നിയാണ്ടര്താലിനെ തോല്‍പ്പിക്കാന്‍ സഹായിച്ചത് നായ്ക്കള്‍

ലണ്ടന്‍: ഹോമോസേപ്പിയന്‍സ് എന്ന് പേരുളള ആധുനിക മനുഷ്യന്റെ പിറവിക്കും മുമ്പെ ജീവിച്ചിരുന്ന, മനുഷ്യനോട് സാമ്യമുള്ള വംശമാണ് നിയാണ്ടര്താല്. മനുഷ്യന്റെ വരവോടെ ഇവര്‍ കുറ്റിയറ്റു പോയതിന് ഒരു കാരണം മനുഷ്യന് ചെന്നായെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയതാണെന്ന് കരുതുന്നു. വേട്ടയ്ക്ക് ചെന്നായില്‍ നിന്ന് രൂപപ്പെട്ട നായ്ക്കളെ മനുഷ്യന് ഉപോയോഗപ്പെടുത്തിവന്നതോടെ ഈ മത്സരത്തില്‍ നിയാണ്ടര്താല് പിന്നിലായെന്നും അതോടെ അവര്‍ നാമാവശേഷരായെന്നും പെന്‍സില്‍വേനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രഫ. പാറ്റ് ഷിപ്പ്മാന് അഭിപ്രായപ്പെട്ടു.
നായയെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയിട്ട് 10000 കൊല്ലമേ ആയിട്ടുള്ളൂ എന്നാണ് നിലവിലുള്ള ധാരണ. പ്രഫ. ഷിപ്മാന്റെ അഭിപ്രായം ഈ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ്. ചെന്നായെ 70000 വര്‍ഷം മുമ്പെങ്കിലും മനുഷ്യന് ഇണക്കിയിരിക്കണം എന്നാണ് അവരുടെ പക്ഷം. ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് മനുഷ്യന് കുടിയേറിയ ഉടനെ ഇത് നടന്നിരിക്കണം. ഇപ്പോഴത്തെ നായ, ചെന്നായുടെ പിന്‍ഗാമിയാണ്.
യൂറോപ്പില്‍ രണ്ടു ലക്ഷം വര്‍ഷത്തോളം നിയാണ്ടര്താല് പാര്‍ത്തിരുന്നു. എന്നാല്‍ മനുഷ്യന് ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്തിക്കഴിഞ്ഞ് ഏതാനു ആയിരം വര്‍ഷങ്ങള്‍ കൊണ്ട് നിയാണ്ടര്താല് ഇല്ലാതായി. ചെന്നായുടെ സഹായവും മെച്ചപ്പെട്ട ആയുധങ്ങളും നിയാണ്ടര്താലിനെ പിന്തള്ളാന് മനുഷ്യനെ സഹായിച്ചു. മനുഷ്യന് ആധിപത്യം നേടാന്‍ കാരണം ഇതാണ്.
വേട്ട മൃഗങ്ങളെ ചെന്നായ് -നായക്കള് പിന്തുടര്ന്നോടിച്ച് തളര്‍ത്തിയിരിക്കണം. അങ്ങനെ തളര്‍ന്ന കാട്ടുപോത്തു പോലുള്ള മൃഗങ്ങളെ അമ്പും വില്ലും കുന്തവും ഉപയോഗിച്ച് വേട്ടക്കാര്‍ കൊല്ലുന്നു. നായക്കളും മനുഷ്യനും ഇറച്ചി പങ്കിടുന്നു. ഇതാണ് സംഭവിച്ചിട്ടുണ്ടാകുക എന്നാണ് പ്രൊ ഷിപ്മാന്റെ നിഗമനം.
4000 വര്‍ഷം മുമ്പ് വരെ നിയാണ്ടര്‍താലും മനുഷ്യനും യുറോപ്പില്‍ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. ഇവര്‍ തമ്മില്‍ ശാരീരിക ബന്ധവും ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. യൂറോപ്പിലെ നിയാണ്ടര്താലുകളില് അവസാനത്തെ കൂട്ടര് ഇപ്പോഴത്തെ ബെല്‍ജിയത്തിലാണ് ഗുഹകളില്‍ കഴിഞ്ഞിരുന്നത്.