• 03 Feb 2023
  • 10: 03 PM
Latest News arrow

ഹെപ്പറ്റൈറ്റിസ് ബി തടയാന്‍ ഇന്ത്യ നടപടി സ്വീകരിച്ചില്ലെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

ജെനീവ: ഇന്ത്യയില്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇത്  മറികടക്കുന്നതിനായി ഇന്ത്യ ഒന്നും ചെയ്തില്ലെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയില്‍ നാല് മുതല്‍ ആറ് കോടി വരെയുള്ള ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി വൈറസ് വാഹകരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ചില്‍ രണ്ട് ഭാഗവും ഹെപ്പറ്റൈറ്റിസ് ബാധിച്ചവരുമാണ്. ഇതിന് പുറമേ രാജ്യത്ത് ഒരു ലക്ഷത്തോളം ആളുകള്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് (ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി) ബാധിച്ച് മരണമടയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോളതലത്തില്‍ പകര്‍ച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിന് സ്വീകരിച്ച മാനദ്ണ്ഡങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കൂടാതെ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് എത്ര പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ടെന്നോ, അതുകൊണ്ട് എത്ര പേര്‍ മരണപ്പെടുന്നുണ്ടെന്നോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. പ്രാദേശിക തലത്തിലെ കണക്കുകള്‍ പരിശോധിച്ച് ലോകാരോഗ്യ സംഘടന എസ്റ്റിമേറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഇതുമായി താരതമ്യപ്പെടുത്താന്‍ കാര്യമായ വിവരങ്ങളില്ലെന്ന് മുംബൈയിലെ കരള്‍മാറ്റ ശസ്ത്രക്രിയാ വിഭാഗം സര്‍ജന്‍ ഡോക്ടര്‍ രാകേഷ് രവി പറയുന്നു.

നിരവധി ജനറല്‍ ഡോക്ടര്‍മാര്‍ മഞ്ഞപ്പിത്ത രോഗനിര്‍ണ്ണയം നടത്തുന്നുണ്ടെങ്കിലും അത് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് കണ്ടെത്തുന്നത്. ഇതില്‍ എളുപ്പത്തില്‍ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവക്കാവശ്യമായ പ്രത്യേക രക്ത പരിശോധനകള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗത്തിനുള്ള ചികിത്സ നിര്‍ണ്ണയിക്കുന്നത് എന്നാല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസാണോ നോണ്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണോ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമവും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.  അതോടൊപ്പം ഹെപ്പറ്റൈറ്റിസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുമില്ല. പിന്നെ എങ്ങനെയാണ് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുകയെന്നും ഡോക്ടര്‍ രാജേഷ് രവി ആരായുന്നു.

രാജ്യത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണ്ണയം നടത്താന്‍ പര്യാപ്തമായ  ലബോറട്ടറികളില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ നടത്തുന്നതിനുള്ള സൗകര്യം മാത്രമേ രാജ്യത്ത് നിലവിലുള്ള ലബോറട്ടറികളിലുള്ളൂ. ഇവയുടെ കൃത്യത 80 ശതമാനം മാത്രമേയുള്ളൂ. ഇവയില്‍ 20 ശതമാനത്തോളം വൈറസുകളും കണ്ടെത്താനാവാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് രോഗം പകര്‍ന്ന് കഴിഞ്ഞ് നാല് മുതല്‍ ആറ് വരെയുള്ള ആഴ്ചകള്‍ക്ക് ശേഷം മാത്രമേ ബി, സി വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് കണ്ടെത്താന്‍ സാധിക്കൂ. രക്ത പരിശോനക്കുള്ള ഉയര്‍ന്ന നിലവാരമുള്ള എന്‍എടി പരിശോധന സംവിധാനമാണ് ഇതിന് അനിവാര്യം. എന്നാല്‍ രാജ്യത്തെ ഏറെക്കുറച്ച് പത്തോളജി ലബോറട്ടറികളില്‍ മാത്രമേ എന്‍എടി പരിശോധനാ സംവിധാനങ്ങളുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വൈറല്‍ ഹെപ്പറ്റൈറ്റിസ് തടയുന്നതിനായി രാജ്യത്തിന് ദേശീയാരോഗ്യ ഗവേഷണ അജന്‍ഡകളൊന്നുമില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് വേണ്ട രീതിയിലുള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഹെപ്പറ്റൈറ്റിസ് എ, ഇ, ബി, സി തുടങ്ങിയവയുടെ പ്രാരംഭ ലക്ഷണമാണ്  മഞ്ഞപ്പിത്തം. അതിനാല്‍ മഞ്ഞപ്പിത്ത രോഗികള്‍ക്ക് കൂടുതല്‍ വിശദമായ രക്തപരിശോധന നിര്‍ദ്ദേശിച്ച്  പ്രാഥമിക ഘട്ടത്തില്‍ രോഗം കണ്ടെത്തിയില്ലെങ്കില്‍ രോഗം മൂലം കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണമടയാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.