്ന ആശുപത്രി അധികൃതരാണ് വെസ്ലിയുടെ ഫോട്ടോ അവരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മിഷിഗണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ഓറല്‍ സര്ജ്ജറിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജെയിംസ് മൂറാണ് വെസ്ലിയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
' He is a happy little guy' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ആശുപത്രി അധികൃതര്‍ പോസ്റ്റ് ചെയ്തത്. ഡിലീറ്റ് ചെയ്ത ശേഷം പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. സെലിബ്രിറ്റി ഇമേജിനിടയിലും ആരാധകരുടെ സ്നേഹവും ലാളനയും ഏറ്റുവാങ്ങി നന്നായി ഭക്ഷണം കഴിച്ചും കളിച്ചും ഉറങ്ങിയും തനിക്ക് സംഭവിച്ചിട്ടുള്ള മാറ്റം ആസ്വദിക്കുകയാണ് വെസ്ലി.