• 23 Sep 2023
  • 02: 56 AM
Latest News arrow

ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ക്ക് ഗള്‍ഫ് പ്രവേശനം തടയും

 

മനാമ: ക്രിമിനല്‍ കേസില്‍ അകപ്പെട്ടവര്‍ വീണ്ടും എത്തുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നൂതന പദ്ധതി ആവിഷ്‌കരിക്കുന്നു.  ഇതിനു മുന്നോടിയായി വിദേശ തൊഴിലാളികളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ സംയുക്ത ഡാറ്റാബേസ് പദ്ധതി ജിസിസി അംഗ രാജ്യങ്ങളില്‍ തുടങ്ങി.

എല്ലാ അംഗ രാജ്യങ്ങളിലെയും വിദേശ തൊഴിലാളിയുടെ പൂര്‍ണ വിവരം, സിവില്‍, ക്രിമിനല്‍ നിയമ ലംഘനമുണ്ടെങ്കില്‍ അത്, ശിക്ഷിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ എന്നിവ ഡാറ്റ ബേസില്‍ ഉണ്ടാകും. നേരത്തെ താമസിച്ച ഗള്‍ഫ് രാജ്യത്ത് വിദേശ തൊഴിലാളി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം തൊഴിലാളിക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണിത്. അത്തരം തൊഴിലാളികള്‍ ഏതെങ്കിലും അംഗ രാജ്യത്തു കഴിയുന്നതായി കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിച്ച് അവരെ നാടുകടത്തും.

ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും എന്‍ട്രി പോയിന്റുകളിലെ എമിഗ്രേഷന്‍ കംപ്യൂട്ടറുകളെ ഈ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിരിക്കും. എന്നാല്‍, സ്വന്തം രാജ്യത്തുനിന്ന്   പാസ്‌പോര്‍ട്ടടക്കം വ്യാജ രേഖകളുമായെത്തുന്ന പ്രവാസി തൊഴിലാളിയെ കണ്ടെത്തുക വളരെ ദുഷ്‌കരമായിരിക്കുമെന്നാണ് റിക്രൂട്ട്‌മെന്റ് മേഖലയില്‍നിന്നുള്ളവരുടെ അഭിപ്രായം. അതേസമയം, ജിസിസി രാജ്യങ്ങളിലെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ അംഗീകാരത്തിന് വിധേയമായായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ജിസിസി വൃത്തങ്ങള്‍ അറിയിച്ചു.

വിദേശ തൊഴിലാളികളുടെ ഡാറ്റാ ബേസും ഇതു നടപ്പാക്കേണ്ട സംവിധാനവും കഴിഞ്ഞ ഒക്‌ടോബറില്‍ ചേര്‍ന്ന ജിസിസി യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നൂതന പദ്ധതി ആവിഷ്‌കരിച്ചത്. ക്രിമിനല്‍ കേസില്‍ നാടുകടത്തിയവര്‍ വ്യാജ യാത്രാ രേഖകളുമായി വീണ്ടും അംഗ രാജ്യങ്ങളിലോ അതേ രാജ്യത്തോ എത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരക്കാരെ നേരിടാന്‍ നേരത്തെ ആവിഷ്‌കരിച്ചിരുന്ന നടപടികള്‍ ഒന്നും ഫലപ്രദമായിരുന്നില്ല. ഈ പാശ്ചാത്തലത്തിലാണ് ഇവരുടെ ജൈവ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി പാശ്ചാത്യ മാതൃകയില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. സമീപ ഭാവിയില്‍ ഗള്‍ഫിലേക്ക് പ്രവാസി തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സഹകരണവും ആവാം.

അതേസമയം, പദ്ധതി സംബന്ധിച്ച് പ്രവാസികളില്‍ ആശങ്കയേറെയാണ്. സൗദിയില്‍ സ്‌പോസറില്‍നിന്നും ഒളിച്ചോടിയവരും കുവൈത്തില്‍ വാഹനാപകട കേസില്‍പ്പെട്ടവരുമായി നിരവധി പേര്‍ സമീപ കാലത്തായി നാടുകടത്തലിനുവിധേയരായി. നിരവധി മലയാളികള്‍ ഇതില്‍ ഉള്‍പ്പെടും. ഇത്തരക്കാര്‍ക്ക് പുതിയ വിസയില്‍ വീണ്ടും ഗള്‍ഫില്‍ എത്തുതിന് നിയമം തടസമായേക്കും.

ആറംഗ ജിസിസി രാജ്യങ്ങളിലായി രണ്ടു കോടിയോളം പ്രവാസി തൊഴിലാളികളുണ്ട്. ജിസിസിയുടെ മൊത്തം തൊഴില്‍ സേനയുടെ 70 ശതമാനം വരുമിത്. വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാനുള്ള പദ്ധതികളുടെ ഭാഗമാണിതെന്ന് സൂചനയുണ്ട്.

കുറ്റ കൃത്യങ്ങളുടെ നിരക്ക് സമീപകാലത്തായി ഗണ്യമായി വര്‍ധിച്ചതും അധികൃതരെ കര്‍ശന നടപടിക്ക് പ്രേരിപ്പിക്കുന്നു. പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിനു കാരണമെന്ന വാദം ചില കോണുകളില്‍നിന്ന്  ഉയരുന്നുണ്ട്. വര്‍ധിച്ചുവരുന്ന കുടിയേറ്റ തൊഴിലാളികള്‍, പ്രത്യേകിച്ചും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ഭരണകൂടങ്ങള്‍ വൈകരുന്ന ഈയിടെ  ജിസിസി ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.