• 14 Dec 2018
  • 03: 17 AM
Latest News arrow

'കബാലി' - ആരോഹണാവരോഹണക്രമത്തില്‍ ചലിക്കുന്ന ഒരു ചിത്രം

തന്റെ മാനറിസങ്ങള്‍ ഉപേക്ഷിച്ച് അഭിനയത്തില്‍ മിതത്വം പുലര്‍ത്തുകയാണ് രജനീകാന്ത്

രജനീകാന്തിന്റെ അമാനുഷികകഥാപാത്രങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി തമാശകള്‍ ഇപ്പോഴത്തെ സൈബര്‍യുഗത്തില്‍ പ്രചരിക്കുന്നുണ്ട്. ഈ തമാശകളുണ്ടായത് 41 വര്‍ഷത്തെ അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രകളെ അടിസ്ഥാനമാക്കിയാണ്.തനിക്കുമാത്രം അവകാശപ്പെട്ട ശരീരഭാഷയുമായി 1975 ഓഗസ്റ്റ് 18ന് കെ.ബാലചന്ദറിന്റെ 'അപൂര്‍വരാഗങ്ങള്‍' എന്ന സിനിമയില്‍ വില്ലനായി കയറിയ  ശിവാജി റാവു ഗെയ്ക്‌വാദ് , 41 വര്‍ഷങ്ങള്‍ക്കിപ്പുറം 'കബാലി' യില്‍ വന്നിറങ്ങുമ്പോഴേക്കും രജനീകാന്ത് എന്നൊരു ആരാധനാമൂര്‍ത്തി ഉരുവപ്പെട്ടുകഴിഞ്ഞിട്ടുണ്ട് . ഈ 41  വര്‍ഷങ്ങള്‍ക്കിടയിലെപ്പോഴോ ആണ് ലോകമെങ്ങുമുള്ള ആരാധകര്‍ തലൈവനായി അദ്ദേഹത്തിന്റെ ബിംബം മനസ്സില്‍  പ്രതിഷ്ഠിച്ച് പൂജകള്‍ ആരംഭിക്കുവാന്‍ തുടങ്ങിയത്. നിത്യജീവിതത്തില്‍ , പച്ചമനുഷ്യനായ, ആദ്ധ്യാത്മികവാദിയായ  ശിവാജി റാവു ഗെയ്ക്‌വാദ് ആയിരിക്കുകയും വെള്ളിവെളിച്ചത്തില്‍ രജനീകാന്തെന്ന നടന്റെ ചടുലവേഗമുള്ള 'സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ കഥാപാത്ര'മാവുകയും  ചെയ്യുന്ന പരകായപ്രവേശവിദ്യ കണ്‍ചിമ്മാതെയാണ് അവര്‍ കാണാറുള്ളത്. 

'Say no to piracy. Please don't download the internet from Kabali ' കബാലിയുടെ വ്യാജപതിപ്പ് നെറ്റില്‍ പ്രത്യക്ഷപ്പെട്ടു എന്നറിഞ്ഞയുടനെ പുറത്തുവന്ന തമാശയാണ് ഇത് . 'കബാലിയില്‍ നിന്നും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് ചെയ്യരുത് ' എന്ന ഈ താക്കീത് രജനീകാന്തെന്ന അമാനുഷനെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. പക്ഷേ , ഇനി ഇത്തരം അമാനുഷികപ്രവൃത്തികള്‍ക്കും തമാശകള്‍ക്കും  നിന്നുതരാന്‍  ഞാനില്ല എന്ന സന്ദേശമാണ് 'കബാലി 'യിലൂടെ രജനീകാന്ത് പുറത്തുവിടുന്നത്. പുതിയ കാലത്ത് ഇനിയുമൊരങ്കത്തിന് ബാല്യം നഷ്ടപ്പെട്ടുവെന്ന്  സ്വയം തിരിച്ചറിഞ്ഞ സൂപ്പര്‍സ്റ്റാര്‍ താന്‍ ഒരുക്കിയ പാതയില്‍ നിന്നും തിരിച്ചുനടക്കുന്ന കാഴ്ചയാണ് 'കബാലി ' യില്‍ കാണാനാവുക. തന്റെ മാനറിസങ്ങള്‍  ഉപേക്ഷിച്ച് അഭിനയത്തില്‍  മിതത്വം പുലര്‍ത്തുകയാണ് രജനീകാന്ത് .

