• 22 Sep 2023
  • 04: 16 AM
Latest News arrow

വീട്ടുജോലി: ഇന്ത്യന്‍ തൊഴിലാളിക്ക് 100 ദിനാര്‍ കുറഞ്ഞ വേതനം നല്‍കണം

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വീട്ടുജോലിക്ക് കൊണ്ടുവരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം 100 കുവൈറ്റി ദിനാര്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മാര്‍ച് മാസം ഒന്ന് മുതല്‍ മാസ ശമ്പളം നൂറു ദിനാറായി രേഖപ്പെടുത്തിയ ജോബ് കോണ്‍ട്രാക്റ്റ് മാത്രമേ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. താമസം, ഭക്ഷണം തുടങ്ങി കരാറില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പുറമെയാണിത്.

നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച് വീട്ടു ജോലിക്കാര്‍ക്ക് 7075 ദിനാറായിരുന്നു ഏറ്റവും കുറഞ്ഞ ശമ്പളം. എന്നാല്‍ പലപ്പോഴും ഈ ശമ്പളം തന്നെ കിട്ടാത്ത അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 
വീട്ടുജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു മാസം മുമ്പ് 2500 ഡോളര്‍ സെക്യൂരിറ്റി തുകയായി കെട്ടിവെക്കണമെന്ന നിബന്ധന ഇന്ത്യന്‍ എംബസ്സി കൊണ്ടുവന്നിരുന്നു. എന്നാല്‍ വലിയ വിവാദത്തെ തുടര്‍ന്ന് ആ നിബന്ധന പിന്‍വലിക്കേണ്ടിവന്നു. ഇതിനെ തുടര്‍ന്ന് തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നത് ഇന്ത്യന്‍ എംബസി നിര്‍ത്തിവെക്കുകയും, ഫലത്തില്‍ ഇന്ത്യയില്‍ നിന്നും വീട്ടു ജോലിക്ക് ആളുകള്‍ വരുന്നത് മുടങ്ങുകയും ചെയ്തിരുന്നു. പുതിയ ഈ ഉത്തരവോടുകൂടി തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തല്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.