• 22 Sep 2023
  • 02: 59 AM
Latest News arrow

കുവൈത്തിലെ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധന റദ്ദാക്കി

കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വര്‍ദ്ധനക്ക് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നല്‍കിയ അനുമതി റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ എസ്സ അറിയിച്ചു. 2015-16 വര്‍ഷത്തെ ഫീസ് വര്‍ധനയാണ് റദ്ദാക്കിയത്്. ഫീസ് വര്‍ധനവിനൊടൊപ്പം മന്ത്രാലയം നിഷ്‌കര്‍ഷിച്ച അധ്യാപകരുടെ ശമ്പള വര്‍ധന നടപ്പാക്കാത്തത് കണ്ടെത്തിയതിനെ തുടര്‍ന്നാണു് നടപടി.
സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്നു വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ എസ്സ ഉത്തരവില്‍ വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇറാന്‍, അറബിക്, അമേരിക്ക, ഫ്രഞ്ച് തുടങ്ങിയ സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണ്.

കഴിഞ്ഞ നവംബറില്‍ നല്‍കിയ അനുമതിപ്രകാരം ചില ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ച ഫീസ് നിരക്ക് പ്രാവര്‍ത്തികമാക്കി വരുന്നതിനിടെയാണ് വര്‍ധന നിര്‍ത്തലാക്കി മന്ത്രിയുടെ ഉത്തരവ് വന്നത്.

ഉത്തരവനുസരിച്ച് അടുത്ത അധ്യയന വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ ഫീസ് മാത്രമേ ഇനി ഈടാക്കാന്‍ കഴിയു. 2016-17 വര്‍ഷത്തെ ഫീസ് നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പുതിയ നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.