• 11 Dec 2018
  • 06: 59 AM
Latest News arrow

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി അറബി കടലിലേക്ക്; അതീവ ജാഗ്രതയില്‍ കേരളം

ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട് അറബികടലിലേക്ക് നീങ്ങിയതോടെ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. തിരുവന്തപുരം, ആലപ്പുഴ, എറണാംകുളം ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പുനരധിവാസത്തിനുള്ള കേന്ദ്രങ്ങള്‍ തയ്യാറാക്കി വെയ്ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കോസ്റ്റ്ഗാര്‍ഡിന്റെ ആറ് കപ്പലുകളും നാല് വിമാനങ്ങളും തുറമുഖങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഏത് അടിയന്തിരസാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന് ദക്ഷിണ നാവികസേന കമാന്‍ഡര്‍ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പോലീസ് പൂര്‍ണ്ണ സജ്ജമാണെന്ന് ഡിജിപിയും അറിയിച്ചു. എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അടിയന്തിരഘട്ടങ്ങളെ നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ റദ്ദാക്കി. 

കേരള തീരത്ത് അതിശക്തമായ ചുഴലി കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു. 

കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിവേഗം ശക്തി പ്രാപിക്കുകയാണ്. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. തിരവന്തപുരത്തുനിന്നും തെക്കു പടിഞ്ഞാറ് മാറി 391 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദ പാത്തി. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. കേരള തീരത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കടലില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെ ആവാന്‍ സാധ്യതയുണ്ട്. തിരകള്‍ മൂന്ന് മീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ട്. 

മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും, ലക്ഷദ്വീപിന് കിഴക്കും, കന്യാകുമാരിക്കും, തിരുവനന്തപുരത്തിനും പടിഞ്ഞാറും, മാലീ ദ്വീപിന് സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യ ബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിനു നാളെ വരെ പ്രാബല്യം ഉണ്ടായിരിക്കും. തെക്കന്‍ കേരളത്തില്‍ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കുവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.