• 22 Sep 2023
  • 03: 04 AM
Latest News arrow

വിദേശ നിക്ഷേപം: സൗദിയില്‍ ഇനി മുതല്‍ വ്യക്തിഗത ലൈസന്‍സില്ല

ജിദ്ദ: സൗദിയില്‍ വിദേശ നിക്ഷേപം നടത്തുന്നതിന് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(സാജിയ) വിലക്കി. ഇനിമുതല്‍ സൗദിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ കമ്പനികള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ.

പുതിയ സാജിയ നിയമം അനുസരിച്ച് വ്യക്തികളായ വിദേശ നിക്ഷേപകര്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് സാജിയ ലൈസന്‍സ് വിഭാഗം മേധാവി എന്‍ജിനീയര്‍ ഫഹദ് അല്‍ ബൈശി പറഞ്ഞു. വിദേശ കമ്പനികള്‍ക്കും ഏതാനും കമ്പനികളടങ്ങിയ ഗ്രൂപ്പുകള്‍ക്കും മാത്രമേ പുതുതായി വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കൂ.
നേരത്തെ ലൈസന്‍സ് അനുവദിച്ച മുഴുവന്‍ വിദേശ നിക്ഷേപകരുടെയും ഫയലുകള്‍ പുനഃപരിശോധനക്കും സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നുണ്ട്. നേരത്തെ ലൈസന്‍സ് ലഭിച്ച വിദേശ നിക്ഷേപകര്‍ സൗദിയില്‍ വിദേശ നിക്ഷേപവുമായി ബന്ധമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും പൂര്‍ണമായും പാലിക്കണം.

ഇനിമുതല്‍ സൗദിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ആറു ദിവസത്തിനുള്ളില്‍ ലൈസന്‍സ് അനുവദിക്കും. നിലവിലുള്ള കമ്പനികളുടെ ലൈസന്‍സ് ഒരു ദിവസത്തിനുള്ളില്‍ പുതുക്കി നല്‍കും. പ്രവര്‍ത്തന മേഖല പുതുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഏഴു ദിവസത്തിനുള്ളിലും ലൈസന്‍സ് നല്‍കും. സൗദിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ സംശയ നിവാരണങ്ങള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കും.

ഭൂരിഭാഗം മേഖലകളിലും 75 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിക്കുന്നത്. വിദേശ നിക്ഷേപ പദ്ധതികളില്‍ സൗദി വ്യവസായികള്‍ക്ക് 25 ശതമാനം പങ്കാളിത്തം നല്‍കണം. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ രാജ്യത്ത് 2,788 വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഈ കമ്പനികളുടെ മൂലധനം 840 കോടി റിയാലാണ്. ഇവയില്‍ 40,839 സൗദികളും 2,53,959 വിദേശികളും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ വ്യക്തികളായ ആയിരക്കണക്കിന് വിദേശ നിക്ഷേപകര്‍ നേരത്തെ ലൈസന്‍സ് സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വ്യക്തികളായ നിക്ഷേപകര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ സാജിയ തീരുമാനിച്ചത്.