• 20 Oct 2018
  • 04: 28 AM
Latest News arrow

ചെന്നൈ എയര്‍പോര്‍ട്ടില്‍ ഫേസ് റെക്കഗ്നിഷന്‍ ചെക്ക് ഇന്‍ സംവിധാനം വരുന്നു..

ചെന്നൈ :  ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെന്നൈ വിമാനത്താവളത്തില്‍ ഫേസ് റെക്കഗ്നിഷന്‍ ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.യാത്രക്കാരുടെ മുഖവും ടിക്കറ്റിലെ ക്യു ആര്‍ കോഡും  സ്‌കാന്‍ ചെയ്തതിനു ശേഷം അതത് ഗേറ്റുകളിലേക്ക് പ്രവേശനം നല്‍കുന്ന സംവിധാനമാണിത്.

ഇതോടെ ബോര്‍ഡിംഗ് പാസ്സിനായുളള നീണ്ട ക്യൂ ഒഴിവാകും. അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് എ.ഐ.എ അധികൃര്‍ പറഞ്ഞു.എല്ലാ ടെര്‍മിനലുകളിലും ക്യാമറകളും സ്‌കാനറുമുളള ഇ.ഗേറ്റുകള്‍ സ്ഥാപിക്കും.സുരക്ഷ പരിശോധനക്കു ശേഷം ഇ ഗേറ്റുകളിലെത്തി മുഖവും ടിക്കറ്റും സ്‌കാന്‍ ചെയ്യണം.ടിക്കറ്റിലെ വിവരങ്ങളും ഫേസ് റെക്കഗ്നിഷന്‍ വിവരങ്ങളും താരതമ്യം ചെയ്ത ശേഷം ഓട്ടോമാറ്റിക്കായി ബോര്‍ഡിംഗ് പാസുകള്‍ ലഭിക്കും.യാത്രക്കാരുടെ സമയം ലാഭിക്കാനും സുരക്ഷ ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.കൂടാതെ വ്യാജ ടിക്കറ്റുകളും ബോര്‍ഡിംഗ് പാസുകളും  ഉപയോഗിക്കുന്നത് തടയാനും കഴിയും.ഇന്ത്യയില്‍ കൊല്‍ക്കത്ത,വാരണാസി,വിജയവാഡ,പൂണെ തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ പരീക്ഷിച്ചതിനു ശേഷമാണ് ഇ ഗേറ്റ് ഇന്ത്യയില്‍ സ്ഥാപിക്കുന്നത്.
പുതിയ സംവിധാനം ഏര്‍പ്പെടുത്തിയാലും പരമ്പാരാഗത ബോര്‍ഡിംഗ് പാസ് കൗണ്ടറുകള്‍ നിര്‍ത്തലാക്കില്ല.ഓരോ എയര്‍പോര്‍ട്ടിലും വ്യത്യസ്ത കമ്പനികള്‍ക്കാവും നിര്‍മ്മാണ കരാര്‍ നല്‍കുക.ജെറ്റ് എയര്‍വെയ്‌സ്,എയര്‍ ഏഷ്യ,സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ യാത്രക്കാര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ ഗേറ്റ് ഉപയോഗിക്കാന്‍ സാധിക്കുക.