അബ്ദുള്ള രാജാവിന് ലോകം വിട നല്‍കി

റിയാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. വെള്ളിയാഴ്ച അസര്‍ നമസ്‌കാരനാന്തരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ മയ്യത്ത് നമസ്‌കാരം നടന്നു. തുടര്‍ന്ന് റിയാദിലെ അല്‍ ഔദ് സെമിത്തേരിയില്‍ മൃതദേഹം കബറടക്കി. അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളും അംബാസഡര്‍മാരും മന്ത്രിമാരും ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥന്‍മാരും പങ്കെടുത്തു.
അബ്ദുള്ള രാജാവ് സൗദി സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്തരിച്ചത്. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫഹദ് രാജാവിന്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ആഗസ്റ്റ് ഒന്നിനാണ് അബ്ദുള്ള രാജാവ് സ്ഥാനമേറ്റത്.
സൗദി രാജ പദവിയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയായിരുന്നു അബ്ദുല്ല രാജാവ്. ജനങ്ങള്‍ക്കിടയിലും മേഖലയിലും ഏറ്റവും സ്വധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലം സൗദിക്ക് വികസനത്തിന്റെയും പരിഷ്‌കരണത്തിന്റെയും സുവര്‍ണകാലമായാണ് വിലയിരുത്തപ്പെടുന്നത്.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സൗദ് രാജാവിന്റെയും ഫഹദ ബിന്‍ത് അസി അല്‍ ശുറൈമിന്റെയും മൂത്തപുത്രനായി 1924 ആഗസ്ത് ഒന്നിനാണ് ജനനം. 1961 ല്‍ മക്ക മേയറായി ഭരണരംഗത്തേക്ക് പ്രവേശിച്ചു. 1962 മുതല്‍ 2010 വരെ സൗദി നാഷണല്‍ ഗാര്‍ഡ് കമാന്‍ഡറായി സേവനം അനുഷ്ഠിച്ചു. 1982 ല്‍ കിരീടവകാശിയായി. 13 വിവാഹം ചെയ്ത അബ്ദുള്ള രാജാവിന് ഏഴ് ആണ്‍മക്കളും 15 പെണ്‍മക്കളുമുള്ളതായി ഗള്‍ഫ് ന്യൂസ് ആര്‍ക്കൈവ് പറയുന്നു.