കഥ പഴയതുതന്നെ. പ.രഞ്ജിത് എന്ന യുവസംവിധായകന്‍ ആ കഥ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വൃത്തിയായി പുതിയതലമുറയ്ക്കു വേണ്ടി പറയുന്നു എന്നതൊഴിച്ചാല്‍ അത്ഭുതങ്ങളൊന്നും കരുതി വച്ചിട്ടില്ല . രജനീകാന്തിനെക്കുറിച്ചുള്ള വാട്‌സാപ്പ് തമാശകള്‍ വായിച്ച് , അദ്ദേഹത്തിന്റെ  പഴയചിത്രങ്ങളൊന്നും  കാണാതെ കബാലി കാണാന്‍ പോകുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് മുന്നറിയിപ്പ് . 

 25 വര്‍ഷങ്ങള്‍ മലേഷ്യന്‍ ജയിലില്‍ കഴിഞ്ഞ കബാലീശ്വരന്‍ എന്ന കബാലി പുറത്തിറങ്ങുകയാണ് . തമിഴ്‌നാട്ടില്‍നിന്നും മലേഷ്യയില്‍ കുടിയേറി തോട്ടങ്ങളില്‍ ചോരനീരാക്കി പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത പൂര്‍വ്വികരുടെ പിന്‍ഗാമിയാണ് കബാലി. തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുകയും നന്മക്കുവേണ്ടിനിലകൊള്ളുന്ന ഒരു സംഘത്തിന്റെ തലവനാവുകയും ചെയ്യുന്നതോടെ തിന്മക്കുവേണ്ടി നിലകൊള്ളുന്ന '43 ' എന്നറിയപ്പെടുന്ന മറ്റൊരു  സംഘത്തിന്റെ കണ്ണിലെ കരടാകുന്നു. ഒരുകൂട്ടക്കൊലയിലൂടെ കബാലിയുടെ കുടുംബത്തെയും മറ്റും വകവരുത്തി കബാലിയെത്തന്നെ ജയിലിലയക്കുകയാണ് ആ സംഘം. പുറത്തിറങ്ങുന്ന കബാലിക്ക് രണ്ടു കാര്യങ്ങളാണ് ചെയ്തുതീര്‍ക്കേണ്ടത്. ഒന്ന് , താന്‍ 25 വര്‍ഷം മുന്‍പേ   ജയിലില്‍ പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കണ്ടെത്തുക. രണ്ട് , തിന്മ ചെയ്യുന്ന സംഘത്തെ  ഇല്ലാതാക്കുക. ഈ യാത്രക്കിടയില്‍ കബാലിക്ക് മകളെ തിരിച്ചുകിട്ടുന്നു ; താമസംവിനാ ഭാര്യയെയും. അങ്ങനെ കുടുംബം വീണ്ടും ഒത്തു ചേരുമ്പോഴേക്കും തിന്മയുടെ മൂര്‍ത്തിമദ്ഭാവമായ വില്ലന്‍ ടോണി ലീ യുടെ വില്ലത്തരങ്ങള്‍ പരമകാഷ്ഠയിലെത്തുന്നു .  പിന്നെ നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം. പതിവുപോലെ നന്മ വിജയിക്കുന്നു. എന്നാല്‍ ക്ലൈമാക്‌സ് കഴിഞ്ഞ്  ടെയ്ല്‍ എന്‍ഡില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ പ്രേക്ഷകനോട് പറയുകയാണ് . കബാലിയെ വീണ്ടും കൊണ്ടുവരേണമോ  ഇവിടെത്തന്നെ അവസാനിപ്പിക്കേണമോ എന്ന ആശയക്കുഴപ്പത്തിലാണ് ആ ടെയ്ല്‍ എന്‍ഡ് രൂപപ്പെട്ടതെന്ന് തോന്നുന്നു. രജനീകാന്ത് ഇനി അമാനുഷകഥാപാത്രങ്ങളെ വിട്ട് വേണമെങ്കില്‍ ക്യാരക്ടര്‍ റോളുകളിലേക്ക് തിരിയുന്നതാവില്ലേ ഉചിതം എന്നൊരു ചോദ്യചിഹ്നം പ്രേക്ഷകന് മുന്‍പില്‍ അവശേഷിപ്പിക്കുന്നുണ്ട് ഇത് .

