• 10 Jun 2023
  • 05: 11 PM
Latest News arrow

തൊഴില്‍ തര്‍ക്ക കേസുകള്‍: സഹായത്തിന് സൗദിയില്‍ ഇനി കോള്‍ സെന്ററുകളും

പ്രവാസികള്‍ക്ക് ഗുണകരം

മനാമ: തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായം നല്‍കാനായി സൗദി തൊഴില്‍മന്ത്രാലയം കോള്‍ സെന്ററുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി മക്ക, റിയാദ്, അറാര്‍, ഹായില്‍, നജ്‌റാര്‍, ജിസാന്‍ എന്നിവടങ്ങളില്‍ സെന്ററുകള്‍ തുറന്നു. മറ്റു മേഖലകളിലേക്കും സെന്റര്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായാണിത്.

തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ നേരിട്ട് ചെല്ലാതെതന്നെ അധികൃതരുമായി തൊഴിലാളികള്‍ക്ക് ആശയവിനിമയത്തിന് അവസരം നല്‍കുന്നതാണ് കോള്‍സെന്ററുകള്‍. തൊഴിലാളിക്ക് കേസ് സംബന്ധിച്ച് കോള്‍ സെന്റര്‍ മാര്‍ഗനിര്‍ദേശം നല്‍കും. കൂടാതെ, കക്ഷികള്‍ക്ക് കേസിലെ അടുത്ത വിചാരണയും കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ച് വിവരം നല്‍കുകയും ചെയ്യും.

കോള്‍ സെന്ററിലെ ജീവനക്കാരെല്ലാം വനിതകളാണെന്ന പ്രത്യേകതയുണ്ട്. വിളിക്കുന്നയാള്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പരിശീലനം സിദ്ധിച്ചവരാണ് ഈ ജീവനക്കാരെന്ന് അധികൃതര്‍ വ്യക്തമാക്കി.

കത്തുകളിലൂടെ സമഗ്രമായ ആശയ വിനിമയ സംവിധാനവും തൊഴില്‍ തര്‍ക്ക പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കക്ഷികള്‍ക്ക് അറിയിപ്പുകള്‍ കൃത്യസമയത്തുതന്നെ ലഭ്യമാക്കാനായി സൗദി പോസ്റ്റും അരാമക്‌സും കരാര്‍ ഒപ്പുവെച്ചു.

അറബിക് സംസാരിക്കാത്ത തൊഴിലാളികള്‍ക്കായി തര്‍ജമ വിഭാഗവും മന്ത്രാലയം ആരംഭിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവടങ്ങളിലാണ് തര്‍ജമ ഓഫീസ് പ്രവര്‍ത്തിക്കുക. ഉറുദു, ഇംഗ്ലീഷ്, ഫിലിപ്പൈന്‍സ് ഭാഷയായ ടകലോഗ് എന്നിവയില്‍ തര്‍ജമ നേരിട്ടോ ഫോണ്‍ മുഖേനയോ ആവശ്യക്കാരന് ലഭ്യമാക്കും.

സൗദിയിലെ ലക്ഷകണക്കിനു വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് കോള്‍സെന്ററും തര്‍ജമ വിഭാഗവും. നിലവില്‍ സ്‌പോസര്‍മാരുമായി ബന്ധപ്പെട്ട തൊഴില്‍തര്‍ക്ക കേസുകളില്‍ മന്ത്രാലയത്തില്‍ നേരിട്ട് ചെല്ലേണ്ട അവസ്ഥയാണ് വിദേശ തൊഴിലാളികള്‍ക്കുള്ളത്. ഭാഷാപ്രശ്‌നം കൂടിയാകുമ്പോള്‍ തൊഴിലാളികള്‍ക്കത് ദുരിതവുമാകുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം വിദേശ തൊഴില്‍ സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്.

ശമ്പളം മാസങ്ങളായി നല്‍കാത്തതും കരാറില്‍ പറഞ്ഞ ശമ്പളം നല്‍കാത്തതും വ്യാജ ഹുറൂബും മറ്റുമായി തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നല്‍കിയ പരാതികളില്‍ തീരുമാനം അറിയാനും കേസുകള്‍ എവിടെ എത്തിനില്‍ക്കുന്നു എറിയാനും കോള്‍ സെന്ററിനെ സമീപിച്ചാല്‍ മതിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന ജിദ്ദ, ദമാം മേഖലകളിലും കോള്‍സെന്റര്‍ വൈകാതെ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദേശതൊഴിലാളികള്‍.