• 26 May 2018
  • 07: 07 PM
Latest News arrow

വ്യഭിചരിക്കപ്പെട്ട ശാഖയാണ് മലയാളത്തില്‍ യാത്രാ വിവരണമെന്ന് ടി.പത്മനാഭന്‍

കോഴിക്കോട്:  ലിറ്ററേച്ചര്‍ ഫെസ്റ്റും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോല്‍സവവും വിവിധ പുസ്തകങ്ങളുടെ പ്രകാശനങ്ങളുമെല്ലാം കോഴിക്കോടിന്റെ സാംസ്‌കാരിക ലോകത്തെ അക്ഷര ലഹരിയിലാക്കി.കോഴിക്കോടിന്റെ കണ്ണും കാതും ഇപ്പോള്‍ ഫെസ്റ്റിവല്‍ വേദികളിലാണ്. ഡിസി കിഴക്കേ മുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ലിറ്ററേച്ചര്‍ ഫെസ്റ്റ് അഞ്ച് വേദികളിലായി നാല് ദിവസമായാണ് നടക്കുന്നത്. 

അരുന്ധതി റോയി, ടി പത്മനാഭന്‍, സച്ചിദാനന്ദന്‍, സാഗരിക ഘോഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ സാഹിത്യ നായകരെല്ലാം തുടക്കത്തിലേ ലിറ്റററി ഫെസ്റ്റിനെ സജീവമാക്കി. അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന പുതിയ പുസ്തകം അവരുടെ വാക്കുകളിലൂടെത്തന്നെ പരിചയപ്പെടുന്നതിനുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിച്ചത്. ദിവ്യ ദ്വിവേദിയുമായി നടത്തിയ മുഖാമുഖത്തില്‍ തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് അവര്‍ വാചാലയായി. സമൂഹത്തിലെ ഉന്നതര്‍, കീഴാളര്‍, ജാതിമത വ്യവസ്ഥകള്‍, ലിംഗ വിത്യാസം, രാഷ്ട്രീയം എന്നിവ തമ്മിലുള്ള ബന്ധമാണ് പുതിയ പുസ്‌കതമെന്ന് അരുന്ധതി റോയി പറഞ്ഞു. 
വ്യഭിചരിക്കപ്പെട്ട ശാഖയാണ് മലയാളത്തില്‍ യാത്രാ വിവരണമെന്ന് ടി.പത്മനാഭന്‍ അഭിപ്രായപ്പെട്ടു. വികലമായ യാത്രാ വിവരണങ്ങള്‍ കണ്ടാണ് താന്‍ യാത്രാ വിവരണം ഏഴുതേണ്ടെന്ന് തീരുമാനിച്ചത്. ഒരിയ്ക്കല്‍പ്പോലും യാത്ര പോവാതെയാണ് ചിലര്‍ യാത്രാ വിവരണങ്ങള്‍ എഴുതുന്നത്. ഔദ്യോഗിക ആവശ്യത്തിന് യാത്ര നടത്തി അതിനെ കുറിച്ച് പുസ്തകമെഴുതുന്നവരും മരുമകളുടെ പ്രസവ ശുശ്രൂഷയ്ക്കായി ആഫ്രിക്കയിലേക്ക് പോയി അതിനെക്കുറിച്ച് പുസ്‌കതമെഴുതിയവരുമെല്ലാം ഉണ്ട്. വിവരങ്ങള്‍ ശേഖരിച്ച് യാത്രാ വിവരണം തയ്യാറാക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെവി കുഞ്ഞിരാമന്റെ നയാഗ്രാ നിനവുകളില്‍ നീയും എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 

സിനിമാ സംവിധായകന്‍ ഹരിഹരന്റെ ഭാര്യ പിടി ഭവാനിയുടെ കവിതാസമാഹാരമായ സഹ്യമാനസം മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പ്രകാശനം ചെയ്തു. പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള കവിയുടെ പിടച്ചിലാണ് സഹ്യമാനസം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ കോപ്പി നടന്‍ വിനീത് ഏറ്റുവാങ്ങി.

അഞ്ജലി എ നായര്‍ രചിച്ച ഓള്‍ ഇസ് വിത്ത് യു, ഫെര്‍വര്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനത്തിനും കോഴിക്കോട് സാക്ഷിയായി. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. 
പാവമണി റോഡിലുള്ള പോലീസ് ക്ലബിലാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോല്‍സവം നടക്കുന്നത്. നൂറുകണക്കിന് പുസ്തകങ്ങളാണ് പുസ്തകോല്‍സവത്തെ ശ്രദ്ധേയമാക്കുന്നത്. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.