• 12 Dec 2018
  • 11: 18 PM
Latest News arrow

അധികാര തര്‍ക്കം മുറുകുന്നതിനിടെ ഗോവയിലെ രണ്ടു കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ വിദേശത്ത്

പനാജി: ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അധികാര തര്‍ക്കത്തിനിടെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്ത്യവിട്ടു. നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നുവെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വിദേശയാത്ര.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ജെന്നിഫര്‍ മോണ്‍സറേറ്റ്, ഫിലിപ് നെറി റോഡ്രിഗ്യൂസ് എന്നിവരാണ് ഇന്ത്യ വിട്ടത്. ഈയാഴ്ച കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് മുമ്പാകെ ഹാജരാക്കിയ എം.എല്‍.എമാരില്‍ ഇവരുമുണ്ടായിരുന്നു. ജെന്നിഫര്‍ ചൈനയിലേക്കും റോഡ്രിഗ്യൂസ് യൂറോപ്പിലേക്കുമാണ് പോയത്.പാര്‍ട്ടിയുടെ അറിവോടെയാണ് ഇവര്‍ വിദേശ യാത്രപോയതെന്നാണ് കോണ്‍ഗ്രസ് ഗോവ അധ്യക്ഷന്‍ ഗിരിഷ് ചോഡങ്കാര്‍ പറയുന്നത്. നേരത്തെ നിശ്ചയിച്ച പരിപാടിക്കു വേണ്ടിയാണ് ഇവര്‍ പോയതെന്നും പാര്‍ട്ടിയ്ക്ക് ആവശ്യം വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ അവര്‍ ഗോവയിലെത്തുമെന്നും അദ്ദേഹം പറയുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു. വിദഗ്ദധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയി മടങ്ങിയെത്തിയ ശേഷവും അനാരോഗ്യത്തെ തുടര്‍ന്ന് പരീക്കറിന് ഭരണ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. രോഗിയായ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പിയിപ്പോള്‍. അതിനിടെ,  നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം ബി.ജെ.പിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു.