• 23 Sep 2023
  • 03: 42 AM
Latest News arrow

സൗദിവല്‍ക്കരണ തോത് പുനഃപരിശോധിക്കണമെന്ന് വ്യവസായികള്‍

ജിദ്ദ: സൗദിവത്ക്കരണം ഊര്‍ജിതമാക്കാനായി ആരംഭിച്ച നിതാഖാത്തിന്റെ പരിഷ്‌കരിച്ച മൂന്നാംപതിപ്പില്‍ വ്യവസായ മേഖലയ്ക്ക് ബാധകമാക്കാന്‍ തീരുമാനിച്ച സൗദിവല്‍ക്കരണ തോതിനെതിനെതിരെ വ്യവസായ സമൂഹം. ഏപ്രില്‍ 20 മുതല്‍ സൗദിവല്‍ക്കരണ തോത് ഉയര്‍ത്താനുള്ള തൊഴില്‍ മന്ത്രാലയ തീരുമാനമാണ് വ്യവസായ മേഖലയെ ആശങ്കയിലാക്കുന്നത്. സൗദിവല്‍ക്കരണതോത് വലിയ നിലയില്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നത് നിരവധി സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേര്‍ന്ന വ്യവസായികളുടെ യോഗം വ്യക്തമാക്കി.

നിതാഖാത്തിന്റെ മൂന്നാംഘട്ടം ഏപ്രില്‍ 20ന് നിലവില്‍വരും. ഇതോടെ വന്‍കിട വ്യവസായശാലകള്‍ ഇടത്തരം പച്ച വിഭാഗത്തില്‍ പെടുന്നതിനു പാലിക്കേണ്ട സൗദിവല്‍ക്കരണ തോത് 25 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി ഉയരും. ഏറ്റവും വലിയ വ്യവസായശാലകളില്‍ ഇത് 29 ശതമാനത്തില്‍ നിന്ന് 66 ശതമാനമായും ഉയരും. വന്‍കിട മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുന്നതിന് തുല്യമായ സൗദിവല്‍ക്കരണ തോതാണ് വ്യവസായശാലകള്‍ക്കും നടപ്പാക്കുന്നത്. ഇക്കാര്യം തൊഴില്‍ മന്ത്രാലയം പുനഃപരിശോധിക്കണമെന്ന് വ്യവസായസമൂഹം ആവശ്യപ്പെട്ടു.

വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടു. പെട്രോളിയം മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം ദേശീയ വരുമാനം നേടിത്തരുന്ന രണ്ടാമത്തെ സ്രോതസ്സാണ് വ്യവസായമേഖല. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിന് അടുത്ത ചൊവ്വാഴ്ച ജിദ്ദ ചേംബര്‍ വിപുലമായ യോഗം വിളിച്ചു.

നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയ ഭൂരിഭാഗം മേഖലകളിലും ഏപ്രില്‍ 20 മുതല്‍ സൗദിവല്‍ക്കരണ തോത് ഉയര്‍ത്തും. ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് ആവശ്യമായ സൗദിവല്‍ക്കരണ തോത് ഉയര്‍ത്താനാണ് തൊഴില്‍ മന്ത്രാലയം ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്ഥാപന വിപുലീകരണത്തിനും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ആവശ്യമായ വിസ ലഭിക്കുന്നതിനും തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ലഭിക്കുന്നതിനും സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയിലാകണമെന്നാണ് നിര്‍ദേശം.

വ്യവസായശാലകളില്‍ നിയമിക്കാന്‍ മതിയായ യോഗ്യതയുള്ള സൗദികളെ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. വ്യവസായ സമൂഹത്തിന്റെ ആശങ്കക്കും കാരണമിതാണ്. ഈ സാഹചര്യത്തില്‍ സൗദിവത്ക്കരണ തോത് ഉയര്‍ത്തുന്നത് പ്രതികൂല സാഹചര്യമാണുണ്ടാക്കുകയെന്ന് വ്യവസായികള്‍ പറയുന്നു.

പരിഷ്‌കരിച്ച നിതാഖാത്തിന്റെ ഭാഗമായി ഏറ്റവും വലിയ ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയിലാകുന്നതിനുള്ള സൗദിവല്‍ക്കരണ തോത് 29 ശതമാനത്തില്‍നിന്ന് 44 ശതമാനമായി ഉയര്‍ത്താനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളടക്കമുള്ള ആയിരകണക്കായ പ്രവാസികളെ സാരമായി ബാധിക്കുന്നതാണ് ഈ തീരുമാനം.