ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു അമ്മയായി

മുംബൈ: 29 വര്‍ഷങ്ങള്‍ക്ക് ശേഷം അവള് ഒരാണ്കുഞ്ഞിന് ജന്മം നല്കി. ആ സന്തോഷം പങ്കുവെയ്ക്കുമ്പോള്‍ ഹര്‍ഷ ഷായ്ക്ക് പറയാനുള്ളത് തന്റെ ജീവിതത്തെക്കുറിച്ചാണ്.
1986ല്‍ ഐവിഎഫ് ചികിത്സ വഴി ഛദ്ദയുടെ ജന്മത്തിന് വഴിയൊരുക്കിയ ഡോക്ടര്‍മാര്‍ തന്നെയാണ് ജസ് ലോക് ആശുപത്രിയില്‍ ഹര്‍ഷയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിച്ചതും. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നാണ് ഹര്‍ഷയെ ചികിത്സിച്ച ഡോക്ടര്‍ ഇന്ദിര ഹിന്ദുജയ്ക്ക് പറയാനുള്ളത്. ദിവ്യപാല്‍ ഷായാണ് ഹര്‍ഷയുടെ ഭര്‍ത്താവ്.
ഐവിഎഫ് സംവിധാനത്തില്‍ മാട്ടുങ്കയിലെ ഗ്രാമത്തില്‍ 1986 ആഗസ്ത് ആറിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഹര്‍ഷ ജനിച്ചത്. ഇത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഡോ. ഇന്ദിര ഹിന്ദുജ, ഡോ കുസും സവേരി എന്നിവരുടെ കീഴില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടിയതിനെ തുടര്‍ന്ന് കെഇഎം ആശുപത്രിയിലായിരുന്നു ഹര്‍ഷയുടെ ജനനം.
പില്ക്കാലത്ത് ആയിരത്തോളം സ്ത്രീകളുടെ ജീവിതത്തില്‍ അമ്മയാവുന്നതിലുള്ള സന്തോഷം തിരിച്ചറിയുന്നതിനായി
പ്രതീക്ഷയുടെ വെളിച്ചം വീശാന്‍ ഐവിഎഫ് ചികിത്സയ്ക്ക് കഴിഞ്ഞു.
ഹര്‍ഷയ്ക്ക് ശേഷം 15,000 ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ജനനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഹിന്ദുജ പങ്കുവെയ്ക്കുന്നു. 'ഹര്‍ഷ ജനിച്ച ആ ദിവസം ഞാനോര്‍ക്കുന്നു, പിന്നീട് എന്റെ വ്യക്തിജീവിത്തിലും ഔദ്ധ്യോഗിക ജീവിതത്തിലും വലിയൊരു ഭാഗമാകാന്‍ അവള്‍ക്ക് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തോഷിക്കുന്നു.' ഹിന്ദുജ പറയുന്നു.
ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹര്‍ഷ ശിവരാത്രി ദിനത്തില്‍ സ്വാഭാവിക പ്രസവത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയിട്ടുള്ളത്. ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കും സ്വാഭാവിക ജീവിതമുണ്ടെന്നും സ്വാഭാവികമായി കുഞ്ഞിന് ജന്മം നല്‍കാമെന്നും തെളിയിക്കുകയാണ് ഇതോടെ ഹര്‍ഷയെന്ന ചരിത്രവനിത.