അഴിമതി: ഫിഫ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; ഫുട്ബോള്‍ ലോകത്ത് ഞെട്ടല്‍

2018 ലെയും 22ലെയും ലോകകപ്പ് അനുവദിച്ച കാര്യത്തില്‍ ഉള്‍പ്പെടെ വമ്പിച്ച അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ ആറ് ഉദ്യോഗസ്ഥരെ സ്വിസ് പോലീസ് അറസ്റ്റു ചെയ്തു. ഫിഫ വൈസ് പ്രസിഡന്റ് ജെഫ്രി വെബ്ബ് ഉള്‍പ്പെടെയുള്ളവരെ പഞ്ചനക്ഷത്ര ഹോട്ടലായ ബൗര്‍ ഔ ലാക് ഹോട്ടലില്‍ വെച്ച് പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അമേരിക്കയില്‍ വിചാരണ ചെയ്യും. ഫിഫയുടെ ആസ്ഥാനം സ്യൂറിച്ചിലാണ്. വാര്‍ഷിക കോണ്‍ഗ്രസ്സ് ചേരാന്‍ ഒരുങ്ങവെയാണ് ഈ അറസ്റ്റ്. ഫിഫയുടെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റു രാജ്യങ്ങളിലെ അഞ്ച് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍ക്കും എതിരെയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് കേസ് എടുത്തിട്ടുള്ളത്.
ഇതിന് പുറമെ സ്വിസ് പോലീസ് ഫിഫ ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 2018 ലെയും 22ലെയും ലോകകപ്പ് വേദി നിശ്ചയിച്ച വോട്ടിംഗുമായി ബന്ധപ്പെട്ട് 10 ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് പോലീസ് ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വിസ് അധികൃതരും ക്രിമിനല്‍ കുറ്റം വിചാരണ ചെയ്യുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കും. അമേരിക്കയിലെ കേസും ഇതും വേറെയാണ്.
18ലെ ലോക കപ്പ് റഷ്യക്കും 22ലേത് ഖത്തറിനും ആണ് അനുവദിച്ചിരിക്കുന്നത്. ഇവ അനുവദിച്ചതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. വ്യാപാര ഇടപാടുകള്‍, സംപ്രേഷണാവകാശം തുടങ്ങിയ കാര്യത്തിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം തവണയും ഫിഫ ഭാരവാഹിയാകാന്‍ ശ്രമിക്കുന്ന പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ക്ക് പുതിയ സംഭവവികാസങ്ങള്‍ വലിയ തിരച്ചടിയാവും. വെള്ളിയാഴ്ച യാണ് തിരഞ്ഞെടുപ്പ്. ബ്ലാറ്റര്‍ക്ക് എതിരെ ആരോപണമില്ലെന്നും തിരഞ്ഞെടുപ്പ് മുന്‍ തീരുമാനപ്രകാരം നടക്കുമെന്നും ഫിഫ വക്താവ് വാള്‍ട്ടര്‍ ഡി ഗ്രിഗോറിയോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോര്‍ഡാനിലെ അലി ബിന്‍ അലി ഹുസൈന് രാജകുമാരനാണ് ബ്ലാറ്റര്‍ക്കെതിരെ മത്സരരംഗത്തുള്ള ഒരേയൊരാള്‍. മുന്‍ പോര്‍ച്ചുഗല്‍ താരം ലൂയി ഫിഗോ ഉള്‍പ്പെടെ ഏതാനും പേര് തുടക്കത്തില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും അവരൊക്കെ പിന്‍വാങ്ങി.
രണ്ട് ദശാബ്ദക്കാലമായി അഴിമതി നടന്നുവരുന്നുണ്ട് എന്നാണ് അമേരിക്കയുടെ എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റം ചമുത്തിയിരിക്കുന്നത്. ഫിഫ അധികൃതര്‍ക്ക് പുറമെ അമേരിക്കയിലെയും തെക്കെ അമേരിക്കയിലെയും സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളാണ് പ്രതികള്‍. ഇവര്‍ മീഡിയ അവകാശങ്ങള്‍ക്കു വേണ്ടി കൈക്കൂലിയായും കമ്മീഷനായും 15 കോടി ഡോളര്‍ (ഏതാണ്ട് 945 കോടി രൂപ) ഫിഫ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അമേരിക്കന്‍ നീതിന്യായ വകുപ്പാണ് കേസ് എടുത്ത് അമ്പേഷിച്ചു വരുന്നത്. അമേരിക്കയുമായി ഏതെങ്കിലും തരത്തില്‍, ബാങ്കു വഴിയോ ഇന്റര്‍നെറ്റ് സേവനദാതാവ് വഴിയോ ബന്ധമുള്ള കേസാണെങ്കില്‍ അവിടത്തെ നിയമപ്രകാരം അവരുടെ നീതിന്യായ വകുപ്പിന് ഇടപെടാം. ഇതനുസരിച്ചാണ് എഫ്ബിഐ അമ്പേഷണം നടത്തിയത്. അമേരിക്കയുമായുള്ള കരാറനസരിച്ച് നികുതി സംബന്ധിച്ച കേസില്‍ സ്വിസ്റ്റര്‍ലണ്ട് കുറ്റവാളികളെ കൈമാറ്റം ചെയ്യേണ്ടതില്ലെങ്കിലും മറ്റ് ക്രിമിനല്‍ കുറ്റങ്ങളില്‍ അവര്‍ കേസിലെ പ്രതികളെ കൈമാറാറുണ്ട്.
വമ്പിച്ച പണം വരവുള്ള സംഘടനയാണ് ഫിഫ. എന്നാല്‍ അവിടെ തീരുമാനങ്ങളും നടപടികളും സുതാര്യമായല്ല കൈക്കൊള്ളുന്നത് എന്നത് മുമ്പേയുള്ള ആരോപണമാണ്. വടക്കെ അമേരിക്കയും മധ്യഅമേരിക്കയും കരീബിയനും ഉള്‍പ്പെടുന്ന കോണ്‍കകാഫ് മേഖലയെ സംബന്ധിച്ചുള്ള ആരോപണങ്ങളാണ് എഫ്ബിഐ കുടുതലായും അമ്പേഷിച്ചത്. ഫിഫയുടെ ആറ് മേഖലാ സംഘനകളില്‍ ഒന്നാണിത്. ചുരുങ്ങിയത് മൂന്നു വര്‍ഷമായി എഫ്ബിഐ സംഭവങ്ങള്‍ അമ്പേഷിച്ചു വരികയായിരുന്നു