• 25 Jan 2021
  • 07: 11 AM
Latest News arrow

പണത്തില്‍ ഇംഗ്ലണ്ട് പ്രായത്തില്‍ ഇന്ത്യ

ലണ്ടന്‍: ലോകത്തെമ്പാടുമുള്ള ക്ലബ്ബുകളില്‍ ഏറ്റവും സമ്പന്നര്‍ ഇംഗ്ലീഷ് ടീമുകള്‍ തന്നെ. കളിക്കാരെ സമ്പാദിക്കുന്നതിന് അവര്‍ ചെലവഴിച്ച  പണം  മറ്റുള്ളവരേക്കാള്‍ എത്രയോ കുടുതലാണ്. ഇന്ത്യക്കും ഈ കണക്കുകളില്‍ ഒരു ഒന്നാം സ്ഥാനമുണ്ട്. ഏറ്റവും പ്രായം കൂടിയ കളിക്കാരെ കൊണ്ടു വന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കളിക്കാരുടെ പ്രായക്കൂടുതല്‍ തന്നെ ഇതിന് കാരണം. ഇന്ത്യയില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട കളിക്കാരുടെ ശരാശരി പ്രായം 28 കൊല്ലവും 10 മാസവുമാണ്.

ചൈന ഫുട്‌ബോളില്‍ വലിയ തോതില്‍ പണമൊഴുക്കുന്നു എന്നതാണ് ഫിഫ പുറത്തുവിട്ട കണക്കുകളിലെ കൗതുകകരമായ കാര്യം. 2014ല്‍ അവര്‍ കളിക്കാര്‍ക്കായി 10 കോടി ഡോളര്‍ (630 കോടി രൂപ) ചെലവിട്ടു. ലോകത്തിലെ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇതോടെ ചൈനയും പെട്ടു.

കഴിഞ്ഞവര്‍ഷം ഇംഗ്ലീഷ് ക്ലബ്ബുകള്‍ കളിക്കാരെ സമ്പാദിക്കാന്‍വേണ്ടി ചെലവഴിച്ചത് 120 കോടി ഡോളറാണ് ( ഏതാണ്ട് 7560 കോടി രൂപ). തൊട്ടുപിന്നാലെ വരുന്ന സ്പാനിഷ് ക്ലബ്ബുകളുടെ ചെലവ് 70 കോടി ഡോളറേ വരൂ (4450കോടി രൂപ) ലോകത്ത് മൊത്തം ചെലവഴിക്കപ്പെട്ടതിന്റെ കാല്‍ ഭാഗത്തിലധികംവരും ഇംഗ്ലീഷ് ക്ലബ്ബുകള്‍ ചെലവിട്ട പണം. കഴിഞ്ഞ വര്‍ഷം ആകെ ഈ ആവശ്യത്തിനായി ലോകത്തിലെ ക്ലബ്ബുകള്‍ ചെലവഴിച്ചത് 410കോടി ഡോളറാണ് (25830 കോടി രൂപ). ആദ്യമായി കളിക്കാര്‍ക്ക് വേണ്ടി ചെലവിട്ട തുക ഇതോടെ 400 കോടി ഡോളര്‍ കടന്നു.

ലോകത്തെമ്പാടും കഴിഞ്ഞ വര്‍ഷം 13090 കളിക്കാര്‍ ക്ലബ്ബ് മാറിയിട്ടുണ്ട്. അവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബ്രസീലുകാരാണ്. 1335 ബ്രസീലുകാര്‍ വരികയും പോകുകയും ചെയ്തു. തൊട്ടുപിന്നാലെ ഇംഗ്ലണ്ടും മൂന്നാമതായി പോര്‍ച്ചുഗലും വരുന്നു.

ടിവി സംപ്രേഷണത്തില്‍ നിന്നുള്ള വരുമാനമാണ്  ഇംഗ്ലീഷ് ക്ലബ്ബുകളുടെ മുഖ്യ ധനസ്രോതസ്സ്. 2016-17 മുതല്‍ 18-19 വരെയുള്ള സംപ്രേഷണാവകാശമാണ് ലേലത്തിലൂടെ നല്‍കുക. കഴിഞ്ഞതവണ ഇതിലൂടെ ലഭിച്ച വരുമാനം 302 കോടി ഡോളറായിരുന്നു (19026 കോടി രൂപ). കളിക്കാരുടെ കൈമാറ്റംവഴി ഏറ്റവുംകൂടുതല്‍ പണം ലഭിച്ചത് സ്പാനിഷ് ക്ലബ്ബുകള്‍ക്കായിരുന്നു.

യൂറോപ്പില്‍ ജനവരി, ജൂലായ്, ആഗസ്ത് മാസങ്ങളാണ് ട്രാന്‍സ്ഫറിന്റെ കാലം. ഇപ്രാവശ്യത്തെ ട്രാന്‍സ്ഫര്‍ ഫെബ്രുവരി രണ്ടോടെ സമാപിക്കും.