• 23 Sep 2023
  • 03: 55 AM
Latest News arrow

സൗദിയില്‍ ചാരിറ്റി സൊസൈറ്റികളുടെ പരിപാടികള്‍ക്ക് കര്‍ശനവ്യവസ്ഥകള്‍

റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു. ഇനിമുതല്‍ ചാരിറ്റി സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും ഗവര്‍ണറേറ്റുകളുടെയും അനുമതി നിര്‍ബന്ധമാക്കി. ഇക്കാര്യം അറിയിച്ച് ഡെപ്യൂട്ടി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ഗവര്‍ണറേറ്റുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

ഉല്‍പന്നങ്ങളുടെ വിപണനം, സംഭാവന ശേഖരണം എന്നിവക്കെല്ലാം ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് അനുമതി വാങ്ങണം. സാമൂഹിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങാത്ത പരിപാടികള്‍ക്കുള്ള അനുമതിക്ക് ഗവര്‍ണറേറ്റുകള്‍ക്ക് അപേക്ഷിക്കുന്നതും വിലക്കി. സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ച വിശദമായ വിവരങ്ങള്‍, പങ്കെടുക്കുന്നവരുടെ പേരുവിവരം, സ്‌പോണ്‍സര്‍മാരുടെ പങ്ക് എന്നിവ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. പരിപാടിയുടെ ഒരു മാസംമുമ്പ് ഗവര്‍ണറേറ്റുകള്‍ക്ക് അപേക്ഷ നല്‍കിയിരിക്കണമൊണ് വ്യവസ്ഥ. ഇതിനു മുമ്പായി സാമൂഹികകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട് ചില സന്നദ്ധസംഘടനകള്‍ നിയമലംഘനങ്ങള്‍ നടത്തിയതായി അടുത്തിടെ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സംഭാവന ശേഖരണം നടത്തിയ ഓഫീസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടപ്പിച്ചു.