• 18 Aug 2022
  • 02: 52 PM
Latest News arrow

'ഫിലിം ഇൻ ദ ടൈം ഓഫ് കൊറോണ' അഥവാ കൊറോണക്കാലത്ത് തരംഗമായി ഒരു പഴയ ചലച്ചിത്രം

ലോകമെങ്ങും കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയിൽ മുഴുകുമ്പോൾ തരംഗമാകുന്നത് 2011-ൽ സ്റ്റീവൻ സോഡർബർഗ് എന്ന വിഖ്യാത സംവിധായകന്റെ ത്രില്ലർ 'കൺടാജിയോൺ' (പകർച്ചവ്യാധി) എന്ന ഹോളിവുഡ് ചലച്ചിത്രമാണ്. മരിയൻ കോട്ടിലാർഡ്, ബ്രയാൻ ക്രാൻസ്റ്റൺ, മാറ്റ് ഡാമൺ, ലോറൻസ് ഫിഷ്ബേൺ, ജൂഡ് ലോ, ഗ്വിനെത്ത് പാൽട്രോ, കേറ്റ് വിൻസ്ലെറ്റ്, ജെന്നിഫർ എഹ്‌ലെ എന്നിവരാണ് ഇതിലെ അഭിനേതാക്കൾ.

ഒരു വൈറസിന്റെ വ്യാപനം, മെഡിക്കൽ ഗവേഷകരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും രോഗം തിരിച്ചറിയുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നത്, ഭീതിദമായ അവസ്ഥയിൽ സാമൂഹിക വ്യവസ്ഥ തകിടം മറിയുന്നത്, ഒടുവിൽ വൈറസിന്റെ  വ്യാപനം തടയുന്നതിനുള്ള ഒരു വാക്സിൻ കണ്ടെത്തുന്നത് എന്നിവയൊക്കെ ഈ ചലച്ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  സോഡർബർഗിന്റെ നിരവധി സിനിമകളിൽ കാണാറുള്ള  വിവിധാഖ്യാന ശൈലിയിലാണ് 'കൺടാജിയോൺ' പുരോഗമിക്കുന്നത്.

ഇൻഫോർമന്റ് (2009) എന്ന സിനിമയ്ക്ക് ശേഷമാണ് സോഡർബർഗും തിരക്കഥാകൃത്ത് സ്കോട്ട് ഇസഡ് ബേൺസും ഒരു വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ ചിത്രീകരിക്കുന്ന മെഡിക്കൽ ത്രില്ലർ ഫിലിം എന്ന ആശയവുമായി മുന്നോട്ട് വരുന്നത്.  2003-ലെ സാർസ് (SARS) പകർച്ചവ്യാധി, 2009 ലെ ഫ്ലൂ തുടങ്ങിയ വിവിധ പകർച്ചവ്യാധികളായിരുന്നു ഈ ചിത്രത്തിന് പ്രചോദനമായത്.

ഇതിനെക്കുറിച്ച് ധാരണയുണ്ടാക്കാൻ  ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമായും പ്രശസ്ത മെഡിക്കൽ വിദഗ്ധരായ ഡബ്ല്യു. ഇയാൻ ലിപ്കിൻ, ലോറൻസ് "ലാറി" ബ്രില്യന്റ് എന്നിവരുമായും തിരക്കഥാകൃത്ത് ബേൺസ് ചർച്ച നടത്തി.  2010 സെപ്റ്റംബറിൽ ഹോങ്കോങ്ങിലാണ് ചിത്രീകരണം തുടങ്ങിയത്. തുടർന്ന് ചിക്കാഗോ, അറ്റ്ലാന്റ, ലണ്ടൻ, ജനീവ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ 2011 ഫെബ്രുവരി വരെ ചിത്രീകരണം തുടർന്നു.

2011 സെപ്റ്റംബർ 3 ന് ഇറ്റലിയിലെ വെനീസിൽ നടന്ന 68-ാമത് വെനീസ് ചലച്ചിത്രമേളയിലാണ്   'കൺടാജിയോൺ' പ്രീമിയറായി പ്രദർശിപ്പിച്ചത്. തുടർന്ന്  സെപ്റ്റംബർ 9 ന് റിലീസ് ചെയ്തു. നിരൂപക പ്രശംസയും  ചിത്രത്തിന്റെ കൃത്യതയ്ക്ക്  ശാസ്ത്രജ്ഞരുടെ പ്രശംസയും ഈ ചിത്രം നേടി. വാണിജ്യപരമായും  ചിത്രം വിജയിച്ചു.  60 മില്യൺ ഡോളർ ചിലവഴിച്ച് നിർമ്മിച്ച   'കൺടാജിയോൺ' 135 മില്യൺ ഡോളർ ബോക്സ് ഓഫീസ് വരുമാനം നേടി.

എന്തായാലും, ചിത്രം റിലീസായി ഒൻപതു വർഷമാകുന്ന വേളയിൽ 2020-ൽ ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പരിഭ്രാന്തിക്കിടയിൽ ലോകമെങ്ങുമുള്ളവർ 'കൺടാജിയോൺ' എന്ന സിനിമ തപ്പിയെടുത്ത് കാണുകയും ചർച്ച ചെയ്യുകയുമാണ്.