മെസ്സിയുടെ നിര്‍ഭാഗ്യം, അര്‍ജന്റീനയുടെയും

ലയണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസത്തിന് ഇനിയും കാത്തിരിക്കണം. അര്‍ജന്റീനയ്ക്കുവേണ്ടി പ്രധാന കിരീടങ്ങളൊന്നും നേടിക്കൊടുത്തില്ലെന്ന കുറവ് നികത്താന്‍ ഈ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയത്തിലൂടെ സാധിക്കുമെന്നാണ് ഫുട്ബോള്‍ ലോകം കരുതിയിരുന്നത്. പക്ഷേ, വിധി നേരെ മറിച്ചായിരുന്നു.
ചിലിയിലെ സെന്റിയാഗോ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചേ ലോകത്തെ മികച്ച പ്രതിഭാധനരടങ്ങുന്ന അര്‍ജന്റീനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ച് ചിലി അവരുടെ 99 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടു. മെസ്സിയും ഡീമരിയയും അഗ്യുറോയുമടങ്ങുന്ന അര്‍ജന്റീനയുടെ വിഖ്യാതരായ മുന്നേറ്റ നിരയെ പിടിച്ചുകെട്ടിയതാണ് ചിലിയുടെ വിജയത്തിന് പ്രധാന കാരണമായത്. മധ്യനിരയില്‍ കളിയുണ്ടായില്ലെങ്കിലും ഇരുടീമിന്റെയും പ്രതിരോധനിര മികച്ച പ്രകടനം പുറത്തെടുത്തു.
ഈ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഏയ്ഞ്ചല്‍ ഡീമരിയയ്ക്ക് ഒന്നാം പകുതിയുടെ 28ാം മിനുട്ടില്‍ സംഭവിച്ച പരിക്കാണ് (തുടയിലെ പേശിവലിവ്) അര്‍ജന്റീനയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായത്. ഡിമരിയയുടെയും മെസ്സിയുടെയും മികച്ച അസിസ്റ്റുകളാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം സുഗമമാക്കാന്‍ പ്രധാന കാരണമായത്. ഡിമരിയ പുറത്തുപോയപ്പോള്‍ ഇറങ്ങിയ ലവേസി അദ്ദേഹത്തിന് ആവുംവിധം കളിച്ചെങ്കിലും ഫോമില്ലാതെ നിന്ന സെന്റര്‍ ഫോര്‍വേര്‍ഡ് അഗ്യൂറോയ്ക്ക് പകരമിറങ്ങിയ ബനേഗയ്ക്കും അവസരത്തിനൊത്തുയരാന്‍ പറ്റിയില്ലെന്നതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.
ചിലിയെ സംബന്ധിച്ച് അവരുടെ കൂട്ടായ്മ തന്നെയാണ് വിജയത്തിന്റെ പ്രധാനം. അര്‍ജന്റീനക്കാരനായ കോച്ച് സാംപോളിയുടെ തന്ത്രങ്ങളും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍ ക്ലബിന് കളിക്കുന്ന അലക്സി സാഞ്ചസും ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന വിറ്റാലും വര്‍ഗാസും വാള്സിവിയയുമൊഴികെ അത്ര സൂപ്പര്‍ താരങ്ങളല്ലാഞ്ഞിട്ടും ചില മികച്ച കളി കാഴ്ച വെച്ചു. പ്രതിരോധനിര, പ്രത്യേകിച്ച് മെഡലും ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ബ്രാവോയും ഉശിരന്‍ കളി പുറത്തെടുത്തു. മിഡ്ഫീല്‍ഡ് ജനറലായ വാള്ഡിവിയയെ പിന്‍വലിച്ചിട്ടും അവര്‍ പിടിച്ചുനിന്നു. മെസ്സിയെ ചിലി ടീം ഒന്നടങ്കം കയറൂരി വിടാതെ നോക്കുകയും ചെയ്തു.