മലേഷ്യന്‍ ജയിലിനുള്ളില്‍ വൈ. ബി. സത്യനാരായണ എന്ന ദളിത് ചിന്തകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്ന കബാലീശ്വരനിലൂടെയാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ എന്‍ട്രി . മിതമായി മാത്രമേ കബാലി സംസാരിക്കുന്നുള്ളൂ .എന്നാല്‍  ഫ്രീ ലൈഫ് ഫൗണ്ടേഷന്‍ സ്‌കൂളിലെ പുതുതലമുറയിലെ കുട്ടികളോട് അദ്ദേഹം സംസാരിക്കുമ്പോള്‍ വാചാലനാവുകയും തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തമിഴ്മക്കള്‍ എന്ന  ദേശീയബോധവും  കറുപ്പിനെ വെറുക്കരുതെന്നുള്ള രാഷ്ട്രീയവും ഒക്കെ കുട്ടികളുമായി അദ്ദേഹം പങ്കുവെക്കുന്നു.  അടിമയും തൊഴിലാളിയും    മുഖ്യധാരയിലെത്തുമ്പോള്‍ പിന്നോട്ട് വലിക്കുന്നവരെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോട്ട് ധരിക്കുന്നതിലെ  രാഷ്ട്രീയം അദ്ദേഹം വെളിപ്പെടുത്തുന്നത് ഗാന്ധിജി ഒറ്റമുണ്ടുടുത്തപ്പോള്‍ അംബേദ്കര്‍ കോട്ടും സ്യൂട്ടും ധരിച്ചത്  ഉദാഹരിച്ചാണ് . അങ്ങനെ സ്വത്വബോധം ഉണര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചിത്രത്തില്‍ കാണാം . തന്റെ മുന്‍ ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ  'ആണത്തം'  കൊണ്ട് അടക്കിയൊതുക്കിയ രജനീകാന്ത് കഥാപാത്രമല്ല  ഈ ചിത്രത്തില്‍ . മറിച്ച്, തന്നോടൊപ്പമോ അതിനുമുകളിലോ സ്ത്രീകളെ പരിഗണിക്കുന്ന കഥാപാത്രത്തെയാണ് നാം കാണുക. 

മൂന്നു ഗെറ്റപ്പുകളിലാണ് രജനീകാന്ത് ഈ ചലച്ചിത്രത്തില്‍ എത്തുന്നത്. അതില്‍ താടിയില്ലാത്ത രണ്ടു ഗെറ്റപ്പുകളിലും രജനീകാന്തിന്റെ പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ മിന്നലാട്ടം കാണാം. കൈകൊണ്ട് ഒരു വശത്തേക്ക് മുടിയൊതുക്കി പ്രത്യേകരീതിയില്‍ നടന്നുപോകുന്ന 'യുവാവായ' രജനീകാന്തിന്റെ ദൃശ്യത്തില്‍  41 വര്‍ഷങ്ങള്‍ കടന്നുപോയത് പ്രേക്ഷകന് അനുഭവപ്പെടും. 

സംഭാഷണത്തിലെയും  നേര്‍വരയിലുള്ള  നടപ്പിലെയും ചടുലത,  മുകളിലേക്കെറിഞ്ഞ് തോക്കുകൊണ്ട്  വെടിവെച്ച് കത്തിച്ച്  ചുണ്ടിലേക്കു തിരികെ സിഗരറ്റ്എത്തിക്കുന്ന രജനി മാജിക്ക് , കയ്യില്‍ പിടിച്ച കൂളിങ് ഗ്ലാസ്സ് പ്രത്യേകരീതിയില്‍ ചുഴറ്റി  മുഖത്തെത്തിക്കുന്ന വിദ്യ, ധരിച്ചിരിക്കുന്ന കോട്ട് ശബ്ദത്തോടെ ഇരുവശത്തേക്കും മാറ്റുന്ന ആ രജനി സ്‌റ്റൈല്‍ .... ഇതെല്ലാം അന്യം നിന്നുപോവുകയാണെന്ന് 'കബാലി ' കണ്ടാല്‍ മനസ്സിലാകും. 

