• 30 Nov 2020
  • 12: 55 PM
Latest News arrow

കപട സദാചാരബോധത്തിനു നേരെ പിടിച്ച കണ്ണാടിയായി 'വിശുദ്ധരാത്രികൾ '

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈൻ ആർട്സ് വിഭാഗം ഡീനുമായ ഡോക്ടർ എസ്. സുനിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിശുദ്ധരാത്രികൾ' (Moral Nights). ജാതീയതയേയും അപകടകരമായ സാന്മാർഗികതയേയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകൾ പറയുന്ന ഒരു ചലച്ചിത്ര സമാഹാരമാണിത്.

നമുക്ക് ചുറ്റുമുള്ള ജീവിതസാഹചര്യങ്ങളിൽ നിന്ന്  കണ്ടെത്തിയ സംഭവങ്ങളാണ്  'വിശുദ്ധരാത്രികൾ ' എന്ന ചിത്രത്തിനു വിഷയമാകുന്നതെന്നും സമൂഹത്തിന്റെ കപട സദാചാരബോധത്തിനു നേരെ പിടിച്ച കണ്ണാടിയാണ്  'വിശുദ്ധരാത്രികൾ ' എന്നും അണിയറപ്രവർത്തകർ പറയുന്നു. അഞ്ചു രാത്രികളിലായി സംഭവിക്കുന്ന ചില കാര്യങ്ങളെ വിമർശനാത്മകമായ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചലച്ചിത്രത്തിൽ.

ട്രാൻസ്‌ജൻഡേഴ്സിന്റെ ജീവിതാനുഭവം പറയുന്നതാണ് അഞ്ചു കഥകളിലൊന്ന്. ഈ കഥയിൽ ട്രാൻസ്‌ജൻഡേഴ്സ് ആയ ശീതൾ ശ്യാം, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നിവർ തന്നെ  കഥാപാത്രങ്ങളായി എത്തുന്നുവെന്നത് പ്രത്യേകതയാണ്.

സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ശ്രീജയ നായർ, ശരത് സഭ തുടങ്ങി മലയാള ചലച്ചിത്ര-നാടക മേഖലയിലെ കലാകാരൻമാർക്കു പുറമെ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കൾ, നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ പ്രിയങ്ക പഥക്, കണ്ണനുണ്ണി, ചലച്ചിത്ര-നാടക സംവിധായകനായ ഡോ. തുളസീധരക്കുറുപ്പ്, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, സ്കൂൾ ഓഫ് ഡ്രാമ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഷിബു എസ് കൊട്ടാരം, വിനോദ് നാരായൺ തുടങ്ങിയവരും വിശുദ്ധരാത്രികളിൽ അഭിനയിക്കുന്നു.

ദേശീയ അവാർഡു ജേതാവായ ക്യാമറാമാൻ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.  ലൈവ് സൗണ്ട് റെക്കോർഡിംഗ് ചെയ്തിട്ടുള്ള  ഈ സിനിമയുടെ ശബ്ദസംവിധായകൻ നിരവധി ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള  ടി. കൃഷ്ണനുണ്ണിയാണ്. എഡിറ്റിംഗ് വിജി എബ്രഹാം നിർവ്വഹിക്കുന്നു. കവി അൻവർ അലിയാണ് ചിത്രത്തിനു സംഗീതം നൽകിയിട്ടുള്ളത്.

വാഗമൺ, തൊടുപുഴ, എന്നിവയ്ക്കു പുറമെ കൊൽക്കത്തയും പ്രധാന ലൊക്കേഷനായാണ്  സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഫിലിം നൊമാഡ്സ്, പോത്തുട്ടൻസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് കാഞ്ഞിരക്കാടൻ, ലതീഷ് കൃഷണൻ, ജയ്സൺ മാത്യു എന്നിവരാണ് പോത്തുട്ടൻസ് പ്രൊഡക്ഷൻസിന്റെ പിന്നണിയിൽ. ചരിത്രാദ്ധ്യാപികയായ റീന റ്റീ.കെ,  നാടകനടനായ സുധി പാനൂർ, ചലച്ചിത്ര സംവിധായകനായ എബ്രു സൈമൺ, നാടക ഗവേഷകനായ ജെബിൻ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ്സിന്റെ അണിയറ പ്രവർത്തകർ.

കണ്ണപുരം ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച 'കളിയൊരുക്കം' എന്ന തന്റെ ആദ്യ ചിത്രത്തിന് 2007-ൽ കുട്ടികൾക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള  സംസ്ഥാന അവാർഡ് ഡോ. എസ് സുനിൽ നേടിയിരുന്നു. 2016-ൽ  രണ്ടാമത്തെ ചിത്രമായ 'മറുഭാഗ'ത്തിന്  പതിനെട്ടാമത് ജോൺ എബ്രഹാം സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ക്ഷണിക്കപ്പെട്ട സദസ്സിനുമുൻപാകെ വിശുദ്ധരാത്രികളുടെ പ്രത്യേക പ്രദർശനം നടന്നു.