ആദ്യത്തെ കോര്‍ണറിന് 35ാം മിനുട്ട് വരെ കാത്തിരിക്കേണ്ടിവന്നതിലൂടെ ഇരുടീമുകളുടെയും കളിയിലെ സൂക്ഷ്മത വ്യക്തമാണ്. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ സ്വന്തം കാണികളുടെ നിര്‍ലോഭ പിന്തുണയോടെ മത്സരിച്ച ചിലി ആവേശത്തോടൊപ്പം നിയന്ത്രണം വിടാതെ കളിച്ച് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി. ചിലിയേക്കാള്‍ അര്‍ജന്റീനയ്ക്കാണ് ഗോള്‍ സ്കോറിങ്ങിന് സാധ്യതയുണ്ടായിരുന്നത്. ഒന്നാം പകുതിയുടെ 46ാം മിനുട്ടില്‍ പാസ്റ്റ റോയുടെ കയ്യില്‍ നിന്ന് ഗോളിക്കു നേരെ അടിച്ചുകൊടുക്കാനേ സാധിച്ചുള്ളൂ. അതുപോലെ രണ്ടാം പകുതിയുടെ അവസാന മിനുട്ടില്‍ ലാവേസി ഹിഗ്വയ്ന് നല്കിയ പാസ് അദ്ദേഹത്തിന് ഒന്നു തൊട്ടുകൊടുത്താല്‍ മതിയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് പിഴച്ചു. ഈയൊരു നീക്കത്തില്‍ തന്നെ ഫൈനല്‍ ഹിഗ്വയ്ന്റതല്ലെന്ന് മനസ്സിലായി. അദ്ദേഹത്തെക്കൊണ്ട് ഷൂട്ടൗട്ടില്‍ കിക്കെടുപ്പിച്ചത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ആത്മവിശ്വാസമില്ലാത്ത സമയങ്ങളില്‍ ഏതൊരു കളിക്കാരനായാലും പിഴച്ചുപോകും, പ്രത്യേകിച്ച് പെനാള്‍ട്ടി കൂടിയാകുമ്പോള്‍. ഒരുപക്ഷേ അര്‍ജന്റീന കോച്ച് മാര്‍ട്ടിനോയ്ക്ക് വേറൊരു തിരഞ്ഞെടുപ്പിന് ആളില്ലാത്തതുകൊണ്ടാവാം.
ചിലിയുടെ എക്കാലത്തെയും വലിയ താരങ്ങളിലൊരാളായ അലക്സി സിഞ്ചസിലൂടെ ചിലി ചാമ്പ്യന്മാരാകുമ്പോള് ആ വലിയ കളിക്കാരന് അര്‍ഹിച്ച അര്‍ഹിച്ച അംഗീകാരം ലഭിച്ചിരിക്കയാണ്. കോപ്പ അമേരിക്കയിലെ അമ്പയറിങ്ങും കാര്‍ഡുകളുടെ പ്രളയവും ശരിക്കും ഫുട്ബോള്‍ ലോകം പഠിക്കേണ്ടതാണ്. ചുവപ്പ് കാര്‍ഡ് കുറേയധികം കളിക്കാര്‍ക്ക് കിട്ടിയിട്ടുണ്ട്. നിയമം കര്‍ശനമാക്കുകയും തെറ്റുചെയ്യാത്ത കളിക്കാരെ ശിക്ഷിക്കാതിരിക്കുകയും തെറ്റ് ചെയ്യുന്നവര്‍ക്ക് അര്‍ഹിച്ച ശിക്ഷ കൊടുക്കുക തന്നെ വേണം. എങ്കിലേ ഫുട്ബോള്‍ എന്ന മഹത്തായ കളി വളരുകയുള്ളൂ. ഈ കാര്‍ഡ് പ്രളയം ഫുട്ബോള്‍ ലോകത്തിന് ആശാസ്യമല്ല. ഫിഫയില്‍ നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