കാമുകിക്ക് മാസത്തില്‍ 2500 രൂപ നല്കാന് കോടതി വിധി

നാദാപുരം: വര്‍ഷങ്ങളോളം പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്ത കാമുകനോട് കാമുകിക്ക് പ്രതിമാസം 2500 രൂപ ചെലവിന് നല്കാന് കോടതി ഉത്തരവിട്ടു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. എടച്ചേരി സ്വദേശിയായ യുവതിയാണ് കാമുകന് വാണിമേല്‍ വാളാംതോട് അരുള്‍ പവിത്രന് വിവാഹം കഴിക്കാത്തതിനെ തുടര്‍ന്ന് ജീവനാംശം ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മരിച്ച യുവതി 2004 മുതല്‍ ഇയാളുമായി പ്രണയത്തിലായിരുന്നു. 2013 ല്‍ വേറെ വിവാഹം കഴിച്ച പവിത്രന് യുവതിയെ വീട്ടില്‍ നിന്നിറക്കി വിട്ടു. ഇതിനെ തുടര്‍ന്നാണ് താനനുഭവിച്ച ശാരീരികവും മാനസീകവുമായ പീഡനത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പണം തട്ടിയെടുക്കുന്നതിന് വേണ്ടി യുവതി കെട്ടിച്ചമച്ച കഥയാണിതെന്നുമായിരുന്നു പവിത്രന്റെ വാദം. വിവാഹം കഴിച്ചിട്ടില്ല അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും പവിത്രന് കോടതിയെ അറിയിച്ചു. എന്നാല്‍ 2004 മുല് ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും വിവാഹതുല്യമായ ജീവിതം നയിച്ചതിനാല്‍ യുവതിക്ക് ജീവനാംശത്തിന് അര്ഹതയണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു വിധി.