ഐപിഎല്‍: യുവരാജിന് 16 കോടി

ബംഗളൂരു: ലോകകപ്പ് ടീമില്‍ പെട്ടില്ലെങ്കിലും യുവരാജ് സിങിനെ ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടി രൂപയ്ക്ക് സ്വന്തമാക്കി. ദിനേശ് കാര്‍ത്തിക്കിനെ ബംഗളൂര് റോയല്‍ ചാലഞ്ചേഴ്സ് 10.5 കോടിക്ക് എടുത്തപ്പോള്‍ ഹാഷിം അംല, കുമാര്‍ സംഗക്കാര, മാഹേല ജയവര്‍ധന, റോസ് ടെയ്ലര് എന്നിവരെ ആദ്യ റൗണ്ടിലെ ലേലത്തില്‍ ആരും സ്വീകരിച്ചില്ല.
ആഞ്ചലോ മാത്യൂസ് (7.5 കോടി ഡിഡി), ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് (3.8 കോടി സണ്‍റൈസേഴ്സ് ഹൈദരാബാദ്), അമിത് മിശ്ര (3.5 കോടി ഡിഡി), ഓസ്ട്രേലിയയുടെ ഓപ്പണര്‍ ആറണ്‍ ഫിഞ്ച് (3.2 കോടി മുംബൈ ഇന്ത്യന്‍സ്) എന്നിവര്‍ക്ക് നല്ല കരാറുകള്‍ നേടാനായി.
യുവരാജിന്റെ അടിസ്ഥാന വില 2 കോടിയായിരുന്നു. ഡിഡിയും റോയല്‍ ചാലഞ്ചേഴ്സും തമ്മില്‍ ഈ കളിക്കാരനു വേണ്ടി പിടിവലിയുണ്ടായിരുന്നു. മുരളി വിജയ്യെ 3 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബ് ടീമിലെടുത്തു. ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനെ 1.5 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് എടുത്തപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പ്രവീണ്‍ കുമാര്‍ 2.2 കോടിക്ക് സണ്‍റൈസേഴ്സിലേക്ക് പോയി.
ചേതേശ്വര്‍ പൂജാര, പങ്കജ് സിങ്, മുനാഫ് പട്ടേല്‍, ബ്രാഡ് ഹോഡ്ജ്, കാമറൂണ്‍ വൈറ്റ്, ലൂക്ക് റോഞ്ചി, മാര്‍ലണ്‍ സാമുവല്‍സ് എന്നിവരെ ആദ്യറൗണ്ടില്‍ ആരും ടീമിലെടുത്തില്ല.
ഐപിഎല്‍ 8 ഏപ്രില്‍ 8 ന് തുടങ്ങി മെയ് 24 ന് അവസാനിക്കും.