• 23 Sep 2023
  • 03: 18 AM
Latest News arrow

സൗദിയില്‍ പിടിയിലായ ഭീകരരില്‍ രണ്ട് ഇന്ത്യക്കാരും

മനാമ: ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരടക്കം 42 പേരെ സൗദി സുരക്ഷാസേന അറസ്റ്റു ചെയ്തു. കഴിഞ്ഞ രണ്ടാഴ്ക്കിടെ രാജ്യത്തെ വിവിധപ്രവിശ്യകളിലായി നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരെ സംബന്ധിച്ച കൂടുതല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജനുവരി 12 മുതല്‍ 25 വരെയായിരുന്നു സുരക്ഷാ സേനയുടെ ഓപ്പറേഷന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പത്തു ഭീകരരെ ഒറ്റ ദിവസത്തെ ഓപ്പറേഷനിലാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായവരില്‍ 32 പേര്‍ സ്വദേശികളാണ്. ആറ് യമന്‍ സ്വദേശികളും ഒരു ഈജിപ്തുകാരനും ഒരു മാലി പൗരനും പിടിയിലായവരില്‍ ഉണ്ട്. മാലി സ്വദേശി ഇതു രണ്ടാംതവണയാണ് ഭീകരപ്രവര്‍ത്തന കേസില്‍ പിടിയിലാകുന്നത്.
ഹിജ്‌റ വര്‍ഷം ആരംഭിച്ച ഒക്ടോബര്‍ 25 മുതല്‍ തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഇതോടെ 430 ആയി. സ്വദേശികള്‍ക്കുപുറമേ നിരവധി വിദേശികളും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

യമനില്‍നിന്നും ഹൗതി തീവ്രവാദികളും അല്‍ ഖായ്ദയും ഇറാഖില്‍നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും നുഴഞ്ഞു കയറുന്നത് തടയാന്‍ അത്യാധുനിക സുരക്ഷാസന്നാഹങ്ങളാണ് സമീപകാലത്തായി സൗദി സ്വീകരിച്ചിട്ടുള്ളത്. ജനുവരി അഞ്ചിന് ഉത്തര സൗദിയിലെ അറാര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സുവൈഫ് ബോര്‍ഡര്‍ പോസ്റ്റില്‍ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത് സൗദിയെ ഞെട്ടിച്ചിരുന്നു. സൈനികര്‍ക്ക് നേരെ പുലര്‍ച്ചെ നാലരയോടെ ചാവേര്‍ ആക്രമണമായിരുന്നു അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇറാഖ് മേഖലയില്‍നിന്നുള്ള ആക്രമണവും നുഴഞ്ഞുകയറ്റവും ചെറുക്കാന്‍ അതിര്‍ത്തിയില്‍ നോര്‍തേണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പ്രോജക്ട് എന്നപേരില്‍ 600 മൈല്‍ നീളത്തില്‍ സൗദി മതില്‍ നിര്‍മിക്കുന്നുണ്ട്. കിഴക്ക് കുവൈത്ത്, ഇറാഖ് അതിര്‍ത്തി സംഗമിക്കുന്ന ഹഫര്‍ അല്‍ ബാതിനില്‍ തുടങ്ങി ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തി പ്രദേശമായ തുറൈഫ് വരെയാണ് ഈ വന്‍മതില്‍. യമന്‍ അതിര്‍ത്തിയില്‍ നുയഞ്ഞുകയറ്റം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ആവിഷ്‌കരിച്ചു.