ഇങ്ങനെയൊക്കെയാണ് ഞാന്‍, വേണമെങ്കില്‍ കെട്ടിക്കോ!

ബംഗളൂരൂ: മാതാപിതാക്കള്‍ വൈവാഹിക സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് മകള്‍ ഉണ്ടാക്കിയ സൈറ്റ് വൈറലാകുന്നു. ബംഗളുരുവിലെ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ഇന്ദുജ പിള്ളയാണ് marry.indhuja.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനില്‍ ശ്രദ്ധേയമാകുന്നത്.
ഇന്ദുജയുടെ മാതാപിതാക്കള്‍ കഴിഞ്ഞ മാസം വൈവാഹിക വെബ്സൈറ്റില്‍ മകള്‍ക്കു വരനെത്തേടി പരസ്യം നല്കി. എന്നാല്‍ താന്‍ എങ്ങനെയാണെന്നും തന്റെ കാഴ്ചപ്പാടുകളും വിവരിച്ച് വരനുണ്ടായിരിക്കേണ്ട ഗുണങ്ങളും വ്യക്തമാക്കി സ്വയം ഒരു സൈറ്റ് ഉണ്ടാക്കുകയും ചെയ്തു. താനൊരു ടോമ്പോയ് ആണെന്നും. മുട്ടറ്റം നീളാന്‍ പോയിട്ട് കെട്ടിവയ്ക്കാന്‍ പോലും മുടിയില്ലെന്നും വ്യക്തി വിശേഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവരണങ്ങള്‍ സത്യസന്ധമായതോടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് വിവാഹാഭ്യര്‍ഥനകളും വെബ്സൈറ്റ് മുഖേന ഇന്ദുജയ്ക്കു ലഭിച്ചു കഴിഞ്ഞു.
വരനെത്തേടി ഒരു സിവി എന്നാണ് ഇന്ദുജയുടെ വെബ്സൈറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇന്ദുജ സ്വന്തം വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തി കരിക്കുലം വിറ്റെ മാതൃകയിലാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. തനിക്ക് സമൃദ്ധമായി ജീവിക്കാനും കുറച്ച് യാത്രകള്‍ ചെയ്യാനുമുള്ള ശമ്പളവും സമ്പാദ്യവുമുണ്ടെന്നും. ബ്ലോഗിംഗ് അമച്വേര്‍ ഫോട്ടോഗ്രഫി എന്നിവ ഹോബികള്‍, ഹോളിവുഡ് ചിത്രങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, യാത്ര എന്നിവയില്‍ താല്പര്യമെന്നും ഇന്ദുജ പറയുന്നു. താടി വളര്‍ത്തിയ പുരുഷനെയാണ് പരിഗണിക്കുന്നതെന്ന് വരനെക്കുറിച്ചുള്ള സങ്കല്പങ്ങളില് പറയുന്നു. ലോകം കാണാന്‍ താല്പര്യമുള്ളയാളാകണം. ജോലിയെ സ്നേഹിക്കുന്നയാളും ജീവിക്കാന്‍ പണം സമ്പാദിക്കുന്നയാളും ആകണം. കുടുംബവുമായി അടുത്തബന്ധം പുലര്ത്തുന്നയാളല്ലെങ്കില് നന്ന്. കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കാത്തയാള്ക്കു മുന്‍ഗണനയെന്നും ഇന്ദുജ വെബ്സൈറ്റില്‍ പറയുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമാക്കി സ്വയം വിലയിരുത്തി കൊണ്ടുള്ള വെബ്സൈറ്റിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണുള്ളത്.