ഹജ്ജ് തീര്‍ത്ഥാടകരുടെ താമസം: സുപ്രീം കോടതി നിയോഗിച്ച സംഘം നാളെ മക്കയില്‍

ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ താമസത്തിനായി കെട്ടിടങ്ങള്‍ കണ്ടെത്താനും ദീര്‍ഘകാലത്തേക്ക് അവയുടെ കരാര്‍ ഒപ്പിടുന്നതിന്റെ സാധ്യതാപഠനത്തിനുമായി ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്, ന്യൂനപക്ഷ മോര്‍ച്ചാ പ്രസിഡന്റ് അബ്ദുല്‍റഷീദ് അന്‍സാരി എന്നിവര്‍ 27 ന് വെള്ളിയാഴ്ച സൗദിയിലെത്തും. ഇരുവരും മക്കയില്‍ കെട്ടിടം ഉടമകളുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി കണ്ടുവെച്ച പാര്‍പ്പിടങ്ങള്‍ നാലോ അഞ്ചോ വര്‍ഷത്തേക്ക് മൊത്തമായി ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും.
ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് ഇന്ത്യയില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തുന്നത് 1,36,000 തീര്‍ഥാടകരാണ്. സുപ്രീം കോടതി നിയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ ലഭിക്കുന്നത് വര്‍ഷം തോറും താമസസൗകര്യം തേടി അലയുന്നതുള്പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിലപാട്.
കെട്ടിട നിര്‍ണയ സമിതി (ബിഎസ്ടി) എന്ന പേരില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നിരവധി പേരാണ് കെട്ടിട നിര്‍ണയത്തിനായി വര്‍ഷം തോറും സര്‍ക്കാര്‍ ചെലവില്‍ മക്കയിലെത്താറ്. ബിഎസ്ടി അംഗങ്ങള്‍ക്ക് സൗദിയില്‍ വന്നു പോകാന്‍ വര്‍ഷം തോറും വന്‍തുക ചെലവാകുന്നുണ്ട്. ഇക്കാര്യത്തിലെ സുതാര്യത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹരജിയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ കെട്ടിടങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാടകയ്ക്കെടുക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിന്റെ പ്രാഥമികാന്വേഷണത്തിനായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം മക്കയിലെത്തിയ ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കാന്‍ ഷാനവാസ് ഹുസൈനേയും അബ്ദുല്‍ റഷീദ് അന്‍സാരിയേയും സമിതി അംഗങ്ങളായി സുപ്രീം കോടതി ഈയിടെയാണ് നിയോഗിച്ചത്.
മലേഷ്യന്‍ ദാത്തുംഗ് ഹജ്ജ് മിഷന് കീഴിലെ ഹജ്ജ് സംഘത്തിന്റെ മക്കയിലേയും മദീനയിലേയും താമസസൗകര്യം മാത്രമാണ് നിലവില്‍ അഞ്ചു വര്‍ഷത്തേക്ക് നിശ്ചയിക്കപ്പെട്ടത്. മികച്ച ഹോട്ടലുകള്‍ അഞ്ചു വര്‍ഷത്തേക്ക് ഒരുമിച്ച് എടുത്ത് കൊണ്ടാണ് മലേഷ്യന്‍ ഹജ്ജ് സംഘം അവരുടെ പാര്‍പ്പിടപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ഈ മാര്‍ഗം പിന്തുടരാനായാല് ഇന്ത്യന്‍ തീര്‍ഥാടകരുടെ താമസസൗകര്യത്തിനും വലിയൊരളവോളം സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഗ്രീന്‍, അസീസിയ കാറ്റഗറി അടിസ്ഥാനത്തിലാണ് ഈ വര്‍ഷവും കെട്ടിടങ്ങള്‍ നിര്‍ണയിക്കുക.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