ബോയിംഗിന്റെ വിമാന സോഫ്റ്റ്വെയറിനെതിരെ എത്യോപ്യന്‍ എയര്‍ലൈന്‍സ്

ബോയിംഗിന്റെ പുതിയ വിമാന സോഫ്റ്റ്വെയറിനെതിരെ എത്യോപ്യന്‍ എയര്‍ലൈന്‍സ്. ബോയിംഗ് 737 മാക്സില്‍ ഉപയോഗിച്ച 'മാന്വോവര് കാരക്റ്ററസ്റ്റിക്സ് ഓഗ്മെന്റേഷന് സിസ്റ്റം' (എം.സി.എ.എസ്) എന്ന പുതിയ സോഫ്റ്റ് വെയറിനെതിരെയാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വിമാനം പറത്തുമ്പോള്‍ അതിന്റെ മുന്‍ഭാഗം താഴ്ത്തുന്ന സോഫ്റ്റ് വെയറിനെക്കുറിച്ച് പൈലറ്റ്മാര്‍ക്ക് ബോയിംഗ് വിവരം നല്‍കിയിരുന്നോ എന്ന് കമ്പനി വൃത്തങ്ങള്‍ ചോദിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 10ാം തിയ്യതിയുണ്ടായ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തില്‍ 157 പേര് മരിച്ചിരുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന് തുടര്‍ച്ചയായി സംഭവിക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇക്കാരണത്താല്‍ ലോകമെമ്പാടുമുള്ള ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
ചരിത്രത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് ബോയിംഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബോയിംഗിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത നഷ്ടം നേരിടേണ്ടിവന്നു. വിഷയത്തില്‍ ഇതുവരെ ബോയിംഗ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. വിമാനാപകടം സംഭവിക്കുമ്പോള്‍ വിമാന സര്‍വ്വീസ് കമ്പനിക്ക് മാത്രം ഉത്തരാവാദിത്തം നല്കുന്ന ഇന്റര്‍നാഷണല്‍ സിവില്‍ ഏവീയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബോയിംഗ് സംഭവത്തിന്റെ പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്.
ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത കമ്പനിയാണ് തങ്ങളുടേതെന്നും മികച്ച പരിശീലനം നല്‍കിയാണ് പൈലറ്റുമാരെ നിയോഗിക്കാറുള്ളതെന്നും ഇവര്‍ അവകാശപ്പെടുന്നു. അപകടത്തിന്റ ഉത്തരവാദിത്തം ബോയിംഗിനാണെന്നാണ് കമ്പനിയുടെ വാദം.