• 20 Mar 2019
  • 09: 45 AM
Latest News arrow

ദീര്‍ഘകാല വിസ അനുവദിക്കാന്‍ യു.എ.ഇ

ദുബായ്: നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും ദീര്‍ഘകാലവിസ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭാ തീരുമാനം. മലയാളികള്‍ക്കടക്കം ഒട്ടേറെ പ്രവാസികള്‍ക്ക് നേട്ടമാകുന്ന തീരുമാനം യു.എ.ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

"കഴിവും പ്രതിഭയുമുള്ളവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി യു.എ.ഇ മാറും"- ശൈഖ് മഖ്തൂം ട്വിറ്ററില്‍ കുറിച്ചു. യു.എ.ഇ റെസിഡന്‍ഷ്യല്‍ വിഭാഗം ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പ്രൊഫഷനുകള്‍ക്കും ഗവേഷകര്‍ക്കും വന്‍കിട നിക്ഷേപകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാർത്ഥികള്‍ക്കും വ്യവസായ സംരഭകര്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്.കഴിഞ്ഞ നവംബറില്‍ ആണ് മന്ത്രിസഭ ഇതിന് അനുമതി നല്‍കിയിരുന്നത്. ഇപ്പോള്‍ നിയമനിര്‍മ്മാണം കൂടി പൂര്‍ത്തിയായതോടെ ഇനി മുതല്‍ ദീര്‍ഘകാല വിസ അനുവദിച്ചു തുടങ്ങും. വ്യവസായ സൗഹൃദ രാഷ്ട്രമാക്കി യു.എ.ഇയെ മാറ്റാനാണ് ഇതിലൂടെ ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്.

നിക്ഷേപകര്‍ക്കുള്ള മാനദണ്ഡങ്ങള്‍:

*ദീര്‍ഘകാല വിസ അനുവദിക്കുന്നത് രണ്ട് തരത്തിലുള്ള നിക്ഷേപകര്‍ക്കാണ്.

*50 ലക്ഷം ദിര്‍ഹമോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അഞ്ച് വര്‍ഷം വരെ വിസ ലഭിക്കും.

*അറിയപ്പെടുന്ന സ്ഥാപനം, പൊതുമേഖലയില്‍ നിക്ഷേപം,100 ലക്ഷം ദിര്‍ഹത്തിലധികം വ്യാവസായിക പങ്കാളിത്തം അല്ലെങ്കില്‍ മൊത്തം 100 ലക്ഷം ദിര്‍ഹത്തിലധികം നിക്ഷേപവും ഉള്ളവര്‍ക്ക് പത്തു വര്‍ഷത്തെ വിസ ലഭിക്കും. ബിസിനസ്സ് പങ്കാളിയാണെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടാകണമെന്നും 100 കോടി ദിര്‍ഹത്തില്‍ കുറയാന്‍ പാടില്ല എന്നും വ്യക്തമാക്കുന്നു.

*മുഴുവന്‍ ആസ്തിയും വ്യക്തിയുടെ സ്വന്തം നിക്ഷേപം ആയിരിക്കണം.

*ലോണ്‍ എടുത്തതോ കടം വാങ്ങിയതോ ആകരുത്. ഇത് വ്യക്തമായ രേഖകളോടെ തെളിയിക്കണം.

*നിക്ഷേപിച്ച 100 കോടി ദിര്‍ഹം മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാനും പാടില്ല.

*വ്യവസായികളെ  രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍മുടക്കുള്ള സംരഭം മുന്നേ നടത്തിയിരിക്കണം. അല്ലെങ്കില്‍ യു.എ.ഇയില്‍ വ്യവസായം ചെയ്യാനുള്ള അംഗീകാരം അംഗീഗൃത വകുപ്പില്‍ നിന്ന് ലഭിച്ചയാളായിരിക്കണം. ഇതിനു അഞ്ചുവര്‍ഷം വരെയുള്ള വിസ ലഭിക്കും.

*വ്യവസായികള്‍ക്കും വ്യവസായ പങ്കാളികള്‍ക്കും മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും പങ്കാളിക്കും മക്കള്‍ക്കും ഈ വിസാ ആനുകൂല്യം ലഭിക്കും.

*വിദഗ്ധര്‍ക്കുള്ള വിസ

*ഡോക്ടര്‍, സ്‌പെഷലിസ്റ്റ്, ശാസ്ത്രജ്ഞര്‍, കലാസാംസ്‌കാരിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും അഞ്ച് വര്‍ഷത്തെ വിസയാണ് ലഭിക്കുക.

*ഡോക്ടര്‍മാര്‍ക്കും വിദഗ്ധര്‍ക്കും ഈ നിബന്ധനകളുണ്ട്. ഡോക്ടര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ച 500 യൂണിവേഴ്‌സിറ്റികളില്‍നിന്നും പി.എച്ച്.ഡി സ്വന്തമാക്കിയവരായിരിക്കണം.

*ജോലിയില്‍ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയ പുരോഗതിയില്‍ അംഗീകാരം ലഭിച്ചവരും ശാസ്ത്ര പുസ്തകങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവരും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവരാകണം.

* ഇവര്‍ക്ക് കാലാവധിയുള്ള യു.എ.ഇ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.

*യു.എ.ഇക്ക് ആവശ്യമുള്ള വിദഗ്ധര്‍ക്കും ആനുകൂല്യമുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് എമിറേറ്റ് സയന്റിഫിക്ക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം.

*ശാസ്ത്രരംഗത്തെ മികവിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ നേടിയവര്‍ക്കും വിസ ആനുകൂല്യം ലഭിക്കും.

*സെക്കന്ററിക്കും അതിനു മുകളിലും പഠിക്കുന്ന 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.