റോഡ് കയ്യേറി ക്ഷേത്രം പണിത കേസില്‍ ഹനുമാനെതിരെ സമന്‍സ്

പറ്റ്ന: റോഡ് കൈയ്യേറി അമ്പലം പണിത കേസില്‍ ഹനുമാനെതിരെ കോടതിസമന്സ് അയച്ചു. ബീഹാറിലെ ഒരു സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഹനുമാനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്.
ബീഹാറിലെ റോഹ്താസ് ജില്ലയിലെ പഞ്ചമുഖി ഹനുമാന് ക്ഷേത്രം പൊതുനിരത്ത് കയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും നിരന്തരം ഗതാഗത പ്രശ്നം സൃഷ്ടിക്കുന്ന ഈ ക്ഷേത്രം അവിടെ നിന്നും പൊളിച്ചു മാറ്റണം എന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സമന്‍സ് അയച്ചിട്ടുള്ളത്. കേസ് പരിഗണിച്ച ജഡ്ജി ഉടന്‍ തന്നെ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ഹനുമാനോട് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് ഉത്തരവിട്ടു. ഇതോടെ ഹനുമാന്റ വിഗ്രഹത്തില്‍ കോടതി ഉത്തരവ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന പഞ്ചമുഖി ഹനുമാന് ക്ഷേത്രം പൊളിച്ചുമാറ്റാന്‍ കോടതി ഇടപെടലും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ സമന്‍സുമായി നില്ക്കുന്ന ഹനുമാന്റെ വിഗ്രഹത്തിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഹനുമാന്റെ പേരില്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതും വലിയ വാര്‍ത്തയായിരുന്നു. അതേസമയം, ഭജ്രംഗ്ദള്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സമന്‍സ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു ക്ഷേത്ര പരിസരത്ത് പ്രകടനം നടത്തി.
കഴിഞ്ഞ ഫെബ്രുവരി 1നാണ് സീതാ ദേവിയെ ഉപേക്ഷിച്ചതിന്റെ പേരില്‍ ശ്രീരാമനും അതിനു കൂട്ടുനിന്നതിനു ലക്ഷ്മണനും എതിരെ കേസെടുക്കണം എന്ന ആവശ്യവുമായി ഒരു വക്കീല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് ഈ അസാധാരണ സംഭവും ഉണ്ടായിട്ടുള്ളത്.