മൃദു ഹിന്ദുത്വ നിലപാടിലേക്ക് സിപിഎം; വിഎസിന് ആറാട്ടുമുണ്ടന്റെ വേഷം

കാലം മാറുമ്പോള്‍ കോലവും മാറണമെന്നത് നാട്ടുപഴമൊഴി മാത്രമല്ലെന്നും അത് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ടെന്ന് ഇനി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിശദീകരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. വോട്ട് ബാങ്ക് തന്നെയാണ് കമ്മ്യൂണിസ്റ്റ് അടക്കമുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്ഷ്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹിന്ദു ഏകീകരണവും ഹിന്ദുക്കളുടെ ചൂണ്ടുവിരലില്‍ പതിയുന്ന മഷി ബിജെപിയുടെ വെന്നിക്കൊടി പാറിക്കാനുള്ളതുമായിരിക്കണം എന്നതാണ് ബിജെപിയുടെ അജണ്ട. മതേതരത്വം എന്ന് വിളിച്ച് പറഞ്ഞിട്ടാണെങ്കിലും വിശ്വാസികള്‍ക്ക് ചുക്കാന്‍ പിടിച്ച് വോട്ട് നേടലാണ് യുഡിഫിന്റെയും മുഖ്യ ഘടകകക്ഷിയായ കോണ്‍ഗ്രസിന്റെയും ലക്ഷ്യം. മതേതരത്വവും വര്‍ഗീയ പാര്‍ട്ടികളെ ഒറ്റപ്പടുത്തലുമൊക്കെയായിരുന്നു ഇതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ബിജെപി ഹിന്ദുത്വ വാദം തീവ്രമാക്കുകയും അതിനനുസരിച്ച് സിപിഎം മൃദുഹിന്ദുത്വ സമീപനത്തിലേക്കും നീങ്ങുന്നുണ്ടെന്ന് സംശയിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ കുറ്റം പറയാനാവില്ല.
വയലാറിലെ വീര പുരുഷന് എന്നൊക്കെ വാഴ്ത്തിപ്പാടിയ, തനിക്ക് ദൈവവിശ്വാസമില്ലെന്ന് കിട്ടിയ അവസരത്തിലൊക്കെ വിളിച്ചു പറഞ്ഞ വിഎസ് പുതുവര്‍ഷാരംഭത്തില്‍ തന്നെ ചെയ്യുന്ന ഉദ്ഘാടന കര്‍മ്മം സിപിഐമ്മിന്റെ പുതിയ നിലപാടിന്റെ തുറന്നു പറച്ചില് കൂടിയാണ്. തൃശ്ശൂര്‍ തൃക്കൂരിലെ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര സമര്‍പ്പണത്തിനാണ് വിഎസ് ജനുവരി നാലിന് എത്തുന്നത്. ശബരിമലയും അയ്യപ്പന്മാരുടെ തീര്‍ത്ഥാടനവുമൊക്കെ കേരളപിറവിയ്ക്ക് മുമ്പേ തന്നെ ഉണ്ടായിരുന്നെങ്കിലും ഭക്തരുടെ കാര്യം പാര്‍ട്ടിയ്ക്ക് ഇപ്പോഴാണ് ചിന്ത ഉണ്ടായത്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഹെല്പ് ഡെസ്ക് തുറന്നിരിക്കുകയാണ് പാര്‍ട്ടി. തീര്‍ത്ഥാടനപാതകളില്‍ ഭക്ഷണവും വൈദ്യ സഹായവും ഒരുക്കികൊണ്ട് സിപിഎം സഖാക്കള്‍ അയ്യപ്പന്മാര്ക്കായി കാത്തിരിക്കുകയാണ്. പറശ്ശിനിക്കടവ് മുത്തപ്പനെ നേരത്തെ തന്നെ സഖാവ് ആക്കിയതിനാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പേ തന്നെ ശ്രീമതി ടീച്ചര്‍ മുത്തപ്പ സന്നിധിയില്‍ എത്തിയിരുന്നു. അന്ന് അത് പത്രങ്ങളില്‍ വെണ്ടക്ക നിരത്തി ആഘോഷിച്ചു. ഇനി അതിന്റെ ആവശ്യമില്ല, സഖാക്കളും ഹിന്ദു ദൈവങ്ങളും തമ്മിലുള്ള അന്തര്‍ധാര സജീവമാകുകയാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ, ദാസ് ക്യാപിറ്റലോ ഒന്നും പലപ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റിനെ നിര്‍വ്വചിക്കാന്‍ പര്യാപ്തമല്ലെന്ന് പാര്‍ട്ടിയുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ പറയേണ്ടിവരും. ഉത്തരമലബാറിലെ പല ഹിന്ദു ക്ഷേത്രങ്ങളിലും ഭരണം കൈയ്യാളുന്നത് കമ്യൂണിസ്റ്റ് നേതാക്കളാണ്. അത് പരസ്യമായ രഹസ്യമായിരുന്നവെങ്കില് ഇനി അതിന് പരസ്യമായി പാര്‍ട്ടിയുടെ പിന്തുണയും ഉറപ്പാക്കാനാണ് വിഎസിന്റെ നീക്കം. പലപ്പോഴും നാട്ടിന് പുറത്തെ ചായക്കട ചര്‍ച്ചകളില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ മറ്റ് പാര്ട്ടിക്കാര് ഈ ഭിന്ന നിലപാടിന്റെ പേരില്‍ അവഹേളിക്കാറുണ്ട്. ഇനി അതിന് തരമില്ല, പാര്‍ട്ടിതന്നെ ഇടപെട്ട് വിഎസിനെ ഹിന്ദുത്വ നിലപാടിന് ആറാട്ടുമുണ്ടന് ആക്കുകയാണ്. വിഎം സുധീരനെതിരെ ഒരിക്കല്‍ വിഎസ് പ്രയോഗിച്ച ആറാട്ടുമുണ്ടന് പ്രയോഗം ഇനി അദ്ദേഹത്തിനും ചേരും. ആഭ്യന്തര മന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും തിരക്കുകള്‍ കാരണം നിരസിച്ച ഊട്ടുപുര സമര്‍പ്പണത്തിന് വിഎസിന് നറുക്കു വീണത് യാദൃശ്ചികമെന്ന് കരുതാനാവില്ല. ക്ഷേത്ര ഭരണത്തില്‍ സംഘപരിവാറും സിപിഎമ്മും തര്ക്കിക്കുന്നതിനിടയ്ക്കാണ് വിഎസ് ഇതിനിടയിലേക്ക് എത്തുന്നത്.മതിക്കുന്ന് ക്ഷേത്രത്തിലെ പരിപാടിയില്‍ വിഎസ് പങ്കെടുക്കുന്നതിന് ജില്ലാ നേതൃത്വവും പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.
വേലയും തൃക്കാര്‍ത്തികയും ആനയൂട്ടും പൊങ്കാലയും തുടങ്ങി വര്‍ഷത്തില്‍ നിരവധി ആഘോഷങ്ങളുള്ള ക്ഷേത്രത്തില്‍ ഹൈന്ദവാചാര പ്രകാരമാണ് പൂജാവിധികള്‍. എന്നിരുന്നാലും ഇതര മതസ്ഥര്‍ക്കും പ്രവേശമുണ്ടെന്നത് ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ഇത് തന്നെയായിരിക്കണം വിമര്‍ശകരുടെ വായടപ്പിക്കാന്‍ സിപിഎം മുന്നോട്ടു വയ്ക്കുന്നതും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