• 10 Jun 2023
  • 04: 50 PM
Latest News arrow

മോക്കിംഗ്ബേര്‍ഡിന് പിന്നാലെ അമ്പതു വര്‍ഷം കഴിഞ്ഞ് വാച്ച്മാന്‍

ന്യൂയോര്‍ക്ക്: ഹാര്‍പര്‍ ലീ ഇതുവരെ ഒറ്റ നോവലേ എഴുതിയിട്ടുള്ളൂ- ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്. ആ ഒറ്റ കൃതി മാത്രംമതി അവരുടെ പേര് നിലനിര്‍ത്താന്‍. ഇതിനോടകം പുസ്തകത്തിന്റെ മൂന്നു കോടിയിലധികം കോപ്പികള്‍ വിറ്റുപോയി. അമേരിക്കയിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി വായിച്ചിരിക്കേണ്ട പുസ്തകമാണ് അത് എത്രയോ കാലമായി. അരനൂറ്റാണ്ടു കഴിഞ്ഞ് ഇപ്പോള്‍ അതിന്റെ രണ്ടാംഭാഗം വരുന്നു. എന്നാല്‍ 'രണ്ടാം ഭാഗ'മാണ് ലീ ആദ്യം എഴുതിയത് എന്നതാണ് ഏറെ രസകരം.

മോക്കിംഗ് ബേര്‍ഡിന്റെ രണ്ടാം ഭാഗം 'ഗോ സെറ്റ് എ വാച്ച്മാന്‍ ' ജൂലായ് 14ന് ഇറങ്ങും.

88കാരിയായ ഹാര്‍പര്‍ ലീ ഈ നോവല്‍ അമ്പതുകളില്‍തന്നെ എഴുതി പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും മോക്കിംഗ് ബേര്‍ഡ് കഴിഞ്ഞിട്ടുമതി  അതിന്റെ പ്രസിദ്ധീകരണം എന്ന് എഴുത്തുകാരിയും പ്രസാധകരും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക്  ഇതിന്റെ കയ്യെഴുത്ത് പ്രതി കണ്ടുകിട്ടിയത്. മോക്കിംഗ് ബേര്‍ഡിലെ സ്‌കൗട്ട് എന്ന കൊച്ചു പെണ്‍കുട്ടി ഈ നോവലില്‍ സ്ത്രീയായി മുതിര്‍ന്നു കഴിഞ്ഞ ആളാണ്.

ഗോ സെറ്റ് എ വാച്ച്മാനില്‍ ഉള്ളതാണ് മുതിര്‍ന്ന സ്ത്രീയായ സ്‌കൗട്ട് എന്ന കഥാപാത്രം. ഈ നോവലില്‍ സ്‌കൗട്ടിന്റെ ഭൂതകാലം ഫഌഷ് ബാക്കായി പരാമര്‍ശിക്കുന്നതു വായിച്ച് രസം തോന്നിയ പുസ്തകത്തിന്റെ എഡിറ്റര്‍, കുട്ടിയായ സ്‌കൗട്ടിന്റെ കാഴ്ചപ്പാടില്‍നിന്ന് ഒരു നോവലെഴുതാന്‍ എഴുത്തുകാരിയെ പ്രേരിപ്പിച്ചു.

'ഞാന്‍ ആദ്യമായി പുസ്തകം എഴുതുന്ന ആളായിരുന്നു. അതുകൊണ്ട് പറഞ്ഞതു പോലെ ചെയ്തു. പക്ഷെ അത് (ആദ്യത്തെ പുസ്തകം) എവിടെയോ കിടപ്പുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ  പ്രിയ സുഹൃത്തും വക്കീലുമായ ടോഞ്ജ കാര്‍ട്ടര്‍ ഇത് കണ്ടെടുത്തപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. എനിക്ക് വിശ്വാമുള്ള പലരേയും അത് കാണിച്ചു. അത് പ്രസിദ്ധീകരിക്കാന്‍ കൊള്ളാമെന്ന് പറഞ്ഞുകേട്ടതോടെ എനിക്ക് സന്തോഷമായി. ഇത്രയും വര്‍ഷം കഴിഞ്ഞിട്ട് അത് പ്രസിദ്ധീകരിക്കുകയാണെന്ന് അറിയുമ്പോള്‍ എനിക്ക് അത്ഭുതവും എളിമയും  തോന്നുന്നു.'

മോക്കിംഗ് ബേര്‍ഡ് 1960ലാണ് പുറത്തിറങ്ങിയത്. നോവലിന് പുലിറ്റ്‌സര്‍ പ്രൈസ് കിട്ടുകയുണ്ടായി. 1962ല്‍ ഇത് സിനിമയുമായി. ആറ്റിക്കസ് ഫിഞ്ചായ അഭിനയിച്ച ഗ്രിഗറി പെക്കിന് ഓസ്‌ക്കറും കിട്ടി. ജീന്‍ ലൂയിസ് ഫിഞ്ച് എന്ന സ്‌കൗട്ടാണ് വാച്ച്മാനിലെ മുഖ്യകഥാപാത്രം. തന്റെ അച്ഛനായ ആറ്റിക്കസ് ഫിഞ്ചിനെ കാണാന്‍ മെയ്‌കോംബെന്ന തന്റെ നഗരത്തിലേക്ക് തിരിച്ചു വരികയാണ് സ്‌കൗട്ട്. സമൂഹത്തോടുള്ള തന്റെ അച്ഛന്റെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സ്‌കൗട്ട് വ്യക്തിപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളുമായി കെട്ടിമറിയുകയാണ് നോവലില്‍.

ഗോ സെറ്റ് എ വാച്ച്മാനെ വായനക്കാര്‍ എങ്ങനെ സ്വീകരിച്ചാലും പുസ്തക പ്രസാധന രംഗത്തും സാഹിത്യ ചരിത്രത്തിലും അതിന്റെ പ്രസിദ്ധീകരണം സ്ഥാനം പിടിക്കും.

ഒരേ കഥാപാത്രങ്ങള്‍ തന്നെ തുടര്‍ച്ചയായി വരുന്ന പ്ലാനറ്റ് ഓഫ് ദി എയ്പ്‌സ് പോലുള്ള  സിനിമകളില്‍ ഒരു സിനിമയുടെ ആദ്യ ഭാഗം പിന്നീട് ഇറങ്ങുന്ന രീതി കാണാം. തുടര്‍ച്ചയെ കാണിക്കാന്‍  സീക്വെല്‍ എന്നു പറയുമ്പോലെ പ്രീക്വെല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്.