പ. രഞ്ജിത്ത് 'ദ ഹിന്ദു 'വിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത് കേള്‍ക്കുക:- 'രജനിയുടെ കബാലീശ്വരന് അദ്ദേഹം മുന്‍പ് അവതരിപ്പിച്ച ഏതെങ്കിലും കഥാപാത്രവുമായി സാദൃശ്യമുണ്ടെങ്കില്‍ അത് 1978ല്‍ പുറത്തിറങ്ങിയ 'മുള്ളും മലരും' എന്ന ചിത്രത്തിലെ 'കാളി' എന്ന കഥാപാത്രവുമായാണ് . എന്നെ അത്ഭുതപ്പെടുത്തിയ ഒരു സിനിമയായിരുന്നു അത്. ഒരു പുതിയ രജനിയെ സൃഷ്ടിക്കാനായില്ലെങ്കിലും  അതിലെ രജനിയെ പുന:സൃഷ്ടിക്കണമെന്നുണ്ടായിരുന്നു . ചിത്രം കണ്ട്   രജനി സാര്‍ എന്നോട് പറഞ്ഞത്  അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാത്തരം 'ക്ലീഷേ'കളെയും ഇത് പൊളിച്ചെന്നാണ് . ഉദാഹരണത്തിന് രജനി കഥാപാത്രങ്ങളുടെ നടപ്പിന്റെ വേഗം. ഞാന്‍ അദ്ദേഹത്തെ പതുക്കെ നടത്തിച്ചു.സ്‌ക്രീനിലെയും പുറത്തെയും രജനീകാന്ത് വളരെ വ്യത്യസ്തമാണ്. യഥാര്‍ഥ  രജനീകാന്തിനെ സ്‌ക്രീനിലെത്തിക്കാനായിരുന്നു എന്റെ ശ്രമം. 'കബാലി'യിലെ  ചില സംഭാഷണങ്ങളൊക്കെ അദ്ദേഹം പറഞ്ഞ് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ സിനിമാറ്റിക്കായി തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ അതല്‍പ്പം  കുറയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരിക്കല്‍  അദ്ദേഹം എന്നോട് പറഞ്ഞത് 'നാന്‍ നടികനേ ഇല്ലെങ്കെ'  എന്നാണ് . താനൊരു നടനേ അല്ല എന്ന്. എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതെന്ന്. അതിന് മറുപടിയായി ഞാന്‍ പറഞ്ഞത് 'സാര്‍ നിങ്ങളൊരു മികച്ച നടനാണ്, പക്ഷേ അത് നിങ്ങള്‍ മനസിലാക്കുന്നില്ല' എന്നാണ്.  എന്തായാലും  ബാലന്‍സ് ചെയ്യാന്‍  പ. രഞ്ജിത്ത്  ഏറെ പണിപ്പെടുന്നതായി ചിത്രം കാണുമ്പോള്‍ പ്രേക്ഷകന് അനുഭവപ്പെടും. ആരാധനാമൂര്‍ത്തിയായ രജനിയെയും അഭിനേതാവായ രജനിയെയും സമാസമം ചേര്‍ക്കാന്‍ സംവിധായകന്‍ നന്നേ പാടുപെട്ടിട്ടുണ്ട്. അതില്‍ അഭിനേതാവായ രജനി തന്നെയാണ്  മുന്നിട്ടുനില്‍ക്കുന്നത്.

അമിതാബ് ബച്ചനും ഷാന്‍ കോണറിയും പ്രേംനസീറുമൊക്കെ തലയും താടിയും നരച്ചപ്പോള്‍ തിരഞ്ഞെടുത്ത വഴിയിലേക്ക് തലൈവര്‍ പോകുമെന്ന് കരുതാനാവില്ല. എങ്കിലും ആരാധകര്‍ക്ക് വേണ്ടി അദ്ദേഹം വല്ലപ്പോഴും എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. ഒരുപക്ഷേ  അണിയറയില്‍ ഒരുങ്ങുന്ന 'യന്തിരന്‍ 2 ' അമാനുഷികനായ ആ രജനീകാന്തിനെ തിരിച്ചുകൊണ്ട് വരുമോ ? സൂപ്പര്‍മാന്റെ ഗുരുവായ , പ്രകാശത്തേക്കാള്‍ വേഗതയുള്ള, കൂളിങ് ഗ്ലാസ് വച്ച്  കണ്ണേറില്‍നിന്നു സൂര്യനെ രക്ഷിക്കുന്ന ,റിക്ടര്‍ സ്‌കെയിലില്‍ പള്‍സ് അളക്കുന്ന , പ്ലൂട്ടോയെ സിക്‌സറടിച്ച  ആ രജനിയെ ? ആരാധകര്‍ക്ക് ആവശ്യം അതാണെന്ന് ആരോഹണാവരോഹണക്രമത്തില്‍ 'കബാലി'എന്ന ചിത്രം ചലിക്കുമ്പോള്‍ തിയേറ്ററുകള്‍ പറയുന്നുണ്ട്.