• 14 Dec 2018
  • 03: 14 AM
Latest News arrow

എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെകി'ല്‍നിന്ന് ഖത്തർ രാജിവച്ചു

ദോഹ: എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെകി'ല്‍ (Organization of the Petroleum Exporting Countries- OPEC) നിന്ന് രാജിവെക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന 15 രാജ്യങ്ങളുടെ കൂട്ടായ്മയാണിത് . ഖത്തര്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി സയിദ് ഷെരീദ അല്‍ കഅബിയാണ്  വാര്‍ത്താസമ്മേളനത്തില്‍   ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്തര്‍ പെട്രോളിയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തറിന്റെ പ്രധാന എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം.

ഊര്‍ജ്ജ മേഖലയില്‍ സ്വന്തം വഴിയില്‍ സഞ്ചരിക്കുകയാണ് ഖത്തര്‍ . ഒപെകിന്റെ കൂടെ നില്‍ക്കുമ്പോള്‍ പല തീരുമാനങ്ങളും വേഗത്തില്‍ എടുക്കുന്നതിന് ഖത്തറിന് തടസം നേരിടുന്നതിനാലാണ് ഒപെക് വിടുന്നതെന്ന് മന്ത്രി പറഞ്ഞു. 

സൗദി അറേബ്യയാണ് ഒപെകിലെ  പ്രധാന രാജ്യം. സൗദിയാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് . ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ കയറ്റി അയക്കുന്നുണ്ട്. അത്തരം രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. റഷ്യയും സൗദിയും എടുക്കുന്ന തീരുമാനങ്ങളാണ് എണ്ണ വില നിര്‍ണയിക്കുന്നത്. സൗദിയുടെ ഉപരോധങ്ങൾ ഖത്തറിനെ വലയ്ക്കുന്നുണ്ട് .എന്നാൽ ,ഒപെകില്‍ നിന്നുള്ള പിന്‍മാറ്റവും സൗദിസഖ്യത്തിന്റെ ഉപരോധവും തമ്മില്‍ ബന്ധമില്ലെന്നാണ്  അല്‍ കഅബി വ്യക്തമാക്കുന്നത്‍.

 2019 ജനുവരി ഒന്നുമുതല്‍ ഒപെകിന്റെ തീരുമാനങ്ങള്‍ ഖത്തറിന്റെ നയങ്ങളെ ബാധിക്കില്ല. ഉല്‍പ്പാദന നിയന്ത്രണവും കയറ്റുമതിയുമെല്ലാം ഖത്തര്‍ സ്വന്തമായി തീരുമാനിക്കും. ഒപെകിന്റെ കൂടെ നില്‍ക്കുന്നത് ഖത്തറിന്റെ ദീര്‍ഘകാല പദ്ധതികളെ ബാധിക്കുന്നുവെന്നാണ് ഖത്തറിന്റെ നിലപാട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍.  എണ്ണ, പ്രകൃതി വാതകം ഖത്തര്‍ കൂടുതലായി  ഉല്‍പ്പാദിപ്പിക്കും. വന്‍തോതില്‍ ഉല്‍പ്പാദനം നടക്കുകയും വിപണിയില്‍ ആവശ്യത്തിലധികം എണ്ണ എത്തുകയും ചെയ്താല്‍ വില ഇടിയും.